2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

ബംഗാളില്‍ തകര്‍ന്നുവീഴുന്ന ഫെഡറല്‍ ബന്ധങ്ങള്‍


ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കേന്ദ്ര- സംസ്ഥാന പോരിനു വേദിയായിരിക്കുകയാണിപ്പോള്‍ പശ്ചിമബംഗാള്‍. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പു കേസുകളില്‍ കൊല്‍ക്കത്ത സിറ്റി പൊലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലിസ് കസ്റ്റഡയിലെടുക്കുകയും തൊട്ടുപിറകെ കമ്മിഷണറുടെ വസതിയിലേക്കു കുതിച്ചെത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചുകൊണ്ട് കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തതോടെ ഭരണഘടനാ പ്രതിസന്ധിക്കു പോലും വഴിയൊരുക്കുന്ന സംഭവവികാസങ്ങള്‍ക്കാണ് തുടക്കമായത്. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് അവര്‍ ധര്‍ണയ്ക്കു തുടക്കമിടുക കൂടി ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നു മാത്രമല്ല ദേശീയതലത്തില്‍ പോലും മോദി സര്‍ക്കാരിനെതിരേ അതിശക്തമായ തോതില്‍ ശബ്ദമുയരുകയാണ്.
അവിടെയും നിന്നില്ല കാര്യങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരേ സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍, ശത്രുക്കള്‍ക്കു മുന്നില്‍ തലകുനിച്ചു ശീലിച്ചിട്ടില്ലാത്ത ബംഗാളികളുടെ ദീദി പൊലിസ് കമ്മിഷണറുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ സി.ബി.ഐ ജോയിന്റ് ഡയരക്ടര്‍ പങ്കജ് ശ്രീവാസ്തവയ്‌ക്കെതിരേ ഒരു തട്ടിപ്പു കേസില്‍ സംസ്ഥാന പൊലിസ് സമന്‍സ് അയക്കുക കൂടി ചെയ്തതോടെ കേന്ദ്ര- സംസ്ഥാന അങ്കം മുറുകുകയാണ്.
ആരോഗ്യകരമായ ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ബംഗാളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫെഡറല്‍ മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ള കേന്ദ്ര നടപടികളും അതിനെതിരേ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ തിരിച്ചടികളും ഇതിനു മുമ്പും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത്തരം സന്ദര്‍ഭങ്ങളിലെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികള്‍ കേന്ദ്ര നീക്കങ്ങളെ രാഷ്ട്രീയമായി തന്നെയാണ് പ്രതിരോധിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഒരു സംസ്ഥാന ഭരണകക്ഷി ഭരണകൂടത്തെ ഉപയോഗിച്ചു തന്നെ പ്രതിരോധിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുന്നത് ഇതാദ്യമായാണ്. കേന്ദ്ര- സംസ്ഥാന ബന്ധം ഇത്രയേറെ വഷളാവാന്‍ കാരണം ഫെഡറല്‍ മര്യാദകള്‍ പാലിക്കാതെ ഒരു സുപ്രധാന അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗിയെ ഒതുക്കാന്‍ മോദി ശ്രമിച്ചതാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷം ഒഴികെയുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. അതിനവര്‍ക്കു വ്യക്തമായ ന്യായങ്ങളുമുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി എന്ന നിലയിലാണ് സി.ബി.ഐ അറിയപ്പെടുന്നതെങ്കിലും നിയമപരമായി അതിന്റെ അധികാരങ്ങള്‍ക്കു ചില പരിമിതികളുണ്ട്. ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ചു രൂപീകരിക്കപ്പെട്ട സി.ബി.ഐ നിയമപരമായ ഒരു തലസ്ഥാന അന്വേഷണ ഏജന്‍സിയാണ്. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ അവര്‍ക്ക് ഒരു സംസ്ഥാനത്തും ഇടപെടാനാവില്ല. അതു ലംഘിച്ചാണ് അവര്‍ കമ്മിഷണറെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെ വസതിയിലെത്തിയതെന്ന് മമതയും മറ്റു പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായ, ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ മമതയില്‍ വരെ എത്താനിടയുണ്ടെന്നു പറയപ്പെടുന്ന ചിട്ടി തട്ടിപ്പു കേസുമായി സി.ബി.ഐ എത്തുന്നതു തടയാന്‍ മമത സര്‍ക്കാര്‍ കാണിക്കുന്ന വെപ്രാളം മനസ്സിലാക്കാവുന്നതുമാണ്. മമതയ്‌ക്കെതിരായ കേന്ദ്രത്തിന്റെ ശക്തമായ വാദവും ഇതുതന്നെയാണ്. മാത്രമല്ല സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമാണെന്നും അതുകൊണ്ടു തന്നെ സി.ബി.ഐ നടപടി ശരിയാണെന്നുമുള്ള വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ, പ്രത്യേകിച്ചു ഭരണകര്‍ത്താക്കള്‍ക്കെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും അവര്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കുമുണ്ടാവില്ല ഭിന്നാഭിപ്രായം. എന്നാല്‍ ബംഗാളിന്റെ കാര്യത്തില്‍ അതിനു സ്വീകരിച്ച രീതിയും തിരഞ്ഞെടുത്ത സമയവും പരിശോധിച്ചാല്‍ കേന്ദ്രത്തിന്റെ നീക്കം നിഷ്‌കളങ്കമാണെന്നു പറയാനാവില്ല. സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമായാലും ഒരു സംസ്ഥാനത്തു കടന്നുചെന്ന് പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ അതുണ്ടായില്ല. മാത്രമല്ല ചിട്ടി തട്ടിപ്പു കേസുകള്‍ പുതിയതുമല്ല. അഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ളതാണ്. ഇഴഞ്ഞു നീങ്ങിയിരുന്ന ഈ കേസില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയൊരു ഘട്ടത്തില്‍ ചടുല നീക്കങ്ങളുമായി പ്രധാനമന്ത്രിയുടെ ഒരു പ്രധാന പ്രതിയോഗി ഭരിക്കുന്ന സംസ്ഥാനത്ത് സി.ബി.ഐ എത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങള്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. സി.ബി.ഐ ഹരജിയുമായി എത്തിയപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചത് ഈ സംശയത്തിന് അടിവരയിടുന്നുമുണ്ട്.

