2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ആളുകളുടെ ഒഴുക്കുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും മൂന്നുമാസമായി ശമ്പളമില്ല; ‘സ്റ്റാച്യൂ ഓഫ് യൂനിറ്റി’ ജീവനക്കാര്‍ പണിമുടക്കില്‍

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാര്‍ ഏറെകൊട്ടിഘോഷിച്ച് ടൂറിസംമേഖലയ്ക്കായി തുറന്നുകൊടുത്ത സ്റ്റാച്യൂ ഓഫ് യൂനിറ്റിയിലെ (സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ) ജീവനക്കാര്‍ക്കു കഴിഞ്ഞ മൂന്നുമാസമായി ശമ്പളമില്ല. ഇതോടെ സ്ഥാപനത്തിലെ നൂറോളം ജീവനക്കാര്‍ പണിമുടക്ക് തുടങ്ങിയതായി ഹിന്ദിപത്രം ദിവ്യാ ഭാസ്‌കര്‍ റിപ്പോര്‍ട്ട്‌ചെയ്തു. അപ്‌ഡേറ്റഡ് സര്‍വീസ് ലിമിറ്റഡ് (യു.ഡി.എസ്) എന്ന പേരിലുള്ള കമ്പനി ജീവനക്കാരാണ് നിലവില്‍ സ്റ്റാച്യൂ ഓഫ് യൂനിറ്റിയിലെ ജീവനക്കാര്‍. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടേല്‍ പ്രതിമക്കു ചുറ്റുമായി മനുഷ്യചങ്ങല തീര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സുരക്ഷാ ചുമതല, അടിച്ചുവാരല്‍, ഉദ്യോനപാലകര്‍, ടിക്കറ്റ് പരിശോധകര്‍ തുടങ്ങിയ ജോലികള്‍ ചെയ്തുവരുന്ന ജീവനക്കാരാണ് സമരം ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ തങ്ങളുടെ ജീവിതം വഴിമുട്ടിയതായി ജീവനക്കാര്‍ പറഞ്ഞു.

പ്രതിമാനിര്‍മാണം പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് നര്‍മദാതീരത്തെ തദ്ദേശവാസികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഇവിടെയുള്ള പൂന്തോട്ടം നനക്കാന്‍ വന്‍ജലസമ്പത്ത് വഴിതിരിച്ചുവിടുന്നത് തങ്ങളുടെ കൃഷിയെ ബാധിച്ചതായും കര്‍ഷകരും ആരോപിച്ചുവരികയായിരുന്നു. പോരാത്തതിന് പരിസ്ഥിതി വാദികളുടെ എതിര്‍പ്പും സ്റ്റാച്യൂ ഓഫ് യൂനിറ്റിക്കെതിരെ നിലവിലുണ്ട്. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ ജീവനക്കാരും സമരത്തിലേക്കു നീങ്ങിയിരിക്കുന്നത്.

അതേസമയം, വന്‍തോതില്‍ വിനോദയാത്രക്കാരുടെ ഒഴുക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട സ്റ്റാച്യൂ ഓഫ് യൂനിറ്റിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. 2018 നവംബര്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ 7.81 ലക്ഷം പേരാണ് പട്ടേല്‍ പ്രതിമ കാണാനെത്തിയതെന്നും ഇതില്‍നിന്ന് 19.47 കോടി രൂപ വരുമാനം ലഭിച്ചതായും കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയെന്ന വിശേഷണമുള്ള സ്റ്റാച്യൂ ഓഫ് യൂനിറ്റി കഴിഞ്ഞ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപത്തായാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.