2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഒളിക്യാമറാ വിവാദം: എം.കെ രാഘവനെതിരേ പൊലിസ് കേസെടുക്കും

പൊലിസിന്റെ നടപടി സി.പിഎം സ്ഥാനാര്‍ഥിയെ സഹായിക്കാനെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ കോഴ വിവാദത്തില്‍ അദ്ദേഹത്തിനെതിരെ അടുത്ത ദിവസം പൊലീസ് കേസെടുക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഒളികാമറ ദൃശ്യത്തിന്റെ എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ ടേപ്പ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കാന്‍ ക്രൈംകേസ് വേണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റക്ക് റിപ്പോര്‍ട്ട് നല്‍കി.

എന്നാല്‍ പൊലിസിന്റെ നടപടി സി.പിഎം സ്ഥാനാര്‍ഥിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട് ഇതുവരേ പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിന്റെ ചെറിയ ഭാഗം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് ലഭിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്ന് നിയമോപദേശം തേടിയതായും പൊലീസ് മേധാവി അറിയിച്ചു.
വിശദമായ അന്വേഷണം നടത്താന്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സീല്‍ചെയ്ത കവറിലെ ഒറിജിനല്‍ ദൃശ്യം ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ കോടതിയുടെ നിര്‍ദേശവും വേണം. അതുകൊണ്ട് ക്രൈംകേസ് രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാകും.

ദൃശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. രാഘവന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളും പരിശോധിച്ചാണ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.