2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

എല്ലോറയിലെ ചിത്രശില്‍പങ്ങള്‍

പുരാതന ഗുഹകളുടെ ശേഷിപ്പുകള്‍ ഇന്നും അതിന്റെ ഗരിമയോടെ നിലനില്‍ക്കുന്ന, മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തെ എല്ലോറ ഗുഹാ മുഖങ്ങളിലേക്കു നടത്തിയ യാത്രയുടെ അനുഭവം

 

കെ.എം ശാഫി

ഞങ്ങളുടെ സ്‌കൂള്‍ കാലത്ത് കരിങ്കല്ലില്‍ ശില്‍പങ്ങളുണ്ടാക്കുന്ന നാടോടികള്‍ നാട്ടിന്‍പുറത്തെ പാതയോരത്ത് തമ്പുകെട്ടി പാര്‍ത്തിരുന്നു. കുറച്ചു ദിവസത്തേക്കു മാത്രമാണ് അവരവിടെയുണ്ടാവുക. തമ്പിനു വെളിയില്‍ ഇറക്കിയിട്ട വലിയ കരിമ്പാറക്കഷണങ്ങള്‍ അമ്മിയും ഉരലും ശില്‍പങ്ങളുമാക്കി വിറ്റ് തീരുന്നതുവരെ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബം കല്ലില്‍ കൊത്തിയെടുക്കുന്ന ശില്‍പങ്ങളിലേക്കും അവരുടെ കരചലനങ്ങളിലേക്കും ഞങ്ങള്‍ കൗതുകത്തോടെ നോക്കിനില്‍ക്കും. ചിത്രം വരക്കുന്ന കൂര്‍മതയോടെ കല്ലുകള്‍ ശില്‍പങ്ങളായി കൊത്തിയെടുക്കുന്ന ദൃശം ഏറെ ആശ്ചര്യത്തോടെയാണ് അക്കാലത്ത് കണ്ണുകളേറ്റു വാങ്ങിയിരുന്നത്.

 

കീറിപ്പറിഞ്ഞു മുഷിഞ്ഞ ഉടയാടകളണിഞ്ഞ നാടോടികള്‍ ഏതോ ശിലായുഗ ഗ്രോതങ്ങളുടെ പിന്മുറക്കാരാണെന്നായിരുന്നു ധാരണ. എല്ലോറയിലെയും അജന്തയിലെയും മഹാശിലാ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ ലൗകിക കെട്ടുപാടുകളില്‍ നിന്നൂര്‍ന്നിറങ്ങി ആത്മാവ് മാത്രമായി നില്‍ക്കുമ്പോള്‍ മനസറിയാതെ നമസ്‌കരിച്ചുപോയി ഒരു കാലത്തെയും ഒരു ജനതയെയും ഒരു ശില്‍പത്തിന്റെ അതീതപ്രഭാവമെങ്ങിനെ മനസിലേറ്റു വാങ്ങണമെന്ന് ഞാന്‍ പഠിച്ചത് ചരണാദ്രിമലയിലെ ചിത്രശിലാപാളികള്‍ക്കു മുന്നില്‍ നിശ്ചലചിത്രം പോലെ തറഞ്ഞു നിന്നപ്പോഴായിരുന്നു. ഓരോ ശില്‍പങ്ങളും ആഴ്ന്നിറങ്ങിയ സ്വപ്നസൂചികള്‍ പോലെ മനസില്‍ പതിഞ്ഞു കിടക്കുന്നുണ്ടിപ്പോഴും. ഭൂതകാലത്തിന്റെ രാജകീയ മുദ്രകളേറ്റ്, പുരാണങ്ങളുടെ അത്യപൂര്‍വ സ്മരണങ്ങളും പേറിനില്‍ക്കുന്ന മഹാശിലാക്ഷേത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും മുന്‍പില്‍ നില്‍ക്കുമ്പോള്‍ ചരിത്രത്തിന്റെ വിസ്മയഗന്ധങ്ങള്‍ നമ്മെ ആലിംഗനം ചെയ്തുകൊണ്ടേയിരിക്കും.

