2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പാലങ്ങള്‍

അര്‍ജന്റീന – നൈജീരിയ മത്സരം കഴിഞ്ഞ് ആരവങ്ങള്‍ ഒടുങ്ങിയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ട്രെയിനിറങ്ങുമ്പോള്‍ നേരം ഉച്ചയായിരുന്നു. ആതിഥേയനായ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ തന്റെ രണ്ടു ദിവസത്തെ കണ്‍സള്‍ട്ടേഷന്‍ ഒക്കെ ഒഴിവാക്കി ഞങ്ങള്‍ക്കൊപ്പം യാത്രക്കാരനായും വഴികാട്ടിയായും കൂടെയുണ്ട്.

വഴിയിലെ മെട്രോ സ്റ്റേഷനുകള്‍ ബോര്‍ഡുകള്‍ വായിക്കുമ്പോള്‍ തന്നെ ഹരം പിടിക്കും. പുഷ്‌കിന്‍, ദസ്തവസ്‌കായ എന്നൊക്കെയാണ് പേരുകള്‍. മഹാനായ റഷ്യന്‍ എഴുത്തുകാരോടുള്ള തദ്ദേശ ജനതയുടെ ആദരം. ഞങ്ങളുടെ താമസസ്ഥലത്തേക്ക് നടക്കുന്ന വഴികളിലാകെ മനോഹരമായ പുഷ്പങ്ങളും പൂക്കൂടകളും വില്‍ക്കുന്ന ഗ്രാമീണരെ കാണാം. റഷ്യന്‍ പഴങ്ങള്‍ വില്‍ക്കുന്ന വൃദ്ധകള്‍ ഫോട്ടൊയെടുക്കാന്‍ തല്‍പരരല്ല. ചോദിച്ചാല്‍ മുഖം തിരിക്കും.

താമസ സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഒരാധുനിക റഷ്യന്‍ ഫ്‌ളാറ്റ്‌.  സകല സൗകര്യങ്ങളും ഉണ്ട്. ചുമരില്‍ റഷ്യയിലെ കവിയുടെ ചിത്രം കാണാം.

നമ്മുടെ ഇടപ്പള്ളിയെ പോലെ തന്നെ. ചെറുപ്രായത്തില്‍ ആത്മഹത്യ ചെയ്തയാളാണ് എന്ന് വീട്ടുടമസ്ഥര്‍ പറഞ്ഞു. അവര്‍ക്ക് പ്രിയങ്കരനാണയാള്‍. രണ്ടു ദിവസത്തേക്ക് അടുക്കളയും രണ്ട് കിടപ്പുമുറിയും വിശാലമായ സ്വീകരണമുറിയും ഭക്ഷണം ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങള്‍ നിറഞ്ഞ അടുക്കളയുമുള്ള മുറിക്ക് ഉടമസ്ഥന്‍ വാടകയായി വാങ്ങിയത് വെറും നാലായിരത്തി അഞ്ഞൂറ് റൂബിള്‍.

ഒന്ന് വിശ്രമിച്ച ശേഷം ഞങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് മെട്രോ കയറി. നഗരം സജീവമാണ്. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരം. ധ്രുവപ്രദേശത്തോട് അടുത്തു നില്‍ക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ ഉല്ലാസ നഗരം. ട്രെയിനിറങ്ങുമ്പോള്‍ തന്നെ നഗരത്തിന്റെ ഊഷ്മളത അനുഭവപ്പെടും. നേവാ നദിയും അതിന്റെ കൈവഴികളും ബാള്‍ടിക് സമുദ്രവുമായി കൈരേഖകള്‍ പോലെ കൈകോര്‍ക്കുന്ന നഗരം. നമ്മുടെ ആലപ്പുഴ പോലെ വെനീസ് പോലെ ജലപാതകള്‍ സിരാ പടലങ്ങള്‍ ആകുന്ന നഗരം. എല്ലാ കെട്ടിടങ്ങളും അതിന്റെ പാരമ്പര്യ തനിമയില്‍ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


