2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

മൂക്കില്‍നിന്നുള്ള രക്തസ്രാവം

'എപിസ്റ്റാക്‌സിസ്' അഥവാ മൂക്കില്‍നിന്നുണ്ടാകുന്ന രക്തസ്രാവത്തെ രണ്ടായി തിരിക്കാം. മൂക്കിന്റെ മുന്‍വശത്തു നിന്നുണ്ടാകുന്നതും മൂക്കിന്റെ പിറകുവശത്തു നിന്നുണ്ടാകുന്നതും. മൂക്കിന്റെ മുന്‍വശം അഥവാ മൂക്കിന്‍പാലത്തിന്റെ താഴെ അറ്റത്തായിട്ടാണു രക്തക്കുഴലുകളുടെ സമ്മേളന സ്ഥലമായ 'ലിറ്റില്‍സ് ഏരിയ' ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടാകുന്ന പരുക്കുകള്‍ രക്തസ്രാവത്തിനു കാരണമാകുന്നു

ഡോ. ശബ്‌ന എസ്

എം.ബി.ബി.എസ് അവസാന വര്‍ഷക്കാലത്ത് ഒരു ദിവസം രാത്രി ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് എന്‍ജിനീയറിങ്ങിനു പഠിക്കുന്ന സുഹൃത്തിന്റെ ഫോണ്‍ വരുന്നത്.