സഞ്ചാരികളുടെ നഗരമായ ഔറംഗാബാദില്‍നിന്നാണ് എല്ലോറയിലേക്കു യാത്ര തിരിച്ചത്. ചാലിസ് ഗോണിലേക്കുള്ള ദേശീയപാതയിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കണം. ഗുഹാക്ഷേത്രങ്ങള്‍ ചരിത്രം പറയുന്ന എല്ലോറയിലേക്ക്. ഇബ്രാഹിംഭായിയുടെ ടാക്‌സികാര്‍ വരണ്ടുണങ്ങിയ ഡെക്കാന്‍ ഭൂമികളെ കീറിമുറിച്ച് പായുമ്പോള്‍ ഇരുപാര്‍ശ്വങ്ങളിലും കാലാന്തരങ്ങളുടെ കഥ പറയുന്ന തിരുശേഷിപ്പുകള്‍ കാണാം. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള വീരേതിഹാസങ്ങള്‍ക്കു സാക്ഷികളായ ഡെക്കാന്‍ മലനിരകള്‍ തലയെടുപ്പോടെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്. കുന്നും മലകളും വെടിവച്ചു തകര്‍ത്തും യന്ത്രക്കൈകള്‍ കൊണ്ട് മാന്തിപ്പറിച്ചും പുത്തന്‍ നാഗരികത പണിതുണ്ടാക്കുന്ന നമ്മള്‍ ചില പാഠങ്ങള്‍ ഇവിടങ്ങളില്‍നിന്നു പഠിക്കുക തന്നെ വേണം.
മധ്യാഹ്നസൂര്യന്റെ അതിതാപമേറ്റുവാങ്ങുന്ന കൂറ്റന്‍മരങ്ങള്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ചെറിയൊരു കവലയാണ് വേരൂള്‍. ലോകം മുഴുവന്‍ അറിയപ്പെടുന്ന എല്ലോറ ഇവിടത്തുകാര്‍ക്ക് വേരൂള്‍ലേനിയാണ്. നിരത്തോരത്തെ ഭക്ഷണശാലക്കിപ്പുറം കാര്‍ പാര്‍ക്ക് ചെയ്ത് കാലം കൊത്തിവച്ച അത്ഭുതങ്ങളുടെ താഴ്‌വരയിലേക്കു ഞങ്ങള്‍ നടന്നുതുടങ്ങി. ചരിത്രവും കൗതുകവും തേടിയെത്തിയ വിദേശസഞ്ചാരികള്‍ ആഞ്ഞുകൊത്തുന്ന അതിതാപത്തെ ചെറുക്കാന്‍ പുള്ളിക്കുടകള്‍ക്കു താഴെ നടന്നുനീങ്ങുന്നു. ടിക്കറ്റ് കൗണ്ടര്‍ കടന്ന് മനോഹരമായ പുല്‍ത്തകിടും പിന്നിട്ട് നേരെ ചെല്ലുന്നത് എല്ലോറയിലെ ഏറ്റവും വലിയ ശില്‍പവിസ്മയത്തിലേക്കാണ്. ശില്‍പകലയുടെ മാസ്മരികതയിലേക്ക്.

 

