2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

വേനല്‍ മഴയ്ക്കു കാരണം താപസംവഹനം

ഇത്തവണ ട്രഫ് കൂടുതലും രൂപപ്പെട്ടത് സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു. കിഴക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ പാത്തിയെ തുടര്‍ന്നാണ് ഇടിയോടു കൂടിയ മഴയുണ്ടാകുന്നത്. മെയ് രണ്ടാം പകുതിയെത്തുമ്പോള്‍ ദക്ഷിണായന രേഖയുടെ (മകരവൃത്തം) ചരിവ് തെക്കന്‍ ഉപഭൂഖണ്ഡത്തോട് ചേര്‍ന്നു വരും. ഈ സമയത്താണ് ഇടിയോടു കൂടിയുള്ള വേനല്‍മഴ പെയ്യുന്നത്. ഈ മാസം 11 വരെ സംസ്ഥാനത്ത് 271 എം.എം മഴയാണ് ആകെ ലഭിച്ചത്. 186 എം.എം മഴ ലഭിക്കേണ്ടതിനു പകരമാണിത്. 31 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. ഇത്തവണ വേനലില്‍ 33 മുതല്‍ 36 ഡിഗ്രിവരെയായിരുന്നു കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. സാധാരണ ഊഷ്മാവിനേക്കാള്‍ 0.2 കുറവ് മുതല്‍ 1.8 ഡിഗ്രി കൂടുതല്‍ വരെ രേഖപ്പെടുത്തി.