‘എടോ, എന്റെ മുക്കീന്നു ചോര വരുന്നല്ലോ…എനിക്കെന്തേലും പറ്റുമോ?’
മറുപുറത്ത് വേവലാതി നിറഞ്ഞ ശബ്ദം. ഊട്ടിയിലൊരു പ്രൊജക്ടിന്റെ കാര്യവുമായി പോയതായിരുന്നു ആള്‍. ഒരു കസേരയില്‍ ഇരുന്ന്, തല അല്‍പം മുന്നോട്ടു കുനിച്ചുവച്ച്, തള്ള വിരലും ചൂണ്ടുവിരലും ഉപയോഗിച്ചു മൂക്കിന്മേല്‍ പത്തു പതിനഞ്ചു മിനുട്ട് നേരം അമര്‍ത്തിപ്പിടിക്കാന്‍ പറഞ്ഞു, വായില്‍ക്കൂടെ ശ്വാസം എടുക്കാനും. വേവലാതി മാറ്റി സമാധാനിപ്പിച്ചു വിട്ടു. അരമണിക്കൂറിനുശേഷം വീണ്ടും വിളിച്ചപ്പോള്‍ രക്തസ്രാവം നിന്നിട്ടുണ്ടായിരുന്നു. കാഷ്വാലിറ്റി ജോലിക്കിടയില്‍ പലപ്പോഴായി പിന്നീട് മൂക്കില്‍നിന്നു രക്തസ്രാവവുമായി രോഗികള്‍ പലരും വന്നു. മൂക്കില്‍നിന്നു ചോരയൊലിപ്പിച്ചു, തോര്‍ത്തോ തുണിക്കഷണമോ കൊണ്ട് മൂക്കും പൊത്തിപ്പിടിച്ചു വന്നെത്തുന്ന രോഗികള്‍.
മൂക്കില്‍നിന്നുണ്ടാകുന്ന രക്തസ്രാവം സ്ത്രീകളെ അപേക്ഷിച്ചു കൂടുതലായും കണ്ടുവരുന്നത് പുരുഷന്മാരിലാണ്. ഇതില്‍ തന്നെ പത്തുവയസിനു താഴെയും അന്‍പതു വയസിനു മുകളിലുമാണു കൂടുതല്‍ സാധ്യത.
‘എപിസ്റ്റാക്‌സിസ്’ അഥവാ മൂക്കില്‍നിന്നുണ്ടാകുന്ന രക്തസ്രാവത്തെ രണ്ടായി തിരിക്കാം. മൂക്കിന്റെ മുന്‍വശത്തു നിന്നുണ്ടാകുന്നതും മൂക്കിന്റെ പിറകുവശത്തു നിന്നുണ്ടാകുന്നതും. മൂക്കിന്റെ മുന്‍വശം അഥവാ മൂക്കിന്‍പാലത്തിന്റെ താഴെ അറ്റത്തായിട്ടാണു രക്തക്കുഴലുകളുടെ സമ്മേളന സ്ഥലമായ ‘ലിറ്റില്‍സ് ഏരിയ’ ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഉണ്ടാകുന്ന പരുക്കുകള്‍ രക്തസ്രാവത്തിനു കാരണമാകുന്നു. മൂക്കിന്റെ പിറകുവശത്തുനിന്നുണ്ടാകുന്ന രക്തസ്രാവം ആണു കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും കൂടുതല്‍ ഗൗരവമുള്ളതും.
നിസാരമായ പരുക്കുകള്‍ മുതല്‍, ഗൗരവതരമായ അസുഖങ്ങള്‍ വരെ പല കാരണങ്ങള്‍ കൊണ്ട് മൂക്കില്‍നിന്നു രക്തസ്രാവം ഉണ്ടാകാം. താഴെ പറയുന്ന കാരണങ്ങള്‍ ശ്രദ്ധിക്കാം.
-വീഴ്ച കൊണ്ടുള്ള പരുക്ക്, മറ്റു ബാഹ്യമായ ആഘാതങ്ങള്‍.
-ബാഹ്യ വസ്തുക്കള്‍ കൊണ്ടുണ്ടാകുന്ന പരുക്ക്(പ്രത്യേകിച്ചു കുട്ടികള്‍ മൂക്കില്‍ പെന്‍സില്‍, മുത്ത് തുടങ്ങിയവ ഇടുന്നതു കാരണമുണ്ടാകുന്ന പരുക്ക്)
-ജലദോഷം, ശ്വസനവ്യവസ്ഥയിലുണ്ടാകുന്ന അണുബാധ, സൈനസൈറ്റിസ്.
-അന്തരീക്ഷമര്‍ദം കുറയുന്നതു കാരണം(അതാണ് ഊട്ടിയിലേക്ക് വന്ന സുഹൃത്തിന് സംഭവിച്ചത്. കൂടിയ അന്തരീക്ഷ മര്‍ദത്തില്‍നിന്നു കുറഞ്ഞ അന്തരീക്ഷ മര്‍ദത്തിലേക്കു വന്നപ്പോള്‍ മൂക്കില്‍നിന്നു രക്തസ്രാവം ഉണ്ടായി.)
-ഉയര്‍ന്ന രക്തസമ്മര്‍ദം.
-മൂക്കിന്റെയും മൂക്കിലെ രക്തക്കുഴലുകളുടെയും ഘടനാപരമായ കാരണങ്ങള്‍.
-ചെറിയ മുഴകള്‍ പോലുള്ള അസുഖങ്ങളില്‍ തുടങ്ങി കാന്‍സര്‍ വരെ.
-മൂക്കിലെ ശസ്ത്രക്രിയകള്‍.
-മദ്യപാനം.
-രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങള്‍.
-ആസ്പിരിന്‍ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം.
-കരള്‍ രോഗങ്ങള്‍.
-ഹൃദയസംബന്ധിയായ അസുഖങ്ങള്‍.
-ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനം.
-വിറ്റാമിന്‍ സി, കെ തുടങ്ങിയവയുടെ അഭാവം.
ഇനി മൂക്കില്‍നിന്നു രക്തസ്രാവം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറയാം. പുറത്തുനിന്ന് മര്‍ദം കൊടുക്കുന്നതുവഴി രക്തസ്രാവം തടുത്തുനിര്‍ത്താം. മേല്‍സൂചിപ്പിച്ച പ്രകാരം രണ്ടു വിരലുകള്‍ ഉപയോഗിച്ച് ‘ലിറ്റില്‍സ് ഏരിയ’യില്‍ മര്‍ദം കൊടുക്കുക വഴി വലിയൊരു ശതമാനം രക്തസ്രാവങ്ങളും നിയന്ത്രിക്കാനാവുന്നതാണ്. രോഗിയോട് തല അല്‍പം മുന്നിലേക്ക് കുനിച്ചുവയ്ക്കാനും കൂടെ നിര്‍ദേശം നല്‍കുക. അധിക രക്തം വയറിലെത്തുന്നതു വഴി ഉണ്ടാകുന്ന ചര്‍ദിയും ഓക്കാനവും കുറക്കാനും ശ്വസനമാര്‍ഗം തടസപ്പെടുത്തുന്നതു തടയാനും ഇതു വഴി സാധിക്കുന്നു.
മൂക്കില്‍നിന്നു രക്തസ്രാവം ഉണ്ടാകുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് മൂക്ക് ശക്തിയില്‍ ചീറ്റാതിരിക്കുക എന്നുള്ളത്. രക്തസ്രാവം ഉണ്ടായാല്‍ രോഗിയില്‍ ഉണ്ടാകുന്ന പ്രതികരണമാണു മൂക്ക് ചീറ്റുക എന്നുള്ളത്. ഇതു രക്തസ്രാവം കൂട്ടുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ യാതൊരു കാരണവശാലും മൂക്കു ചീറ്റാതിരിക്കുക. മറ്റൊന്ന് തല പിറകിലേക്ക് ചരിക്കാതിരിക്കുക എന്നുള്ളതാണ്. തല പിറകിലേക്ക് ചരിക്കുമ്പോള്‍ അതുവഴി രക്തം ശ്വസനപാതയില്‍ എത്തുന്നതിനും ശ്വാസതടസം ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൂടാതെ അധികമുള്ള രക്തം വയറിലെത്തിയാല്‍ അതു വയറില്‍ അസ്വസ്ഥത ഉണ്ടാക്കാനും അതുവഴി ചര്‍ദിക്കും കാരണമാകുന്നു. അതുകൊണ്ട് നിവര്‍ന്നിരുന്നു തല മുന്നിലേക്കു കുനിച്ചു വയ്ക്കുക.
‘ഓക്‌സിമേറ്റസോളിന്‍’,’ഫിനായില്‍എഫ്രിന്‍’ തുടങ്ങിയ മരുന്നുകള്‍ രക്തക്കുഴലുകളുടെ സങ്കോചത്തിനു കാരണമാകുന്നു. അതുവഴിയും രക്തസ്രാവം കുറയ്ക്കാം.
മേല്‍പ്പറഞ്ഞ മാര്‍ഗങ്ങളിലൂടെ രക്തസ്രാവം തടയാന്‍ സാധിക്കാത്ത അവസരങ്ങളില്‍ ‘കോട്ടറിസഷന്‍(രമൗലേൃശ്വമശേീി), പാക്കിങ് (ുമരസശിഴ) മുതലായ മാര്‍ഗങ്ങള്‍ അവലംബിക്കാം. സില്‍വര്‍ നൈട്രേറ്റ് പോലുള്ളവ ഉപയോഗിച്ചു രക്തസ്രാവം ഉള്ള ഭാഗം ചൂടാക്കി രക്തസ്രാവം നിര്‍ത്തുന്നതിനെയാണ് കോട്ടറിസഷന്‍ എന്നു പറയുന്നത്. പാക്കിങ് അഥവാ മൂക്കിന്റെ ഉള്‍വശം രക്തസ്രാവം കുറയ്ക്കുന്ന രീതിയില്‍ കോട്ടന്‍ ഉപയോഗിച്ചു നിറച്ചുവയ്ക്കല്‍. മൂക്കിന് മുന്‍വശത്ത് ചെയ്യുന്നത്, പിറകുവശത്തു ചെയ്യുന്നത് എന്നിങ്ങനെ രണ്ടുതരത്തിലുണ്ട്.
ഇതുകൊണ്ടും തടഞ്ഞുനിര്‍ത്താന്‍ കഴിയാത്ത രീതിയിലുള്ള രക്തസ്രാവം ഉണ്ടായാല്‍, അനസ്‌തേഷ്യയുടെ സഹായത്തോടെ എന്‍ഡോസ്‌കോപ്പി പരിശോധനകള്‍ നടത്തി രക്തസ്രാവം കൈകാര്യം ചെയ്യുകയാണു വേണ്ടത്. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നവര്‍ക്കു മൂക്കിനുള്ളില്‍ ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റ് ഉപയോഗിക്കുന്നതു വഴി ഒരു പരിധിവരെ രക്തസ്രാവം തടയാന്‍ സാധിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.