കൈലാസനാഥ ക്ഷേത്രവും ചരണാദ്രിമലയും

കല്ലില്‍ കൊത്തിവച്ച കവിതയാണു കൈലാസനാഥ ക്ഷേത്രം. കവാടത്തിനുപുറത്തെ കാഴ്ചകളില്‍ അത്യത്ഭുതങ്ങള്‍ ദര്‍ശിക്കാനാവില്ലെങ്കിലും അകത്ത് പ്രവേശിക്കുന്നതോടെ കാഴ്ചകളില്‍ കലയുടെ സൗന്ദര്യം ലഹരി പോലെ പടരും. രണ്ടു നിലയുളള മുഖമണ്ഡപത്തിനു പിന്നിലായി ഒറ്റക്കല്ലില്‍ താഴേക്കു വെട്ടിയിറക്കിയ ക്ഷേത്രശില്‍പം. അകത്തേക്കു കടക്കുമ്പോള്‍ നമ്മെ വരവേല്‍ക്കാന്‍ കാലപ്പഴക്കം കൊണ്ട് അംഗഛേദം വന്ന ഗജവീരന്മാരുണ്ട്. ചുറ്റിലും ചെറുതും വലുതുമായ ശില്‍പങ്ങള്‍ അലങ്കാരം ചാര്‍ത്തുന്ന ക്ഷേത്രാങ്കണം കരവിരുതിന്റെ കാല്‍പനികഭംഗികൊണ്ട് കണ്ണും മനസും നിറയ്ക്കും. ശില്‍പക്കാഴ്ചകളുടെ പെരുങ്കളിയാട്ടം. നാലുപാടും കാമറാ ഫ്‌ളാഷുകള്‍ മിന്നികൊണ്ടേയിരുന്നു.
പുറത്തെ ഉഷ്ണപ്പെയ്ത്തിനിടയിലും അകം പോലെ തണുപ്പാണു മനസിലും. ദൃശ്യങ്ങളോരോന്നായി റെറ്റിനയിലേക്കു പകര്‍ത്തി മൂന്നുനില മട്ടുപാവ് ചുറ്റിനടക്കുമ്പോള്‍ ചിന്തകള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ നിര്‍മാണകാലത്തെ വലയം പ്രാപിക്കാന്‍ തുടങ്ങി. മനുഷ്യനിര്‍മിതിയുടെ കാലാതീതമായ കരുതിവയ്പ്പിനു പതിനായിരങ്ങളുടെ വിയര്‍പ്പിന്റെ രുചിയുണ്ടാവും. നശ്വരമായ ജീവിതം കൊണ്ട് പ്രതിഷ്ഠകളാല്‍ അനശ്വരമാക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ക്കു മുന്‍പില്‍ മനസുകൊണ്ട് പൂക്കളര്‍പ്പിച്ചു. ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തെ ആസ്വാദനത്തിന്റെ കലവറയാണീ ശില്‍പസമുച്ചയം. കൂറ്റന്‍ മലമ്പാറ വെട്ടിയൊതുക്കി നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏകശിലാ ശില്‍പത്തിന് 107 അടി ഉയരവും 276 അടി നീളവും 154 അടി വീതിയുമുണ്ട്. ജാപ്പനീസ് യാത്രികരുടെ ഒരു സംഘത്തെ നയിക്കുന്ന വഴികാട്ടി പുരാണങ്ങളുടെ കെട്ടഴിക്കുകയാണ് 16-ാമത്തെ ഗുഹയില്‍നിന്ന് ഞങ്ങളിറങ്ങുമ്പോള്‍.

മുന്‍ധാരണയില്ലാത്തത് കൊണ്ടാണ് കാഴ്ചയില്‍ പതിഞ്ഞ ആദ്യസ്ഥലത്തേക്കു തന്നെ ഞങ്ങള്‍ക്കു കയറേണ്ടിവന്നത്. ചരണാദ്രി മലനിരയില്‍ രണ്ടു കിലോമീറ്റര്‍ ദൂരവ്യാപ്തിയില്‍ പരന്നുകിടക്കുന്ന 34 ഗുഹകളുണ്ട്. ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം കാഴ്ചകള്‍ ഒന്നില്‍നിന്ന് 34ലേക്കു ക്രമീകരിക്കണം. എന്നാലേ ചരിത്രവും പുരാണവും ഐതിഹ്യവുമെല്ലാം ഇഴപിരിച്ചു കുടഞ്ഞെടുക്കാന്‍ പറ്റൂ. മൂന്നു സംസ്‌കാരങ്ങളുടെ സമ്മേളനമാണ് എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍. ഹൈന്ദവ-ബുദ്ധ-ജൈന സംസ്‌കാരങ്ങള്‍ വൈജാത്യങ്ങള്‍ക്കിടയിലും ആത്മീയമായ ഏകത്വം പ്രകടിപ്പിക്കുന്ന തരളിതമായ കാഴ്ചയ്ക്കു ചരണാദ്രിമലനിരകള്‍ സാക്ഷ്യം വഹിക്കുന്നു.

