2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

Editorial

സര്‍ക്കാരിന്റെ നിഷേധനയവും തദ്ദേശസ്ഥാപന പ്രതിസന്ധിയും


സര്‍ക്കാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍പ്പെട്ടിരിക്കുകയാണെന്നത് യാഥാര്‍ഥ്യം. എങ്കിലും ബജറ്റില്‍ വകയിരുത്തിയ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാതിരിക്കുന്നതിനു സാമ്പത്തിക പ്രതിസന്ധി ഒഴികഴിവല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ട തുക നല്‍കാതിരുന്നാല്‍ അധികാരവികേന്ദ്രീകരണം ഇല്ലാതാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപദ്ധതികള്‍ താളം തെറ്റും.
കുടിവെള്ളത്തിനും റോഡുകള്‍ക്കും മറ്റ് അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ടില്ലാതാകുമ്പോള്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നോക്കുകുത്തികളാകും. അതു ജനാധിപത്യസംവിധാനത്തെ തകര്‍ക്കലാകും. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികാധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നാരോപിച്ചു കഴിഞ്ഞ ദിവസം കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍ നിയമസഭാ മാര്‍ച്ച് നടത്തിയത്.
പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ലഭിക്കേണ്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ വക മാറ്റി ചെലവഴിച്ചാല്‍ പ്രതിസന്ധിയിലാകുന്നത് ഗ്രാമങ്ങളുടെയും ചെറുകിട നഗരങ്ങളുടെയും അടിസ്ഥാനാവശ്യങ്ങളാണ്. ദരിദ്രര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതികളും അഗതി, വിധവ പെന്‍ഷനുകളും മറ്റും മുടങ്ങും. കൈകെട്ടിയിട്ടു നീന്താന്‍ പറയുന്ന അവസ്ഥയിലാകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.
സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലാപഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ജില്ലയില്‍ 42 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും ലഭിക്കേണ്ട കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ തടഞ്ഞതിനെതിരേയാണിത്. ജില്ലാ പഞ്ചായത്തിന്റെ നീക്കത്തെ ഒരു ഉത്തരവിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പു തടഞ്ഞിരിക്കുകയാണ്. അക്കാര്യത്തില്‍പ്പോലും നീതിനിഷേധമാണു നടത്തിയിരിക്കുന്നത്.
പഞ്ചായത്തീരാജ് ആക്ട് പ്രകാരം സര്‍ക്കാരിനെതിരേ കോടതിയെ സമീപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാരിനെതിരേ പഞ്ചായത്തുകള്‍ നിയമ നടപടികള്‍ സ്വീകരിക്കുകയെന്നത് അധികാരപരിധി ലംഘിക്കലാണെന്നും കേരള പഞ്ചായത്തീരാജ് ആക്ട് 191 (4) വകുപ്പ് പ്രകാരം പഞ്ചായത്തുകള്‍ക്ക് ഇത്തരം അധികാരമില്ലെന്നുമാണു തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജൂണ്‍ 28നു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
സര്‍ക്കാരിന്റെ തീരുമാനം അന്യായവും നിയമവിരുദ്ധവുമാണെങ്കില്‍ പരാതി നല്‍കുന്നത് അധികാര ദുര്‍വിനിയോഗമോ നിയമപ്രകാരമുള്ള അധികാരങ്ങള്‍ക്ക് അതീതമാണെന്നോ പറയാവുന്ന വ്യവസ്ഥകളൊന്നും പഞ്ചായത്തീരാജ് ആക്ട് നിയമത്തില്‍ പറയുന്നില്ലെന്നാണു മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നിലപാട്. ചുരുക്കത്തില്‍, ഇതൊരു നിയമ യുദ്ധത്തിനായിരിക്കും വഴിവയ്ക്കുക.
അധികാര വികേന്ദ്രീകരണമാണല്ലോ പഞ്ചായത്തീരാജ് കൊണ്ടുദ്ദേശിക്കുന്നത്. ഓരോ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതായിരുന്നു പഞ്ചായത്തീരാജിന്റെ ആദിരൂപമായിരുന്ന ഗ്രാമസ്വരാജ്‌കൊണ്ടു ഗാന്ധിജി ഉദ്ദേശിച്ചത്. വികേന്ദ്രീകരണങ്ങളിലൂടെ അധികാരം ജനങ്ങളിലേയ്ക്ക് എന്ന തത്വം പ്രയോഗവല്‍ക്കരിക്കുന്നതാണ് പഞ്ചായത്തീരാജ്. ഓരോ പ്രദേശത്തിന്റെയും വികസനരീതി അവിടെയുള്ള ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുഗുണമാക്കിത്തീര്‍ക്കുക എന്നതാണ് ഈ സംവിധാനം കൊണ്ടുദ്ദേശിക്കുന്നത്.
1960 ജനുവരി 18ന് എറണാകുളത്തു കേരളത്തിലെ പഞ്ചായത്ത് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെങ്കിലും എഴുപത്തിമൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് രാജ്യത്തെ എല്ലാ പഞ്ചായത്തുകള്‍ക്കും ഭരണഘടനാപരമായ അംഗീകാരം ലഭിച്ചത്. അധികാരം സാധാരണക്കാരിലേയ്‌ക്കെത്തിക്കുക എന്നത് ഇന്ത്യയെപ്പോലെ വൈവിധ്യമുള്ള രാജ്യത്തു നടപ്പാക്കുക ദുഷ്‌കരമായിരിക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍.
എന്നിട്ടും രാജ്യത്തൊട്ടാകെ ഇതു വിജയകരമായി നടപ്പായെന്നതാണു വസ്തുത. സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകളുടെ ഫണ്ടുകള്‍ തടഞ്ഞുവയ്ക്കുന്നതു മൂലം മേല്‍ഘടകങ്ങളില്‍നിന്നു കീഴ്ഘടകങ്ങളിലേക്ക് അധികാരം പകര്‍ന്ന് നല്‍കുക എന്ന അധികാര വികേന്ദ്രീകരണ തത്വമാണ് അട്ടിമറിക്കപ്പെടുന്നത്.
1980ലെ ജില്ലാ ഭരണ നിയമവും1988 ലെ വി. രാമചന്ദ്രന്‍ കമ്മിറ്റി നിര്‍ദേശവും 1990ല്‍ നിലവില്‍വന്ന ജില്ലാ കൗണ്‍സിലുകളും ഈ ദിശയില്‍ രൂപപ്പെടുത്തിയതായിരുന്നു. വമ്പിച്ച ജനശ്രദ്ധയാകര്‍ഷിച്ച ജനകീയാസൂത്രണ പദ്ധതി കേരളത്തില്‍ പ്രാവര്‍ത്തികമാക്കി വിജയിപ്പിച്ചതാണ്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതിയുടെ 40 ശതമാനം ജനകീയാസൂത്രണ പദ്ധതിയിലേയ്ക്കു നീക്കിവച്ചതായിരുന്നു പ്രസ്തുത പദ്ധതി വിജയിക്കാനുണ്ടായ കാരണം.
സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിന് അധികാര വികേന്ദ്രീകരണത്തിനു സ്തുത്യര്‍ഹമായ പങ്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകളുടെ അധികാരം സര്‍ക്കാരിലേയ്ക്കു കേന്ദ്രീകരിക്കപ്പെടുന്നതു ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്കു ശിക്ഷിക്കപ്പെടേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.