2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നെയ്‌തെടുത്ത ഗോള്‍ വലയം

ടി.പി ജലാല്‍

പ്ലസ്ടു വരെ ഫുട്‌ബോളും സെവന്‍സുമായി നടന്ന പയ്യനെ, പഠിപ്പിച്ച് ഉയരങ്ങളിലെത്തിക്കാനായിരുന്നു കണ്ണൂര്‍ ജില്ലാ ലീഗ് മത്സരങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഗോള്‍കീപ്പര്‍ സി.കെ (ചോലക്കടവത്ത്) ഉമ്മറെന്ന ഉപ്പയുടെ ലക്ഷ്യം. കളി നിര്‍ത്തണം. ഇല്ലെങ്കില്‍ അവസാനം പരുക്കേറ്റ് മൂലയിലിരിക്കേണ്ടി വരും. മുന്‍ ഗോള്‍കീപ്പറിലെ ദീര്‍ഘ വീക്ഷണം ഉണര്‍ന്നു. ഇതിന് താന്‍ തന്നെ ഉദാഹരണമാണെന്ന് മുട്ടിന് പരുക്കേറ്റ ആ പിതാവ് ഉപദേശിച്ചു. ഫുട്‌ബോള്‍ കളിച്ച് ശരീരം നശിപ്പിക്കരുത്.  ഉപ്പക്കൊപ്പം ഉമ്മയും ചേര്‍ന്നു. മകനുമായി നിരന്തരം വഴക്കിട്ടു. പ്ലസ്ടു വരെ നിന്നെ കളിക്കാന്‍ വിട്ടു. ഇനി നീ ജീവിതം നശിപ്പിക്കരുത്. നീ പറയുന്ന ഇന്ത്യയിലെ ഏത് കോളജിലും പഠിപ്പിക്കാം. സി.കെ പറഞ്ഞു. എന്നാല്‍ 17 കാരന്‍ ഉപ്പയ്ക്ക് മുന്നില്‍ തോല്‍ക്കാന്‍ തയ്യാറായില്ല. പ്ലസ്ടു കഴിഞ്ഞു. ഇനി ഞാന്‍ പഠിക്കില്ല, ഫുട്‌ബോളിലൂടെയാണ് എന്റെ ഇനിയുള്ള യാത്ര. പിതാവിന്റെ വാക്കിന് വില കല്‍പിക്കാതെ ‘അനുസരണയില്ലാത്ത’ ചെക്കന്‍ ഫുട്‌ബോളിലേക്ക് തന്നെ തിരിഞ്ഞു. കൂത്തുപറമ്പ് എം.ജി കോളജില്‍ നിന്നു  പ്ലസ്ടു കൊമേഴ്‌സില്‍ 75 ശതമാനം മാര്‍ക്കോടെ പാസായ ഉബൈദിന് പഠിക്കാനുള്ള ബുദ്ധിയില്ലാത്തതു കൊണ്ടായിരുന്നില്ല. മറിച്ച് ഫുട്‌ബോള്‍ അവന്റെ രക്തത്തില്‍ അലിഞ്ഞിരുന്നു.
 