കൈലാസനാഥക്ഷേത്രത്തിന്റെ പ്രവേശനമുനമ്പില്‍നിന്നു വലത്തോട്ടു തിരിഞ്ഞു നേരെ നടക്കണം ഗുഹാക്ഷേത്രങ്ങളുടെ ആരംഭത്തിലേക്ക്. ആദ്യത്തെ 12 ഗുഹകളും ബുദ്ധസംസ്‌കാരത്തിന്റെ അടയാളമുദ്രകളാല്‍ സമ്പന്നമാണ്. എ.ഡി 500നും 700നും ഇടയില്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്ന മഹായാനവിഭാഗമാണ് ബുദ്ധനിര്‍മിതികളുടെ സൂത്രാധാരകരെന്ന് അനുമാനിക്കപ്പെടുന്നു. വിവിധ കാലങ്ങളിലായി രാഷ്ട്രകൂട രാജവംശവും യാദവ രാജവംശവുമാണ് ഇതിന്റെ നിര്‍മാണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. പൗരാണിക തെക്കെ ഇന്ത്യയിലെ വ്യാപാര തലസ്ഥാനാമായിരുന്നു ഇവിടം. രാജാക്കന്മാര്‍ക്കും വ്യാപാരികള്‍ക്കുമുള്ള വിശ്രമമന്ദിരങ്ങളും തീര്‍ഥാടകര്‍ക്കുള്ള ആശ്രമങ്ങളുമായിട്ടാണ് ഇവ ഉപയോഗിച്ചിരുന്നത്. ഉഷ്ണമൂര്‍ച്ചയില്‍ വരണ്ടുകിടക്കുന്ന പ്രതലത്തിലൂടെ ഒന്നാമത്തെ ഗുഹയിലേക്കു നടക്കവേ സഞ്ചാരികളില്‍ നിന്നാരോ പറയുന്നതു കേട്ടു. ഒന്നുമുതല്‍ പതിനഞ്ചുവരെയുള്ള ഗുഹകള്‍ പ്രാധാന്യമില്ലാത്തവയാണെന്ന്. അതുകേട്ടു സഹയാത്രികന്‍ നിയാസ് എന്റെ മുഖത്തേക്കൊന്നു നോക്കി. എങ്കിലിനി അങ്ങോട്ട് പോവാണോന്നാണ് ആ നേട്ടത്തിന്റെ പൊരുള്‍.

 

ബുദ്ധവിഹാരങ്ങള്‍

ഇരു വശങ്ങളിലുമായി എട്ട് അറകളുള്ള ബുദ്ധവിഹാരത്തിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. ഇതാണ് അത്ഭുതക്കാഴ്ചകളുടെ തുടക്കം. കാലാന്തരങ്ങളുടെ പോറലുകളങ്ങിങ്ങായി കാണാം. രണ്ടാമത്തെ ഗുഹ ബുദ്ധപ്രാര്‍ഥനാലയമാണ്. കൂറ്റന്‍ തൂണുകളും ഇരിക്കുന്ന ബുദ്ധശില്‍പവുമാണതിലെ ആകര്‍ഷണീയത. ധര്‍മപ്രചാരകനായ ഗൗതമബുദ്ധന്റെ ചെറുതും വലുതുമായ രൂപശില്‍പങ്ങളെകൊണ്ട് ചൈതന്യവത്തായ ഗുഹകളാണു പിന്നീടങ്ങോട്ട്. പലതും ചൈത്യഗുഹങ്ങളാണ്. നിര്‍മാണം പാതിവഴിയിലുപേക്ഷിക്കപ്പെട്ടതാണെന്നു തോന്നിപ്പിക്കുന്നവയുമുണ്ട്. വെളിച്ചം കടന്നുവരാന്‍ മടിക്കുന്ന ഗുഹാന്തരങ്ങളിലെ ശില്‍പങ്ങളും കൊത്തുപണികളും സഞ്ചാരികളെ സംതൃപ്തരാക്കില്ല. എല്ലോറയിലെ ഏറ്റവും സുന്ദരമായ ബുദ്ധപ്രാര്‍ഥനാലയമാണ് പത്താം നമ്പര്‍ ഗുഹ. സഞ്ചാരികളുടെ അമിതസാന്നിധ്യമുണ്ടിവിടെ. അധികവും അന്യദേശക്കാര്‍. ബുദ്ധമന്ത്രങ്ങള്‍ അവരുടെ ചുണ്ടുകളില്‍ ഇളകിയാടുന്നുണ്ട്. 81 അടി നീളവും 43 അടി വീതിയും 34 അടി ഉയരവുമുള്ള ഈ ഗുഹ വിശ്വകര്‍മാവിന്റെ ഗുഹ എന്നാണറിയപ്പെടുന്നത്.

