2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ജാരന്‍

കുളക്കരയിലെത്തിയ അയാള്‍ ജലസ്രോതസിനെ പല ആംഗിളുകളില്‍ വീക്ഷിച്ചു. വെള്ളം തൊട്ട് രുചിച്ചു. മൊബൈലില്‍ പകര്‍ത്തി. ഒരു ചെറിയ കുപ്പിയില്‍ വെള്ളം ശേഖരിച്ചു

 

മുയ്യം രാജന്‍

സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരാളെ ചില പടങ്ങളില്‍ കണ്ടതല്ലാതെ നേരിട്ടുള്ള ദര്‍ശനം ഇതാദ്യമായിട്ടാണ്. ആയതിനാല്‍ അസുലഭമായ ആശ്ചര്യത്തിന് വഴിവച്ചു, അപരിചിതന്റെ അസമയത്തെ ആ വരവ്. കോട്ടും സൂട്ടും കൂളിങ് ഗ്ലാസും. തനി സായിപ്പ് ലുക്ക്.

 

‘ആരാ?’
അമ്മയാണ് കയറി മിണ്ടിയത്. ഈസി ചെയറില്‍ ഭിത്തിയിലേക്കു കാലും നീട്ടി തീരെ പന്തിയില്ലാത്തതായിരുന്നു അന്നേരത്തെ എന്റെ ഇരിപ്പ്. ഇരിപ്പുവശം ശരിയാക്കി അമ്മയുടെ ചോദ്യം തന്നെ ഞാനും ആവര്‍ത്തിച്ചു. നീക്കിയിട്ട കസേരയിലേക്ക് അധികാരത്തോടെ ഇരിപ്പുറപ്പിക്കുമ്പോള്‍ ഞാനയാളെ സാകൂതം നോക്കി.
‘എന്താ.. എവിടുന്നാ..?’
സംസാരം അമ്മ തന്നെ മുന്നോട്ടു നീക്കി.
‘ഇവിടെയടുത്ത് കുളം വല്ലതും ഉണ്ടോ?’
ആ ചോദ്യത്തില്‍ ഇനിയൊന്നു കുളത്തില്‍ മുങ്ങിക്കുളിച്ചതിനുശേഷം ബാക്കി കാര്യം പറയാം എന്ന ധ്വനിയുള്ളതു പോലെ തോന്നി.
‘വറ്റാത്ത കുളമാണോ?’
‘കൊടും വേനലില്‍ വറ്റും… എന്നാലും ഒരു രണ്ടു തുടം വെള്ളം ഏതു കെട്ട കാലത്തും കിട്ടും…’
ആ പറഞ്ഞത് ഇഷ്ടപ്പെട്ടതു മാതിരി അയാള്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു. എന്നിട്ട് കസേര എന്റയരികിലേക്കു ചേര്‍ത്തുവച്ചു കാല്‍ക്കീഴിലെ ബാഗ് തുറന്ന് അത്തറിന്റെ മാതിരിയുള്ള ചെറിയ സാംപിള്‍ കുപ്പികള്‍ ഓരോന്നായി പുറത്തെടുത്തു.
‘ഇതെന്താന്നറിയാമോ..?’
‘അത്തറാണോ…?’
അമ്മ ദാ വീണ്ടും ഇടയിലേക്കു ചാടി വീണു.
‘ഞങ്ങള്‍ ഈ ഏരിയായിലെ വെള്ളത്തെക്കുറിച്ച് ഒരു സ്റ്റഡി നടത്തുന്നു… ഭാഗ്യമുണ്ടെങ്കില്‍ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കാവുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു…’
‘ആ കുളമൊന്നു കാണാന്‍ പറ്റുമോ..?’
അയാളോടൊപ്പം ധൃതിയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയുടെ വാക്കുകള്‍ വീണ്ടും പിന്നില്‍നിന്നു കൊത്തിവലിച്ചു.
‘ഞാന്‍ വിചാരിച്ചു… വല്ല മന്തിനും സൗജന്യമായി മരുന്നു തരാന്‍ വര്ന്ന… അതല്ലെങ്കില്‍ നാടിനെ നിരന്തരം വേട്ടയാടുന്ന പലതരം പനികളെക്കുറിച്ചു പഠിക്കാന്‍ വരുന്ന ഒരു കൂട്ടരുണ്ടല്ലോ..’
കുളക്കരയിലെത്തിയ അയാള്‍ ജലസ്രോതസിനെ പല ആംഗിളുകളില്‍ വീക്ഷിച്ചു. വെള്ളം തൊട്ട് രുചിച്ചു. മൊബൈലില്‍ പകര്‍ത്തി. ഒരു ചെറിയ കുപ്പിയില്‍ വെള്ളം ശേഖരിച്ചു.
പിന്നീടയാള്‍ എന്നോട് കമാന്നൊരക്ഷരം ഉരിയാടിയില്ല.
പോയിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ മുയിങ്ങ് മണം അന്തരീക്ഷത്തില്‍ വല്ലാതെ തങ്ങിനിന്നു.
‘ആരാടാ..?’
അമ്മ.
‘ഏതോ ഒരു പ്‌രാന്ത ന്‍..അല്ലാണ്ടാരാ..?’
വെറുതെ നേരം കൊല്ലാന്‍ വന്ന അയാളെ എനിക്ക് ചവച്ചരക്കാനുള്ള അരിശമുണ്ടായിരുന്നു.
ലോകജലദിനത്തില്‍ റേഡിയോ തുറന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കാതിലേക്കു നിപതിച്ചു:
‘ഇനി ജലത്തിന്റെ പേരിലായിരിക്കും ലോകമഹായുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുക.. അതിന്റെ മിന്നലാട്ടങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു…’
എങ്കില്‍, കുറച്ചുനാള്‍ മുന്‍പു വന്നത് നമ്മുടെ നാട്ടിലെ ജലമൂറ്റാനെത്തിയ ഒരു ജാരസന്തതി തന്നെയെന്നു ഞാന്‍ മനസിലൂട്ടിയുറപ്പിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News