2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Editorial

സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പുതിയ രൂപത്തില്‍


 

സെക്രട്ടേറിയറ്റില്‍ മാധ്യമവിലക്ക് പുതിയ രൂപത്തില്‍ വീണ്ടും നിലവില്‍ വന്നിരിക്കുകയാണ്. കഴിഞ്ഞ നവംബറില്‍ മാധ്യമങ്ങള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. തുടര്‍ന്നാണിപ്പോള്‍ പുതിയ രൂപത്തിലുള്ള സര്‍ക്കുലര്‍. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാധ്യമങ്ങളോട് പ്രതികരിക്കുന്നുണ്ടോയെന്ന കാര്യം പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍കൂട്ടി അറിയിക്കുമെന്നും പൊതുസ്ഥലങ്ങളില്‍ പി.ആര്‍.ഡിയുടെ അനുമതിയോടെ മാത്രമേ മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാവൂ എന്നുമായിരുന്നു പഴയ സര്‍ക്കുലറില്‍ പറത്തിരുന്നത്. സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രര്‍ത്തകരുടെ പ്രവേശനം അക്രഡിറ്റേഷന്‍ അല്ലെങ്കില്‍ എന്‍ട്രി പാസ് വഴി നിയന്ത്രിക്കുമെന്ന വ്യവസ്ഥയില്‍ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിമുഖങ്ങള്‍ക്ക് അവരുടെ ഓഫിസുകളില്‍ നിന്നോ പി.ആര്‍.ഡിയില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങണം തുടങ്ങി നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്. മാധ്യമങ്ങളെ സര്‍ക്കാര്‍ ചൊല്‍പ്പടിക്കു നിര്‍ത്തുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം. ഇതുവഴി ജനാധിപത്യത്തിനാണ് പരുക്കേല്‍ക്കുന്നത്. ഏതൊരു ഭരണകൂടവും അവരുടെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ പൊതുസമൂഹത്തില്‍നിന്ന് മറച്ചുപിടിക്കാന്‍ ഉത്സുകരാണ്. മാധ്യങ്ങളാണ് അവര്‍ക്ക് ഇതിനു പ്രധാന തടസം. ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങള്‍. ഭരണകര്‍ത്താക്കളെക്കുറിച്ചും ഭരണീയരെക്കുറിച്ചും സത്യസന്ധമായ വിവരം പൊതുസമൂഹത്തെ അറിയിക്കുക എന്നതാണ് മാധ്യമ ദൗത്യം.രാഷ്ട്രത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനും ജനാധിപത്യത്തിന്റെ തുറസായ അവസ്ഥയ്ക്കും ഇത് അനിവാര്യമാണ്.

പ്രതിപക്ഷത്താകുമ്പോള്‍ മാധ്യമങ്ങളുമായി ചങ്ങാത്തം കൂടുകയും ഭരണത്തിലെത്തിയാല്‍ അവരില്‍നിന്ന് അകലം പാലിക്കുകയും ചെയ്യുകയെന്നത് കാലങ്ങളായി രാഷ്ട്രീയ നേതാക്കള്‍ തുടര്‍ന്നുവരുന്ന ഒരു രീതിയാണ്. ജനങ്ങളില്‍ നിന്നു ഭരണകൂടങ്ങള്‍ക്ക് എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്ന സന്ദേശമാണ് ഇതുവഴി കിട്ടുന്നത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ നവകേരള യാത്ര മാധ്യമ അകമ്പടിയോടെയായിരുന്നു. യാത്രയില്‍ എല്ലാ ദിവസവും അദ്ദേഹം പത്രസമ്മേളനം നടത്തി. ഇടതുപക്ഷം വരുന്നതിന്റെയും എല്ലാം ശരിയാകുന്നതിന്റെയും വിശദീകരണം അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിക്കൊണ്ടിരുന്നു. അധികാരത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളെ നാലയലത്തു പോലും അടുപ്പിക്കാത്ത നിലപാടുകളാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടായത്.
ഒരു ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നുവെങ്കില്‍ അവിടെ മാധ്യമവിലക്കുണ്ടാകും. ജനങ്ങള്‍ ഭരണകൂടങ്ങളെ ഭയപ്പെടുമ്പോള്‍ അവിടെ ഏകാധിപത്യ ഭരണവുമായിരിക്കും. അവിടെ മാധ്യമങ്ങളുണ്ടാവില്ല. മാധ്യമങ്ങളെ ഇല്ലാതാക്കിയാണ് ഭരണകൂടങ്ങള്‍ ജനങ്ങളില്‍ ഭയം പരത്തുന്നത്.