മരനിര്‍മിതിയെന്നു തോന്നിക്കുന്ന അര്‍ധവൃത്താകൃതിയിലുള്ള മച്ചിന്റെ ഇരുവശങ്ങളും മനോഹരമായ ശില്‍പങ്ങള്‍ക്കൊണ്ടലങ്കൃതം. ജ്ഞാനത്തിന്റെ പൗര്‍ണമി ശ്രീബുദ്ധന്‍ കാലുകള്‍ താഴേക്ക് തൂക്കിയിട്ടിരിക്കുന്ന വിചിത്ര ശില്‍പം വല്ലാതെ ആകര്‍ഷിച്ചു. ധ്യാനനിരതനായിരിക്കുന്ന ബുദ്ധപ്രതിമകളില്‍ നിന്നേറെ മനുഷ്യനോടടുത്തു നില്‍ക്കുന്നു ധര്‍മചക്ര പ്രവര്‍ത്തന മുദ്രയിലിരിക്കുന്ന ഗൗതമന്‍, ദൈവത്തിന്റെ പ്രഛന്ന ഉടയാടകളും അലങ്കാരങ്ങളുമില്ലാതെ. ഗുരുവിന്റെ, ജ്ഞാനിയുടെ പ്രഫുല്ലതയോടെ. ലൗകിക ചേഷ്ടകളെ സ്വശരീരത്തില്‍നിന്നും ആത്മാവില്‍നിന്നും നിഷ്‌കാസിതനാക്കിയ ഗൗതമന്‍ ശ്രീബുദ്ധനായി അവതാരപ്പെടുന്ന ആത്മീയതയുടെ ചൂട് ഗുഹാക്ഷേത്രങ്ങളുടെ തണുപ്പിലമര്‍ന്നു നമ്മുടെ ചേതനകളിലേക്ക് അരിച്ചുകയറും.

 

