2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഇന്നും നാളെയും ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’; ഇന്ത്യയില്‍ ദൃശ്യമാകില്ല

ലണ്ടന്‍: പൂര്‍ണ ചന്ദ്രഗ്രഹണത്തെ തുടര്‍ന്നുള്ള ‘ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു ലോകം വീണ്ടും സാക്ഷിയാകുന്നു. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തില്‍ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രന്‍. ഇന്നും നാളെയുമാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ അപൂര്‍വ പ്രതിഭാസം പ്രത്യക്ഷപ്പെടുക. എന്നാല്‍, ഇന്ത്യ അടക്കം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ മിക്കയിടത്തും ഈ ആകാശ വിസ്മയം കാണാനൊക്കില്ല.

ഭൗമാന്തരീക്ഷത്തില്‍ സൂര്യപ്രകാശത്തിലുണ്ടാകുന്ന പ്രത്യേക പ്രതിഭാസങ്ങള്‍ മൂലമാണ് രക്തചന്ദ്രന്‍ ദൃശ്യമാകുന്നത്. ‘ബ്ലഡ് മൂണ്‍’ അഥവാ ചുവപ്പ് ചന്ദ്രന്‍, ചെമ്പന്‍ ചന്ദ്രന്‍ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. സാധാരണയിലും കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് ‘സൂപ്പര്‍ മൂണ്‍’. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുന്ന ഈ സമയത്ത് ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടും.

ചന്ദ്രഗ്രഹണവും ബ്ലഡ് മൂണും ഒന്നിച്ചുണ്ടാകുന്ന പ്രതിഭാസത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സൂപ്പര്‍ ബ്ലഡ് വൂള്‍ഫ് മൂണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വടക്കന്‍ അമേരിക്ക, ദക്ഷിണ അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്, വടക്കുപടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണു പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുക. ഈ പ്രതിഭാസം 62 മിനിറ്റോളം നീണ്ടുനില്‍ക്കും. മറ്റു പടിഞ്ഞാറന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭാഗികമായുള്ള ഗ്രഹണവും കാണാനാകും. പൂര്‍ണവും ഭാഗികവുമായ ഗ്രഹണം മൊത്തത്തില്‍ മൂന്നര മണിക്കൂറോളം നീണ്ടുനില്‍ക്കും.

ഇനി ഇത്തരമൊരു പ്രതിഭാസത്തിനു രണ്ടു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും. 2021 മെയ് മാസത്തിലേ ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാകൂ എന്നാണു ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.