2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സൂര്യാതപം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നാലു ദിവസത്തേക്കു കൂടി നീട്ടി

കൊച്ചി: സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സര്‍ക്കാര്‍ നാലു ദിവസം കൂടി നീട്ടി. ശരാശരിയില്‍ നിന്ന് നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

ഇന്നും നാളെയും സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. 11 ജില്ലകളില്‍ താപനില ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

എറണാകുളം, തൃശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ ഉയര്‍ന്നേക്കും. സംസ്ഥാനത്തെ മിക്ക ജില്ലകളിലും 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പാലക്കാട്ട് 39.8 ഡിഗ്രി സെല്‍ഷ്യസിലെത്തുകയും ചെയ്തു. ഇന്ന് മഞ്ചേരി, പാലക്കാട്, കോട്ടയം, കൊച്ചി, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിനടുത്തോ അതിന് മുകളിലോ താപനില എത്തുമെന്നാണ് പ്രവചനം. കൊച്ചി, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില്‍ ഇന്നലെ 36 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

സംസ്ഥാനം കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വിവിധയിടങ്ങളില്‍ നിന്നുള്ള ചൂട് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ അവസാനിച്ച ആഴ്ചയില്‍ മാത്രം 55 പേര്‍ക്ക് സൂര്യാതപമേറ്റതായി ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്ന എല്‍നിനോ പ്രതിഭാസത്തിനുള്ള സാധ്യത കൂടിവരുന്നതാണ് കേരളം വരള്‍ച്ചയിലേക്ക് നീങ്ങാന്‍ കാരണമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേരളത്തില്‍ പല പ്രദേശങ്ങളിലും സൂര്യാതപം മൂലം ആളുകള്‍ക്ക് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

  • 11 മണി മുതൽ 3 മണിവരെ നേരിട്ടു വെയിലേൽക്കരുത്.
  • കഴിയുന്നതും സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങള്‍ ധരിച്ചുമാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
  • നേരിട്ട് സൂര്യരശ്മികള്‍ ശരീരത്തില്‍ പതിക്കാത്ത തരത്തില്‍ വസ്ത്രധാരണം നടത്തേണ്ടതാണ്.
  • ശരീരത്തില്‍ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വാഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്പോള്‍ പ്രകടമാകുകയാണെങ്കില്‍ ഒട്ടും താമസിയാതെ വൈദ്യസഹായം തേടണം.
  • കുടിക്കാനായി തിളപ്പിച്ചാറ്റിയ തണുത്ത ജലം ഉപയോഗിക്കാം.
  • നിര്‍ജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതുമാണ്.
  • പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.