സര്‍ക്കാരിനു ജനങ്ങളില്‍നിന്ന് ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് മാധ്യമ നിയന്ത്രണം? നവംബറില്‍ കൊണ്ടുവന്ന മാധ്യമ വിലക്ക് ഇടതുപക്ഷമെന്ന് പറയപ്പെടുന്ന ഒരു സര്‍ക്കാരില്‍നിന്ന് ജനത ഒട്ടും പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു. ഇതിനെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ് അന്ന് രംഗത്തുവന്നു. എന്നിട്ടും പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിക്കാതിരുന്നത് അത്ഭുതകരമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി മാത്രമേ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസാരിക്കാവൂ എന്ന നിര്‍ദേശത്തിലും സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിലും എതിര്‍പ്പ് പ്രകടിപ്പിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് ശേഖര്‍ ഗുപ്തയും ജന. സെക്രട്ടറി എ.കെ ഭട്ടാചാര്യയും അന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചു. സര്‍ക്കുലറില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബറില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. മാധ്യമങ്ങളോട് അകലം പാലിക്കുന്ന നരേന്ദ്ര മോദിയോടാണ് അന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയെ താരതമ്യപ്പെടുത്തിയത്.സര്‍ക്കാരിന്റെ നടപടി സദുദ്ദേശ്യപരമായിരുന്നുവെങ്കില്‍ പത്രപ്രവര്‍ത്തക യൂനിയനുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ തിരുത്തല്‍ വരുത്താമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല നിയന്ത്രണംസര്‍ക്കാര്‍ പുതിയ രൂപത്തില്‍ കൊണ്ടുവന്നിരിക്കുകയുമാണ്.

പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഒരു പത്രാധിപരെ എടോ ഗോപാല കൃഷ്ണാ എന്ന് പരിഹാസരൂപേണ വിളിച്ചതും മുഖ്യമന്ത്രിയായപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചതും ഇടതുമുന്നണി മാധ്യമങ്ങളെ എത്രമാത്രം ഭയപ്പെടുന്നുവെന്നതിന്റെ തെളിവുകളാണ്. സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള അവസരമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ നിഷേധിക്കുന്നത്.
1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് പത്രപ്രവര്‍ത്തകര്‍ക്കെതിരേ ആദ്യമായി കേസെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ കൗമുദി പത്രത്തിലൂടെ പുറത്ത് വന്നതിന് റിപ്പോര്‍ട്ട് നല്‍കിയ ജി. വേണുഗോപാലിനെതിരേയും പത്രാധിപര്‍ കെ. ബാലകൃഷ്ണനെതിരേയും ഔദ്യോഗിക രഹസ്യ നിയമം ചോര്‍ത്തിയെന്നാരോപിച്ച് ഇ.എം.എസ് സര്‍ക്കാര്‍ കേസെടുത്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ കൊണ്ടുവന്ന കരിനിയമം ആദ്യമായി കേരളത്തില്‍ ഉപയോഗിച്ചത് ഇ.എം.എസ് സര്‍ക്കാരായിരുന്നു.

സി.പി എം ഭരിച്ച ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും മാധ്യമങ്ങള്‍ക്കു വിലക്കുണ്ടായിരുന്നു. യു.ഡി.എഫ് സര്‍ക്കാരും മാധ്യമങ്ങളെ വിലക്കുന്നതില്‍ പിറകോട്ടായിരുന്നില്ല. എ.കെ ആന്റണിയുടെ ഭരണകാലത്ത് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമസഭയിലെത്തി റിപ്പോര്‍ട്ട് എടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മാധ്യമപ്രവര്‍ത്തകരുടെ ജോലിക്ക് തടസം നില്‍ക്കുന്നതില്‍ പിന്നിലല്ല. നമ്മുടെ മഹത്തായ ജനാധിപത്യ ഭരണസമ്പ്രദായത്തിനാണ് ഇതുവഴി പരുക്കേല്‍പ്പിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അറിയാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം കൂടിയാണത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.