2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തൊപ്പിയും മുണ്ടും ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞ് വീഡിയോ ചിത്രീകരണം; നാട്ടുകാര്‍ കയ്യോടെ പിടിച്ച് പൊലിസിലേല്‍പ്പിച്ചു

 

കൊല്‍ക്കത്ത: കല്ലെറിയുന്നത് മുസ്‌ലിംകളാണെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി തൊപ്പിയും മുണ്ടും ധരിച്ചെത്തി ട്രെയിനിന് കല്ലെറിഞ്ഞ് വീഡിയോ ഷൂട്ട് ചെയ്ത ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പശ്ചിമബംഗാള്‍ പൊലിസ് അറസ്റ്റ് ചെയ്തു.

മുസ്‌ലിംകള്‍ക്കെതിരെ ആരോപണമുന്നയിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തൊപ്പി വാങ്ങുന്ന തിരക്കിലാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവം പരാമര്‍ശിക്കാതെ പറഞ്ഞു. വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷം നടക്കുന്ന തന്റെ റാലിയിലും സമാനമായ സംഭവം ഉണ്ടാകാനിടയുണ്ടെന്ന് മമതാ ബാനര്‍ജി പറഞ്ഞു.

‘വെള്ളിയാഴ്ച നിസ്‌കാരത്തിനു ശേഷം പാര്‍ക്ക് സര്‍ക്കസില്‍ പ്രതിഷേധ യോഗമുണ്ട്. സമാധാനം പാലിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്. ബി.ജെ.പിയുടെ കെണിയില്‍ വീഴരുത്. ഇത് ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമിടയിലെ സംഘര്‍ഷമാക്കി മാറ്റാനാണ് അവര്‍ കഠിനമായി പരിശ്രമിക്കുന്നത്. ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു വേണ്ടി തൊപ്പികള്‍ വാങ്ങിക്കൂട്ടുന്നതായി ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുമ്പോള്‍ ധരിക്കാനാണിത്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച് ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലക്ഷ്യം’- മമതാ ബാനര്‍ജി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരെ ‘അവരുടെ വസ്ത്രംകൊണ്ട് തിരിച്ചറിയാ’മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പറഞ്ഞിരുന്നു.

സീല്‍ദ- ലാല്‍ഗോള റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന ട്രെയിനിനു നേരെയാണ് ആറു പേര്‍ ചേര്‍ന്ന് കല്ലെറിഞ്ഞത്. ഇതുകണ്ട സമീപവാസികള്‍ ഇവരെ പിടിച്ച് പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവായ അഭിഷേക് സര്‍ക്കാര്‍ (21) എന്നയാളുടെ നേതൃത്വത്തിലാണ് സംഘം തൊപ്പിയും മുണ്ടുമുടുത്ത് ട്രെയിനിന് കല്ലെറിഞ്ഞത്.

യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയാണ് ഇങ്ങനെ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ഇവര്‍ പറഞ്ഞതായി ജില്ലാ പൊലിസ് മേധാവി മുകേഷ് പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു ചാനല്‍ ഉണ്ടെന്ന് കാണിക്കാന്‍ അവര്‍ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നുവെന്നും ഏഴാമത്തെയാള്‍ ഓടിരക്ഷപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് പ്രാദേശിക നേതൃത്വം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇല്ലെന്നാണ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ ഘോഷിന്റെ പ്രതികരണം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.