ഹൈന്ദവ-ജൈന കേന്ദ്രങ്ങള്‍

തുടര്‍ന്നങ്ങോട്ടുള്ള ഗുഹകള്‍ ഹൈന്ദവസംസ്‌കാരങ്ങള്‍ പറ്റിക്കിടക്കുന്നവയാണ്. ബുദ്ധനില്‍നിന്ന് ശിവനിലേക്കുള്ള സഞ്ചാരം. വ്യത്യസ്ത മതസംസ്‌കാരങ്ങളെയും ശില്‍പചിത്രങ്ങളെയും ഒരേ ചുമരുകളില്‍ ഉള്‍കൊള്ളാന്‍ മാത്രം ഹൃദയവിശാലത ഇവയെല്ലാം നിര്‍മിച്ച രാഷ്ട്രകൂട രാജാക്കന്മാര്‍ക്കും അക്കാലത്തെ വിശ്വാസികള്‍ക്കും ഉണ്ടായിരുന്നുവെന്നതു ഗവേഷണവിധേയമാക്കേണ്ടതുതന്നെയാണ്. പതിനാലാമത്തെ ഗുഹയും ഏറെ പ്രധാന്യം കല്‍പിക്കപ്പെടുന്ന ഒന്നാണ്. ശിവലിംഗമാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. മഹിഷാസുരമര്‍ദിനി, നടരാജന്‍, ഗജസംഹാരമൂര്‍ത്തി ദുര്‍ഗ, വരാഹമൂര്‍ത്തി, വിഷ്ണു, ലക്ഷ്മി തുടങ്ങിയ ദേവശില്‍പങ്ങളുടെ സാന്നിധ്യം ഗുഹാന്തരത്തെ കൂടുതല്‍ വെളിച്ചമുള്ളതാക്കുന്നു. തൊട്ടുചാരിയുള്ള ഗുഹയുടെ മുകള്‍നില ബുദ്ധസംസ്‌കൃതികളെ അന്തര്‍വഹിക്കുമ്പോള്‍ താഴെ നിലയില്‍ ഹൈന്ദവ രൂപങ്ങള്‍ക്കൊണ്ട് ധന്യമാണ്.
പതിനാലാമത്തെ ഗുഹയിലെ കാഴ്ചകളും പകര്‍ത്തി മുഖ്യ കവാടത്തിനടുത്തേക്കു തന്നെ തിരിഞ്ഞുനടന്നു. മഹാരാഷ്ട്ര ടൂറിസ്റ്റ് കോര്‍പറേഷന്റെ സര്‍വിസ് ബസില്‍ കയറി വേണം തൊട്ടപ്പുറത്തെ ഗുഹാമുഖങ്ങളിലെത്താന്‍. കുറ്റിമരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കാടിനിടയിലൂടെ നിവര്‍ന്നുകിടക്കുന്ന ഇരുണ്ടപാത താണ്ടി പതിയെ നീങ്ങുകയാണ് ബസ്. പുറത്ത് വടിയും കുത്തിപ്പിടിച്ചു നടന്നുപോകുന്ന സഞ്ചാരികളെ കാണാം. കാട്ടുപാതയിലെ വളവ് തിരിയുന്നേടത്തു വലതുഭാഗത്തേക്കൊരു ദിശാഫലകമുണ്ട്. പതിനേഴു മുതല്‍ ഇരുപത്തിരണ്ട് വരെ ഗുഹകളിലേക്ക് ഇതിലെ പോകണമെന്ന് സന്ദര്‍ശകരെ ബോധ്യപ്പെടുത്താന്‍. ബസ് യാത്രക്കാരില്‍ ചിലര്‍ അവിടെയിറങ്ങി. ജൈന സംസ്‌കാരങ്ങളെ അന്തര്‍വഹിക്കുന്ന ഗുഹാക്ഷേത്രങ്ങളുള്ളിടത്തേക്കാണ് ഞങ്ങളുടെ യാത്ര. ചരണാദ്രിമലയുടെ അങ്ങേയറ്റത്തേക്ക്. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇറ്റി വീഴുന്ന നീരൊഴുക്കിന്റെ തണുപ്പും നുകര്‍ന്ന് നടക്കവെ വാനരപ്പട കുട്ടികളോട് കൂട്ടുകൂടുന്നത് കൗതുകത്തോടെ നോക്കിനിന്നു കുറച്ചുനേരം.