വിസില്‍ മുഴങ്ങുന്നത് 
ദൃശ്യയിലൂടെ 
 
നഗരസഭയുടെ ക്യാംപില്‍ സ്‌ട്രൈക്കറാവുന്നതില്‍ നിന്നു പരിശീലകന്‍ ശ്രീധരനാണ് ഈ ഉയരക്കാരനെ ഗോള്‍ പോസ്റ്റിലെത്തിച്ചത്. നാട്ടുകാരുടെ ദൃശ്യ ക്ലബ്ബ് കൂത്തുപറമ്പിന് വേണ്ടിയാണ് ഉബൈദ് ആദ്യം കളിയാരംഭിച്ചത്. സ്വന്തം ക്ലബ്ബായതിനാല്‍ കളിക്ക് പ്രതിഫലം ആഗ്രഹിച്ചതുമില്ല, ലഭിച്ചതുമില്ല. ഇടക്കിടെ 100-150 രൂപയൊക്കെ കിട്ടിയെങ്കിലും സ്വന്തം ചെലവിനായി മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്‌സും പഠിച്ചു. ചില കടകളില്‍ ജോലിയെടുത്ത് പണം കണ്ടെത്തി. കഠിനാധ്വാനം ടോപ് മോസ്റ്റ് തലശ്ശേരിയുടെ കീപ്പറാക്കി. ശേഷം ജയ ബേക്കറി തൃശ്ശൂരില്‍. അവിടെ നിന്നും ഇലവന്‍സ് കളിക്കാന്‍ വിവാകേരളയിലുമെത്തി. മാസം 7000 രൂപക്കായിരുന്നു കരാര്‍. ഉബൈദ് ഓര്‍ക്കുന്നു. വിവാ കേരള പിരിച്ചുവിട്ടതോടെ വീണ്ടും സെവന്‍സിലേക്ക് തിരിയേണ്ടി വന്നു. ഇതിനിടെ ജോസ്‌കോയിലെത്തിയ താരത്തിന് ഒന്നരമാസത്തെ ശമ്പളം കൊടുക്കാതെ ടീം പിരിച്ചുവിട്ടത് കയ്യിലണിഞ്ഞ ഗ്ലൗ ഊരിത്തെറിച്ചത് പോലെയായി.
 
പ്രദീപ് സാറിന്റെ പാസിങ്
 
വിവ കേരളക്ക് ശേഷം വീണ്ടും സെവന്‍സില്‍ കൊണ്ടെത്തിച്ചത് ഉബൈദിനെ നിരാശനാക്കിയെങ്കിലും പരിശീലനം മുടക്കിയില്ല. കഠിനമായ ഡൈവിങ്ങും ബോള്‍ കണ്‍ട്രോളിങ്ങും പരിശീലിച്ചു. ഇതിനിടെ അവിചാരിതമായാണ് എം.ആര്‍.സിയിലെ പ്രദീപ് കുമാര്‍ ഉബൈദിന്റെ രക്ഷകനായെത്തുന്നത്. പ്രദീപ് നിരന്തര പരിശീലനം നല്‍കി ഉബൈദിനെ മാറ്റിമറിച്ചു. മാസങ്ങള്‍ക്ക് ശേഷം പ്രദീപ് ഗോവയില്‍ ഡെംപോയുടെ സെലക്ഷന്‍ ക്യാംപിലേക്ക് കൂട്ടിക്കൊണ്ടുപോയി. കളിക്കാര്‍ കൂടുതലാണെന്നും അവസരമില്ലെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രദീപിന്റെ ഇടപെടലില്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഉബൈദിനെ ടീം ഉടമ അര്‍മാന്റോ കൊളാസോ ടീമിലെടുത്തു. വിവരമറിഞ്ഞതോടെ ഉപ്പ അവന്റെ ഇഷ്ടംപോലെ നടക്കട്ടേയെന്ന് തീരുമാനിച്ചു. ഡെംപോയിലെ പ്രകടനം മുംബൈ എയര്‍ ഇന്ത്യയിലും ഒ.എന്‍.ജി.സിയുമെത്തിച്ചു. 
 
