2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇന്ത്യയും ഖത്തറും ഇന്ന് നേര്‍ക്കു നേര്‍, ഇന്ത്യക്കു തിരിച്ചടിയായി ഛെത്രിയുടെ പനി; ഇന്നത്തെ മല്‍സരത്തിന് ഇറങ്ങിയേക്കില്ല

 

ദോഹ: 2022ലെ ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെതിരെ. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലുള്ള രാജ്യമാണ് ഖത്തറെങ്കിലും ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഒമാനെതിരെ അവസാന നിമിഷം ജയം കൈവിട്ടത് പോലൊരു അബദ്ധം ഇനിയും ആവര്‍ത്തിക്കരുതെന്നാണ് ഇന്ത്യയുടെ നിലപാട്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തര്‍. അഫ്ഗാനിസ്താന്റെ വലയിലേക്ക് ആറുഗോളുകള്‍ അടിച്ചുകയറ്റിയാണ് ഖത്തര്‍ ടീം ഇന്ന് ഇന്ത്യക്കെതിരെ ബൂട്ടണിയുന്നത്. ഫിഫ പട്ടികയില്‍ ഖത്തറിന്റെ റാങ്ക് 62ഉം ഇന്ത്യയുടെത് 103ഉം ആണ്.

 

അതേസമയം, ഒമാനെതിരായ ആദ്യ മല്‍സരത്തില്‍ ഉജ്വല ഗോളിലൂടെ 82ാം മിനിറ്റ് വരെ ഇന്ത്യയെ മുന്നിലെത്തിയ സൂപ്പര്‍ താരവും നായകനുമായ ഛെത്രിക്ക് പനി പിടിച്ചത് ഇന്ത്യക്ക് തിരിച്ചടിയാണ്. പനി സംബന്ധിച്ച് ടീം അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നലെ നടന്ന പ്രാക്ടീസില്‍ പങ്കെടുക്കാതെ ഛെത്രി വിശ്രമത്തിലായിരുന്നു. ദോഹയില്‍ കഴിഞ്ഞദിവസം ഇന്ത്യന്‍ ടീം എത്തിയതുമുതല്‍ ഛെത്രി കിടിപ്പിലാണ്. ഇന്നലെ മെഡിക്കല്‍ ചെക്കപ്പ് നടന്നെങ്കിലും ടീമിന് ആശ്വാസിക്കാനുള്ള ഫലമല്ല ലഭിച്ചത്.

സഹല്‍ അബ്ദുസമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരാണു ടീമിലെ മലയാളി താരങ്ങള്‍. ഒമാനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ആഷിഖിന് ഫസ്റ്റ് ഇലവന്‍ സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. ടീമില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പറഞ്ഞ സാഹചര്യത്തില്‍ മധ്യനിരയില്‍ തുടക്കം മുതല്‍ സഹലിനെ പ്രതീക്ഷിക്കാം.

അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്യത്തിന്റെ ലോകകപ്പ് മോഹങ്ങളെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കാനെത്തുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളെകൊണ്ട് ഇന്ന് സ്റ്റേഡിയം നിറയും. മലയാളികളടക്കമുള്ള ഇന്ത്യന്‍ ആരാധകര്‍ക്കായുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

Sunil Chhetri may miss India’s 2022 World Cup Round II qualifier


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.