2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അയോധ്യയില്‍ ആര്‍.എസ്.എസിനായി ചരിത്രമുണ്ടാക്കിയ കെ.കെ മുഹമ്മദിന് ഫാറൂഖ് കോളജില്‍ ആദരം: സംഘ്പരിവാറിന് അശുദ്ധമാക്കാനുള്ളതല്ല ഈ കലാലയമെന്ന് വിദ്യാര്‍ത്ഥികള്‍

 

കോഴിക്കോട്: സംഘ്പരിവാറിനനുകൂലമായി ചരിത്ര നിലപാട് സ്വീകരിക്കുന്ന കെ.കെ മുഹമ്മദ് പങ്കെടുക്കുന്ന ചടങ്ങിനെതിരേ ഫാറൂഖ് കോളജില്‍ പ്രതിഷേധം. കെ.കെ മുഹമ്മദിന് സ്വീകരണം ഒരുക്കി അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ നടത്തുന്ന ചടങ്ങിനെതിരേയാണ് പ്രതിഷേധം. ഈ മാസം 19ന് നടക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ രംഗത്തെത്തി കഴിഞ്ഞു. മുഖ്യാതിഥിയായ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കെ.കെ മുഹമ്മദിനെ ആദരിക്കുന്നത്. അലിഗഢ് പൂര്‍വ വിദ്യാര്‍ഥിയായ കെ കെ മുഹമ്മദ് കഴിഞ്ഞ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡ് ജേതാവായതിന്റെ ഭാഗമായാണ് സര്‍ സയ്യിദ് ദിനാചരണവുമായി ബന്ധപ്പെട്ട് ആദരിക്കുന്നത്.

 

 

മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

ബാബരിയുള്‍പടെയുള്ള ചരിത്ര വിഷയങ്ങളില്‍ സംഘ്പിരവാര്‍ നിലപാടിനൊപ്പമായിരുന്നു കെ.കെ മുഹമ്മദ് എന്ന ആരോപണം നേരത്തേയും ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ട്രെയിനി എന്ന നിലിയില്‍ അയോധ്യയില്‍ ഉത്ഖനനത്തിന് വന്ന വ്യക്തിയാണ് കെ.കെ മുഹമ്മദെന്ന് ആര്‍ക്കിയോളജിക്കര്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.ബി ലാലും സംഘവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1976-77 കാലഘട്ടില്‍ ഒരു ട്രെയിനിയായിട്ടാണ് പര്യവേഷണത്തിന് മുഹമ്മദ് എത്തിയതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുഹമ്മദിന്റെ പേരില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

ബാബരി മസ്ജിദ് വിഷയത്തില്‍ ആര്‍.എസ്.എസ് അനുകൂലവും അബദ്ധജടിലവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്ക് ആദരവിന്റെ ആതിഥേയത്വം വഹിക്കാന്‍ ഫാറൂഖ് കോളേജ് വേദിയാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബാബരി പള്ളി ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നും ഉത്ഖനനത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും കൂലിക്ക് വേണ്ടി പേനയുന്തിയ കെ കെ മുഹമ്മദ് എന്ന സംഘപരിവാര്‍ ഉപാസകന് കാല് കുത്തി അശുദ്ധമാക്കാനുള്ളതല്ല ഈ അക്ഷരങ്ങളുടെ മലര്‍വാടിയെന്നും സര്‍ സയ്യിദിന്റെ സ്മരണ ദിനത്തില്‍ ഫാറൂഖ് കോളേജില്‍ നടക്കുന്ന ഈ പരിപാടിക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ അറിയിച്ചു

സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന ചരിത്രകാരന്‍ കെ.കെ മുഹമ്മദിനെ സര്‍ സയ്യിദ് ദിനാഘോഷ ചടങ്ങില്‍ ആദരിക്കുന്നതില്‍ എം.എസ്.എഫ് അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ബാബരി വിഷയത്തില്‍ അദ്ദേഹം നിരത്തിയ വാദങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും, ചരിത്രത്തെ വികലമാകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും പറഞ്ഞ് കൊണ്ട് ചരിത്രകാരനും അലിഗഡ് വിസിറ്റിംഗ് പ്രഫസറുമായ ഇര്‍ഫാന്‍ ഹബീബ്, അലിഗഡ് ചരിത്ര വിഭാഗം മേധാവി സയ്യിദ് നദീം അലി റിസ്‌വി, ഡി എന്‍ ഝാ തുടങ്ങിയ പ്രമുഖരായ ചരിത്രകാരന്മാരും രംഗത്തു വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരം അനുമോദനങ്ങള്‍ യാതൊരു സന്ധിയുമില്ലാതെ ബഹിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണെന്നും    അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ചരിത്ര കണ്ടെത്തലുകള്‍കല്ല ആദരവെന്നും അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷന്‍ മെമ്പര്‍ എന്ന നിലയിലാണ് ആദരവ് നല്‍കുന്നതെന്നും നേരത്തെ എം.ഇ.എസും എം.എസ്.എസും ഫ്രൈഡെ ക്ലബ്ബും മുഹമ്മദിനെ ആദരിച്ചിട്ടുണ്ടെന്നും
കേരള ഗവര്‍ണര്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് മാറ്റിവെക്കാന്‍ ആലോചിക്കുന്നില്ലെന്നും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ അയ്യൂബ് സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.