ഇഷ്ടക്കാരില്‍ നിന്ന് കിട്ടിയ പെനാല്‍റ്റി
 
എയര്‍ ഇന്ത്യയിലും ഒ.എന്‍.ജി.സിയിലുമടക്കം മൂന്നു വര്‍ഷമാണ് മുംബൈ ലീഗിലടക്കം തിളങ്ങിയത്. രണ്ട് തവണ ചാംപ്യന്‍ടീമിലും ഒരു തവണ റണ്ണറപ്പ് ടീമിലും അംഗമായി. മികച്ച കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം എയര്‍ ഇന്ത്യയിലും പിന്നീട് ഒ.എന്‍.ജി.സിയിലുമാണ് അവസാന പ്രതിരോധനിരക്കാരനായത്. വീണ്ടും എയര്‍ ഇന്ത്യയിലെത്തി. പക്ഷെ സാമ്പത്തിക പ്രതിസന്ധി എയര്‍ ഇന്ത്യയില്‍ പിടിമുറുക്കി. ഇതിനിടെ മഹാരാഷ്ട്രയെ സന്തോഷ് ട്രോഫിയിലും 2015ലെ ദേശീയ ഗെയിംസിലും (വെങ്കല മെഡല്‍ ജേതാക്കളാക്കി) പ്രതിനിധീകരിച്ചതിലൂടെ നേരിയ പ്രതീക്ഷ വന്നു. എങ്കിലും കളിക്കുന്ന ക്ലബ്ബുകളിലെ സാമ്പത്തിക ഞെരുക്കം ദൈനംദിന ജീവിതത്തിലും പ്രതിസന്ധി സൃഷ്ടിച്ചു. കളിയോട് വിടപറയാന്‍ പ്രേരിപ്പിച്ചു. കിട്ടുന്ന ശമ്പളം കുറവ്. ചെലവിന് പോലും പണം തികയാത്ത അവസ്ഥ. കുപ്പായം അഴിച്ചുവയ്ക്കുകയാണെന്ന് യു.എ.ഇയിലുള്ള സഹോദരന്‍ ഉനൈസിനെ നിരന്തരം ഫോണ്‍ചെയ്തു പറഞ്ഞു. ഗള്‍ഫിലെ ഒരു സെവന്‍സ് ടീമില്‍ നിന്ന് ഓഫറും ജോലിയും വന്നതോടെ ഉബൈദ് പറക്കാന്‍ മോഹിച്ചു. എന്നാല്‍, ഇങ്ങോട്ട് വരണ്ട നീ കാണുന്ന പോലുള്ള ഗള്‍ഫല്ലെന്ന് സഹോദരന്‍ നിരുത്സാഹപ്പെടുത്തി. ഉനൈസിനൊപ്പം ബന്ധുക്കളായ റിയാസും സജീറും ഉബൈദിനെ ഉപദേശിച്ചു. നിനക്ക് കളിയില്‍ തന്നെ ഭാവിയുണ്ട്. നിനക്കുള്ള എന്ത് പ്രയാസങ്ങളും ഞങ്ങള്‍ ഏറ്റെടുക്കാം. അവര്‍ ഊര്‍ജ്ജം പകര്‍ന്നു. ഇത് ഒരു ഗോളിന് പിന്നിട്ടുനിന്ന ടീമിന് പെനാല്‍റ്റി ലഭിച്ച പ്രതീതിയായി. ഈ പിന്തുണയാണ് എന്നെ ഇവിടംവരെ എത്തിച്ചത്. അവരുണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല. ഉപ്പയുടെ പാരമ്പര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഉപ്പയുടെ കളി കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഉപ്പയെപ്പോലെ പ്രതിസന്ധി വന്നപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ഇതില്‍ നിന്നാണ് ബന്ധുക്കള്‍ എന്നെ കരകയറ്റിയത്- ഉബൈദ് പറയുന്നു.
 