മോദി ഭരണത്തിനെതിരേ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ നിരയില്‍ ബി.ജെ.പി നേതൃത്വം ഏറ്റവുമധികം ഭയപ്പെടുന്നത് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, മായാവതി എന്നിവരെയാണെന്നതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. അക്കൂട്ടത്തിലൊരാളുടെ പ്രതിച്ഛായ തകര്‍ക്കാനുതകുന്നൊരു നീക്കമാണ് ബംഗാളില്‍ നടക്കുന്നതെന്നു കരുതാന്‍ ന്യായങ്ങളേറെയുണ്ട്. ഈ രാഷ്ട്രീയവായനയുടെ ഫലമായാണ് കേന്ദ്ര നീക്കത്തിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധമുയരുന്നത്.
ഈ വിഷയത്തിലെ ന്യായാന്യായങ്ങള്‍ എന്തായാലും നമ്മുടെ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനു കാര്യമായ പരുക്കേല്‍ക്കുന്ന സംഭവങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മറ്റു നടപടികള്‍ സംസ്ഥാനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടയിലാണ് ഇതുമുണ്ടാകുന്നത്. പൗരത്വ ബില്ലിന്റെ പേരില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം തന്നെ പ്രതിഷേധമുയരുന്നതിനിടയിലാണ് ബംഗാള്‍ ജനതയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ നടപടി കൂടിയുണ്ടായത്. വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച മുറിവുകള്‍ ഇനിയും പൂര്‍ണമായി ഉണങ്ങിയിട്ടില്ലാത്ത ബംഗാളി സമൂഹത്തില്‍ പ്രാദേശികബോധം നേരത്തെ തന്നെ ശക്തമാണ്. അതില്‍ എണ്ണ പകര്‍ന്നുകൊടുക്കുന്ന നടപടികള്‍ രാജ്യഭദ്രതയ്ക്കു ഗുണകരമാവില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.