2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ മരിക്കാന്‍ പാസ് വേണ്ട, എന്റെ മരണം പ്രവാസിയുടെ സമരമാണ് ‘ സര്‍ക്കാരുകളെ വിമര്‍ശിച്ച് മലയാളിയുടെ ആത്മഹത്യാക്കുറിപ്പ്

വടകര: ‘ ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ കൊവിഡ്19 ബാധിതനായാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്’ -നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത വിഷമത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആത്മഹത്യ ചെയ്ത ടി. ബിനീഷിന്റെ ആത്മഹത്യ കുറിപ്പിലെ വരികളാണിത്.

ചെന്നൈയില്‍ ചായക്കടയില്‍ ജോലി ചെയ്തിരുന്ന വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷിനെ(41) ബുധനാഴ്ചയാണ് താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് വരാനിരിക്കെ യാത്ര റദ്ദാക്കി ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ 30നാണ് മലയാളി സംഘടന വഴി ബിനീഷ് നാട്ടിലേക്കുള്ള യാത്രാപാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസില്‍ ബിനീഷിന് യാത്രാ സൗകര്യമൊരുക്കി. എന്നാല്‍ നാട്ടില്‍നിന്ന് വന്ന ഫോണ്‍ കോളിനെ തുടര്‍ന്ന് അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു.
യാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനു ശേഷമാണ് ഫോണ്‍ കോള്‍ വന്നത്. തുടര്‍ന്ന് ബിനീഷ് അസ്വസ്ഥനായിരുന്നുവെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.
ആത്മഹത്യാ കുറിപ്പിന്റെ കൂടെ അമ്മയുടെ ഫോണ്‍ നമ്പരും എഴുതിയിരുന്നു. നാട്ടിലെത്തുമെന്ന് അറിയിച്ചതിനാല്‍ ക്വാറന്റൈയിനിലിരിക്കാന്‍ വീട്ടില്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മുടപ്പിലാവ് മരാമഠത്തില്‍ പരേതനായ ബാല കുറുപ്പിന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: പ്രവീണ. മകള്‍: ഗൗരീ കൃഷ്ണ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News