ചരണാദ്രിയുടെ വടക്കേയറ്റത്ത് ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലും പത്താം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി ഉല്‍ഖനനം ചെയ്യപ്പെട്ട ദിഗംബര്‍ വിഭാഗത്തിന്റെ അഞ്ച് ജൈന ഗുഹാക്ഷേത്രങ്ങളുണ്ട്. ഇവ ബുദ്ധ, ഹൈന്ദവ ഗുഹാക്ഷേത്രങ്ങളെക്കാള്‍ ചെറുതാണെങ്കിലും നയനമനോഹരമായ കൊത്തുപണികളാല്‍ സമ്പുഷ്ടമാണ്. നിര്‍മാണരീതികളില്‍ ഹൈന്ദവ വാസ്തുവിദ്യയോട് സാദൃശ്യം പുലര്‍ത്തുന്ന ഗുഹാന്തരങ്ങളില്‍ ജൈന അടയാളങ്ങളുടെ ചിത്രീകരണത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കൂടാതെ ദേവന്മാരും ദേവതകളും പ്രക്യതി ദേവതകളും ശില്‍പരൂപങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ചുമരുകളില്‍ ഭഗവാന്റെ സ്മാരകങ്ങളില്‍ ഏറെ പ്രാധാന്യമുള്ള സമവങ്കര ചിത്രങ്ങള്‍ ഇതിനകത്തു കാണാം.
പാര്‍ശ്വനാഥന്‍, ബാഹുബലി എന്നിവരുടെ ശില്‍പചിത്രങ്ങളും ആവര്‍ത്തിച്ചു ഗുഹക്കകത്ത് ദ്യശ്യമാണ്. കൈലാസക്ഷേത്രത്തിലെ കൊത്തുപണികളോടു ചേര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ് മുപ്പതാമത്തെ ഗുഹ ഛോട്ടാ കൈലാസ് എന്നറിയപ്പെടുന്നത്. ഇന്ദ്രസഭയുടെ താഴത്തെനിലയുടെ നിര്‍മാണവുമായി ബന്ധമുള്ള ഈ ഗുഹ കൈലാസക്ഷേത്രം പൂര്‍ത്തിയാക്കിയ ഏതാനും ദശകങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ടതാവാനാണു സാധ്യത. മുപ്പത്തിയൊന്നാമത്തെ ഗുഹയിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ ആത്മീയത തുടിച്ചുനില്‍ക്കുന്നൊരു ദേവാലയത്തിലെത്തിയ പ്രതീതിയാണ്. നാലു കൂറ്റന്‍ തൂണുകളും നിറയെ കൊത്തുപണികളും അതിലേറേ ആകര്‍ഷണീയത്വമുള്ള വര്‍ത്തമാന മഹാവീര സ്വാമിയുടെ പ്രതിമയും കൊണ്ട് സമൃദ്ധം. ഒന്‍പതാം നൂറ്റാണ്ടില്‍ ഖനനം ചെയ്ത ഇന്ദ്രസഭ എന്നറിയപ്പെടുന്ന മുപ്പത്തിരണ്ടാമത്തെ ഗുഹ ഇരുനിലകളിലാണ്. ഇടുങ്ങിയ കോണിപ്പടികളിലൂടെ മുകളിലേക്കു പിടിച്ചുകയറി. ചുമരും മച്ചും നിലവും ചിത്രപ്പണികള്‍ കൊണ്ട് നന്നായി അലങ്കരിച്ചിരിക്കുന്നു. ഇടക്കിടെ സഞ്ചാരികള്‍ക്കിടയില്‍ സാന്നിധ്യമറിയിച്ചുകൊണ്ട് ദേവശില്‍പങ്ങള്‍ നില്‍ക്കുന്നു. മിനുസമേറിയ, തിളങ്ങുന്ന കരിങ്കല്‍ തൂണുകളില്‍ സ്പര്‍ശിക്കുമ്പോള്‍ യുഗാന്തരങ്ങള്‍ കടന്നെത്തിയ തണുപ്പ് ചേതനയിലേക്കു പ്രവഹിച്ചു.

എല്ലോറയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൈനഗുഹയായ ജഗന്നാഥ് സഭയും മരവാതിലുകള്‍ കൊണ്ടടച്ചിട്ട മറ്റു ഗുഹാമുഖങ്ങളും ദര്‍ശനം നടത്തി അകലെ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന ചുവന്ന സര്‍ക്കാര്‍ ബസിലേക്കു നടക്കുമ്പോള്‍ മനസില്‍ ശിലാശില്‍പങ്ങളുടെ നൃത്തമായിരുന്നു. കാറ്റും കാലവും താണ്ടിയെത്തിയ ചിത്രശില്‍പങ്ങളുടെ പിഴക്കാത്ത ചുവടുകളും മുദ്രകളും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.