ഡോ.വി.കെ മിനി minijayalal@yahoo.co.in

പടിഞ്ഞാറ് അറബിക്കടലിന്റെയും കിഴക്ക് പശ്ചിമഘട്ടത്തിന്റെയും ഇടയില്‍ പ്രത്യേക ഭൂമിശാസ്ത്രഘടനയുള്ള സംസ്ഥാനമാണ് കേരളം. കടലിന്റെയും പര്‍വതത്തിന്റെയും കാലാവസ്ഥാ ഒന്നിച്ച് അനുഭവിക്കാന്‍ കഴിയുന്ന സംസ്ഥാനം. വൈവിധ്യമായ പ്രകൃതിയോടൊപ്പം കാലാവസ്ഥയ്ക്കുമാണ് കേരളത്തിന്റെ ഭൂപ്രകൃതി കാരണമാകുന്നത്. സംസ്ഥാനത്തെ ഋതുക്കളെ നാലായി തരംതിരിക്കാം. ശീതകാലം, വേനല്‍ക്കാലം, കാലവര്‍ഷം, തുലാവര്‍ഷം എന്നിങ്ങനെ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഭൂമധ്യരേഖയോട് ഏറ്റവും അടുത്തുകിടക്കുന്നു എന്ന പ്രത്യേകതയും കേരളത്തിനുണ്ട്.
സമുദ്രത്തോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനത്തിന്റെ കിഴക്ക് കോട്ടപോലെ വര്‍ത്തിക്കുന്ന പശ്ചിമഘട്ടവും സംസ്ഥാനത്തെ പ്രസന്നമായ കാലാവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള വരണ്ട കാറ്റിനെ തടഞ്ഞുനിര്‍ത്തി കേരളം വരളാതെ കാക്കുന്നത് പശ്ചിമഘട്ടമാണ്. പ്രതിവര്‍ഷം രണ്ടു ഘട്ടങ്ങളിലായി 300 സെ.മീ മഴ ലഭിക്കുന്നു. 28 ഡിഗ്രി മുതല്‍ 34 ഡിഗ്രിവരെയാണ് ശരാശരി താപനില. സമുദ്രനിരപ്പില്‍ നിന്ന് ഉയരം കൂടിയ പ്രദേശങ്ങളില്‍ താപനില 20 ഡിഗ്രിവരെ കുറയുന്നു.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ജൂണ്‍ മുതല്‍ കാലവര്‍ഷം തുടങ്ങും. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് രാജ്യത്ത് മിക്കയിടത്തും ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ കാലയളവിനെ പ്രീ മണ്‍സൂണ്‍ സീസണ്‍ എന്നും പറയാറുണ്ട്. ഫെബ്രുവരി കഴിയുന്നതോടെ ചൂട് കൂടിവരികയും ഉഷ്ണകാലത്തിന് തുടക്കമാകുകയും ചെയ്യും. മഴമേഘങ്ങള്‍ ഈ കാലത്ത് മാറിനില്‍ക്കുകയും ആര്‍ദ്രത കൂടുന്നതിനാല്‍ വിങ്ങല്‍ അനുഭവപ്പെടുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളില്‍ 40 ഡിഗ്രി വരെ താപനില ഉയരുമെങ്കിലും കേരളത്തില്‍ അത്രയൊന്നും ചൂട് കൂടാറില്ല. പശ്ചിമഘട്ടമാണ് വേനലിലും കേരളത്തെ തണുപ്പുള്ള സ്ഥലമാക്കി നിലനിര്‍ത്തുന്നത്. അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റ് പശ്ചിമഘട്ടത്തില്‍ തട്ടി എ.സിയുടെ മാതൃകയില്‍ സംസ്ഥാനത്തെ കൊടുംചൂടില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.
വേനലില്‍ വെന്തുരുകുമ്പോള്‍ കുളിരേകാന്‍ വേനല്‍മഴയും സംസ്ഥാനത്തെത്തുന്നു. ഇപ്പോള്‍ ലഭിക്കുന്ന ശക്തിയായ വേനല്‍മഴ സംസ്ഥാനത്ത് വരള്‍ച്ചാ ഭീഷണിയെ ഇല്ലാതാക്കിയിട്ടുണ്ട്. കണ്‍വക്ടീവ് ആക്ടിവിറ്റി എന്ന താപസംവഹനമാണ് വേനല്‍മഴയ്ക്ക് കാരണമാകുന്നത്. ദ്രവങ്ങളിലും വാതകങ്ങളിലും ആലക്തിക ശക്തി വ്യാപിക്കുന്ന രീതിയാണിത്. ഇത് വായുവിന്റെ ഗതിയില്‍ മാറ്റംവരുത്തുന്നു. അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന സ്ഥിത വൈദ്യുതോര്‍ജം സ്വയം മോചനം നേടുന്നതിനുള്ള പ്രതിഭാസമാണ് ഇടിമിന്നല്‍. ഇലക്ട്രോണുകളുടെ അഥവാ ഋണോര്‍ജങ്ങളുടെ പ്രവാഹത്തെ തുടര്‍ന്നാണ് സാധാരണ മിന്നലുണ്ടാകുന്നത്. പ്രോട്ടോണുകളുടെ (ധനോര്‍ജ കണങ്ങളുടെ) പ്രവാഹം മൂലവും മിന്നലുണ്ടാകാറുണ്ടെങ്കിലും താരതമ്യേന കുറവാണ്. മേഘങ്ങളില്‍ നിന്ന് മേഘങ്ങളിലേക്കും മേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്കും മിന്നലുണ്ടാകുന്നു. മിന്നല്‍ പിണറുകള്‍ സെക്കന്റില്‍ 60,000 മീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കുന്നു. ഊഷ്മാവ് 34,000 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യുന്നു. മിന്നല്‍ വായുവിനെ കീറിമുറിച്ച് സഞ്ചരിക്കുമ്പോഴുള്ള ഭയാനകമായ ശബ്ദത്തെയാണ് ഇടിമുഴക്കം എന്നു പറയുന്നത്. വേനല്‍മഴയ്‌ക്കൊപ്പവും തുലാവര്‍ഷക്കാലത്ത് വൈകിട്ടുമാണ് സാധാരണ ഇടിമിന്നല്‍ കൂടുതലായും അനുഭവപ്പെടുന്നത്. മണ്‍സൂണ്‍ കാലത്ത് ഇടിമിന്നല്‍ കുറവാണെങ്കിലും അപൂര്‍വമായി കാണപ്പെടാറുണ്ട്.
വേനല്‍ക്കാലത്ത് കിഴക്കന്‍ മധ്യപ്രദേശ് മുതല്‍ തെക്കന്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദപാത്തി(ട്രഫ്)യോ കാറ്റിന്റെ ഗതിയിലുള്ള വ്യതിയാനമോ ആണ് മഴക്ക് കാരണമാകുന്നത്. ന്യൂനമര്‍ദപാത്തി കിഴക്കോ പടിഞ്ഞാറോ ആയി രൂപപ്പെടാം. ഇത്തവണ ട്രഫ് കൂടുതലും രൂപപ്പെട്ടത് സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു. കിഴക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ പാത്തിയെ തുടര്‍ന്നാണ് ഇടിയോടു കൂടിയ മഴയുണ്ടാകുന്നത്. മെയ് രണ്ടാം പകുതിയെത്തുമ്പോള്‍ ദക്ഷിണായന രേഖയുടെ (മകരവൃത്തം) ചരിവ് തെക്കന്‍ ഉപഭൂഖണ്ഡത്തോട് ചേര്‍ന്നു വരും. ഈ സമയത്താണ് ഇടിയോടു കൂടിയുള്ള വേനല്‍മഴ പെയ്യുന്നത്. ഈ മാസം 11 വരെ സംസ്ഥാനത്ത് 271 എം.എം മഴയാണ് ആകെ ലഭിച്ചത്. 186 എം.എം മഴ ലഭിക്കേണ്ടതിനു പകരമാണിത്. 31 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. ഇത്തവണ വേനലില്‍ 33 മുതല്‍ 36 ഡിഗ്രിവരെയായിരുന്നു കൂടിയ അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. സാധാരണ ഊഷ്മാവിനേക്കാള്‍ 0.2 കുറവ് മുതല്‍ 1.8 ഡിഗ്രി കൂടുതല്‍ വരെ രേഖപ്പെടുത്തി.
(തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയാണ് ലേഖിക)
തയാറാക്കിയത്. കെ.ജംഷാദ്

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.