വീണ്ടും കേരളത്തിന്റെ കളത്തില്‍
 
ബന്ധുക്കളുടെ പിന്തുണ ലഭിച്ചതോടെ ഫുട്‌ബോളിനൊപ്പം തന്നെ ജീവിതസഞ്ചാരം തുടരാന്‍ തീരുമാനിച്ചു. ഇതിനിടെ എയര്‍ ഇന്ത്യ ടീം കൂടുതല്‍ സാമ്പത്തികമായി പിന്നോട്ടടിച്ചപ്പോള്‍ ക്ലബ്ബ് വിട്ടു. എങ്കിലും മുംബൈ ലീഗില്‍ വച്ച് അന്നത്തെ മുംബൈ എഫ്.സിയുടെ കോച്ച് ഖാലിദ് ജമീലുമായി ബന്ധം സ്ഥാപിച്ചിരുന്നു. അവസരം ഉണ്ടെങ്കില്‍ പറയണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. തീര്‍ച്ചയായും പറയാമെന്ന് ഖാലിദ് ജമീല്‍ ആശ്വസിപ്പിച്ചു. ഇതിനിടെ തൃശ്ശൂരില്‍ കേരള എഫ്.സി രൂപീകരിച്ചതോടെ ടീമില്‍ ചേര്‍ന്നു. മഹാരാഷ്ട്രയില്‍ നടന്ന ഒരു ചാംപ്യന്‍ഷിപ്പില്‍ കേരള എഫ്.സിയെ ചാംപ്യന്‍മാരാക്കുക വഴി മികച്ച കീപ്പറുമായി.
 
ഖാലിദ് ജമീലിന്റെ വക മറ്റൊരു പാസ്
 
എഫ്.സി കേരള ചാംപ്യന്മാരായ ദിവസം അപ്രതീക്ഷിതമായി ഖാലിദ് ജമീലിന്റെ ഫോണ്‍ വന്നു. ഐസ്വാള്‍ എഫ്.സിയെ വിട്ട് ഈസ്റ്റ് ബംഗാളിലെത്തിയ ഖാലിദ് ജമീല്‍ ട്രയല്‍സിന് ക്ഷണിച്ചു. ഗോള്‍ പോസ്റ്റിനോളം നിറഞ്ഞു കവിഞ്ഞ സന്തോഷത്താല്‍ ഉബൈദ് പങ്കെടുത്തു. ട്രയല്‍സില്‍ ഉബൈദിനെ ബംഗാളിന് പിടിച്ചു. ജംഷഡ്പൂര്‍ എഫ്.സിയുമായുള്ള പരിശീലന മത്സരത്തില്‍ മാനേജ്‌മെന്റിന്റെ പ്രിയ താരമാവുകയും കരാറിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഐലീഗിലും സൂപ്പര്‍ കപ്പിലും ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. സാള്‍ട്‌ലേക്കിലെ മിന്നും താരമായി. ആരാധകര്‍ വര്‍ധിച്ചു. ആ സീസണില്‍ മൊത്തം 11 കളികളില്‍ ഉബൈദിന്റെ കൈക്കരുത്ത് ഈസ്റ്റ് ബംഗാളിന് പെരുത്തിഷ്ടമായി.
 
ഈസ്റ്റ് ബംഗാളിനൊരു മറുപടി ഗോള്‍
 
രണ്ട് വര്‍ഷമാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഉബൈദ് ഗ്ലൗ അണിഞ്ഞത്. ആദ്യ സീസണില്‍ 11 കളികളില്‍ വലയ്ക്ക് കാവല്‍ നിന്നു. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമേ അവസരം കൊടുത്തുള്ളൂ. ഇതില്‍ ഉബൈദ് നിരാശനായിരുന്നു. മിനര്‍വ പഞ്ചാബില്‍ നിന്നും രക്ഷിത് ദാഗര്‍ വന്നതോടെയാണ് റിസര്‍വിലേക്ക് മാറ്റിയത്. പിന്നീടുള്ള മത്സരങ്ങളിലെല്ലാം ഈസ്റ്റ് ബംഗാളിന് വേണ്ടി പകരക്കാരന്‍ മാത്രം.  പ്രീ-സീസണ്‍ ടൂറിലും മികച്ച പ്രകടനം തുടര്‍ന്നിട്ടും അവസരം നല്‍കാതിരുന്നത് ഉബൈദിന്റെ ഉരുക്ക് ഹൃദയത്തെ വേദനിപ്പിച്ചു. രണ്ടു വര്‍ഷത്തേക്ക് കരാറിലൊപ്പു വച്ചിട്ട് കളിപ്പിച്ചതാവട്ടെ രണ്ട് മത്സരങ്ങളില്‍ മാത്രം. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ മനസുമടുത്ത് വിടുതല്‍ വാങ്ങി.
 
