2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

വിരലടയാളത്തിന്റെ കഥ

ഇര്‍ഫാന ഫാറൂഖ്

കിഴക്കന്‍ ബാബിലോണിയക്കാരാണ് ചരിത്രത്തിലാദ്യമായി വിരലടയാളം ഉപയോഗിച്ചതെന്ന് കരുതുന്നു. ഹമ്മുറാബി ചക്രവര്‍ത്തി വിരലടയാളം ഔദ്യോഗിക രേഖകളില്‍ പതിപ്പിച്ചിരുന്നു. ഈജിപ്തില്‍ കുറ്റവാളികളുടെ വിരലടയാളം കുറ്റപത്രത്തിന് താഴെ പതിപ്പിച്ചിരുന്നു. മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള വിരലടയാളം പതിഞ്ഞ ശിലാഫലകം ഈജിപ്ഷ്യന്‍ പിരമിഡുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൈനയിലും ജപ്പാനിലും ആദ്യ കാലത്ത് വിരല്‍ മുദ്ര വാണിജ്യാവശ്യങ്ങള്‍ക്കുള്ള കരാറില്‍ നിര്‍ബന്ധമാക്കിയിരുന്നു. അന്ന് വിരലടയാളത്തിന്റെ രഹസ്യങ്ങള്‍ ലോകത്തിനന്യമായിരുന്നു. ഇന്ത്യയില്‍ നിന്നാണ് ഇതിനൊരു വിശദീകരണം ആദ്യമായി ലോകത്തിന് ലഭിക്കുന്നത്.

അവകാശികള്‍ മൂന്ന്

ബ്രിട്ടിഷ് ഭരണ കാലത്ത് വില്യം ഹേര്‍ഷല്‍ എന്ന സബ് കലക്ടറാണ് വിരലടയാളത്തിന്റെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടിയത്. വിരലടയാളത്തിലൂടെ കുറ്റവാളിയെ കണ്ടെത്താമെന്ന് അദ്ദേഹം തെളിയിച്ചു. ഈ കാലത്തു തന്നെ വിരലടയാളത്തിന്റെ പഠനങ്ങളുമായി ഹെന്റി ഫാള്‍ഡ് എന്ന സ്‌കോട്ട്‌ലന്റുകാരനും മുന്നോട്ടുവന്നു. ഇതോടെ വിരലടയാളത്തിന്റെ അവകാശവാദമുന്നയിച്ച് ഇരുവരും തര്‍ക്കത്തിലായി.
ഒടുവില്‍ കണ്ടുപിടുത്തത്തിനുള്ള പേറ്റന്റ് റോയല്‍ സൊസൈറ്റി രണ്ടുപേര്‍ക്കും വിഭജിച്ചു കൊടുത്തുവെന്നാണ് ചരിത്രം. എന്നാല്‍ ജര്‍മനിയിലെ വില്‍ഹീം എംബര്‍ എന്നയാളും ഇതേ കണ്ടുപിടുത്തം വര്‍ഷങ്ങള്‍ക്കുമുന്‍പേ നടത്തിയിരുന്നു. പാവം എംബര്‍ തന്റെ കണ്ടുപിടുത്തം ഭരണവര്‍ഗം പുച്ഛിച്ച് തള്ളിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

വിരലടയാളത്തിന്റെ പിതാവ്

കാര്യങ്ങള്‍ ഇത്രത്തോളമാണെങ്കിലും വിരലടയാള ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഫ്രാന്‍സിസ് ഗാള്‍ട്ടനാണ്. വിരലടയാള പഠനത്തിന് പ്രചോദനമായതാകട്ടെ ഹെന്റി ഫോള്‍ഡ് നേച്ചര്‍ മാസികയില്‍ എഴുതിയ ലേഖനമാണ്. എന്തൊരു വൈചിത്രം. ബ്രിട്ടിഷ് ഇന്ത്യയിലെ ബംഗാളില്‍ പൊലിസ് തലവനായ എഡ്വേഡ് ഹെന്റിയും അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ അസീസുല്‍ ഹക്കും ചേര്‍ന്ന് പിന്നീട് വിരലടയാള ഗവേഷണത്തില്‍ വിസ്മയങ്ങള്‍ തന്നെ സൃഷ്ടിക്കുകയുണ്ടായി.
ലോകത്തിലെ ഒന്നാമത്തെ വിരലടയാള ബ്യൂറോ സ്ഥാപിതമായത് കൊല്‍ക്കത്തയിലും രണ്ടാമത്തേത് കൊച്ചു കേരളത്തിലുമാണെന്നതാണ് ഏറെ ശ്രദ്ധേയം.

കോളിന്‍പിച്ച്‌ഫോര്‍ക്കും
കുറ്റകൃത്യവും

സംഭവം നടക്കുന്നത് ഇംഗ്ലണ്ടിലെ ലെയ്സ്റ്റര്‍ഷെയറിനടുത്ത നാര്‍ബോറോ ഗ്രാമത്തിലാണ്. വര്‍ഷം 1983. ആ വര്‍ഷം നവംബറില്‍ ലിന്‍ഡ മാന്‍ എന്ന കൗമാരക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മൂന്ന് വര്‍ഷത്തിന് ശേഷം 1986 ജൂലൈയില്‍ ലെയ്സ്റ്റര്‍ഷെയറിനടുത്തുള്ള ഗ്രാമത്തിലെ ആഷര്‍ത്ത് എന്ന കൗമാരക്കാരിയും സമാനരീതിയില്‍ കൊല്ലപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തത് റിച്ചാര്‍ഡ് ബുക്‌ലന്‍ഡ് എന്ന പതിനേഴുകാരനെ ആയിരുന്നു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ കുറ്റം ചെയ്തത് ഇയാളല്ലെന്ന് തെളിഞ്ഞു. പൊലിസുകാര്‍ മുന്നാംമുറ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നതായിരുന്നു ഇതിന്റെ പിന്നാമ്പുറ രഹസ്യം.
സംഭവ സ്ഥലത്തു നിന്നും ലഭിച്ച വിവരങ്ങളും റിച്ചാര്‍ഡ് ബുക് ലന്‍ഡിന്റെ ശരീരത്തില്‍ നിന്നു ശേഖരിച്ചവയും തമ്മില്‍ മാച്ചാകാത്തതിനാല്‍ കേസ് പരാജയപ്പെട്ടു. തുടര്‍ന്ന് അയ്യായിരത്തിലേറെ പേരുടെ ഡി.എന്‍. എ രഹസ്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അവയില്‍ നിന്ന് കോളിന്‍ പിച്ച്‌ഫോര്‍ക് എന്നയാളാണ് കുറ്റം ചെയ്തതെന്ന് തെളിഞ്ഞു.
ഡി.എന്‍.എ ഫിംഗര്‍പ്രിന്റ് സാങ്കേതികയിലൂടെ തെളിയിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കേസാണിത്. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ലെയ്സ്റ്റര്‍ യൂനിവേഴ്‌സിറ്റിയിലെ അലെക് ജെഫ്രി എന്ന ഗവേഷകനായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.