പ്രമുഖ ക്ലബ്ബുകള്‍ക്ക് ശ്രമം നടത്തുന്നതിനിടെ ഗോകുലത്തില്‍ നിന്നും ഓഫര്‍ വന്നു. പിന്നീടൊന്നും ആലോചിച്ചില്ല. മലബാരിയന്‍സിലേക്ക് തന്നെ മുഴുവനായും പറിച്ചു നട്ടു. വരവില്‍ ഒരു ലക്ഷ്യവുണ്ടായിരുന്നു. കാരണമില്ലാതെ കളിപ്പിക്കാതിരുന്ന ഈസ്റ്റ് ബംഗാളിന് ഒരു മറുപടി നല്‍കണമെന്ന്. ഇത് ആദ്യ ടൂര്‍ണമെന്റില്‍ അവരുടെ നാട്ടില്‍ തന്നെ കാണിച്ചു കൊടുക്കുകയും ചെയ്തു. 
 
സെമിയില്‍ സ്പാനിഷ് താരം ജിമ്മി സാന്റോസിന്റേയും ബോയ്താങ്ങിന്റേയും കിക്കുകള്‍ രക്ഷപ്പെടുത്തിയ ആകാശപ്പറവ പറഞ്ഞു. പന്തിന്റെ ഗതിക്കനുസരിച്ചാണ് പെനാല്‍റ്റി കിക്കിന് തയ്യാറെടുക്കുന്നത്. അതാണ് വിജയം. ഗോള്‍ലൈനിന് മുന്നില്‍ സ്പ്രിങ് ആക്ഷനോടെ എതിരാളിയെ ആശങ്കപ്പെടുത്തുന്നതാണ് മറ്റൊരു തന്ത്രം. ഈസ്റ്റ് ബംഗാളിനെതിരെ മത്സരശേഷം ബംഗാളുകാര്‍ മാത്രം കേട്ടു പരിചയമുള്ള തെറിയുടെ പൂരാഭിഷേകത്തിന് മുന്നില്‍ ഉബൈദ് ചൂളിപ്പോയില്ല. ഓരോ ഗോളവസരങ്ങള്‍ രക്ഷപ്പെടുത്തുമ്പോള്‍ ചീത്ത വിളിച്ച് വംഗനാട്ടുകാരെ പ്രകോപിപ്പിച്ചില്ല. എന്റെയും ആരാധകരാണവര്‍. അവരെ കൈയ്യടിപ്പിച്ചാണ് തന്റെ മനസിനെ നിയന്ത്രിച്ചത്. അല്ലെങ്കില്‍ അവരുടെ പ്രതികരണം മറ്റൊരു രീതിയിലാവുമായിരുന്നു. സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും, ഇല്ലെങ്കില്‍ ഞെക്കിക്കൊല്ലും. അതാണ് കൊല്‍ക്കത്തന്‍ കാണികളുടെ രീതി. മത്സര ശേഷം ഈസ്റ്റ് ബംഗാള്‍ സി.ഇ.ഒയും കാണികളും അഭിനന്ദിച്ചു.
 
എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ജീവിതപങ്കാളിയെ തേടിക്കൊണ്ടിരിക്കുന്ന ഇരുപത്തൊന്‍പതുകാരന്‍ എല്ലാം ഉള്ളിലൊതുക്കി. ഉമൈര്‍, ഉനൈസ്, സുഹൈറ എന്നിവരാണ് സഹോദരങ്ങള്‍. ഉമ്മ ശരീഫ.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.