നഗരം കാണാന്‍ നല്ലത് റോഡിനേക്കാള്‍ ജലപാതയാണ് എന്ന് മനസിലാക്കിയ ഞങ്ങള്‍ അവിടത്തെ ഒരു ബോട്ടിന് ടിക്കറ്റെടുത്തു. കൈ നീട്ടിയാല്‍ തൊടാവുന്ന മനോഹരമായ കരിങ്കല്‍ പാലങ്ങള്‍ പിന്നിട്ട് ബോട്ട് നീങ്ങി. ഞങ്ങളുടെ ടൂറിസ്റ്റ് ബോട്ടിനടുത്തുകൂടെ അതിവേഗ സ്പീഡ് ബോട്ടുകള്‍ ഓടിച്ച് റഷ്യന്‍ ചെറുപ്പക്കാര്‍ മിടുക്കുകാട്ടി. അവര്‍ ചിതറിച്ച ജലത്തില്‍ യാത്രാബോട്ട് സന്തോഷം കൊണ്ട് നിറഞ്ഞ് കൈ വീശി. ഓരോ പാലത്തിന്റെയും ഓരോ നഗരത്തിന്റെയും ചരിത്രം ബോട്ടിലെ സുന്ദരി പെണ്‍കുട്ടി ചെറു മൈക്കില്‍ വിശദീകരിക്കും. പക്ഷേ ഭാഷ റഷ്യനാണ്. കാഴ്ച്ചകള്‍ കാണാന്‍ എന്തിനാണ് ഭാഷ. നാലും അഞ്ചും നിലയിലുള്ള തീരപ്രദേശ കെട്ടിടങ്ങള്‍ക്കിടയിലൂടെ ബോട്ട് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രധാന പാലത്തിനടിയിലെത്തി. സൂര്യന്‍ ഒരു വശത്തുണ്ട്.

നദി വെട്ടിത്തിളങ്ങുന്നു. പാലം ഫോട്ടോയെടുക്കാന്‍ ബോട്ടിന്റെ ഉയര്‍ന്ന ഡെസ്‌ക്കില്‍ ആള്‍ക്കാര്‍ തിക്കിത്തിരക്കുന്നു. അപ്പോഴാണ് മനസിലാക്കിയത് അതാണ് പ്രധാന പാലം. രാത്രി പന്ത്രണ്ട് മണിയാകുമ്പോള്‍ പാലം രണ്ടായി പിളര്‍ന്ന് ആകാശത്തിലേക്കുയരും.ബാള്‍ടിക് കടലിടുക്കില്‍നിന്ന് കപ്പലുകള്‍ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് കടക്കുന്നത് അപ്പോഴാണ്. അതിവിശാലമായ നേവാ നദിയില്‍നിന്ന് നോക്കുമ്പോള്‍ വിദഗ്ധമായ റഷ്യന്‍ എന്‍ജിനീയറിങ്ങിന്റെ ചക്രങ്ങളും തൂക്കു ചങ്ങലകളും നിറഞ്ഞ പാലത്തിന്റെ അടിത്തട്ട് കാണും. ഞങ്ങളുടെ ബോട്ട് നൂണ്ട് കയറിയ ഈ പാലം രാത്രിയില്‍ വാപിളര്‍ത്തി കപ്പലുകള്‍ക്കായി കാത്ത് കിടക്കും. അത്തരത്തില്‍ ഒന്‍പത് പാലങ്ങളുണ്ടിവിടെ. പാതിരാത്രിയില്‍ ജനസമുദ്രം ഉറങ്ങുമ്പോള്‍ വ്യത്യസ്ത സമയങ്ങളില്‍ അവ നദിയില്‍നിന്ന് ഉയര്‍ത്തപ്പെടും.

വാഹനങ്ങള്‍ പ്രവഹിച്ച വഴികളെ കുറുകെ കൂറ്റന്‍ ജല വാഹനങ്ങള്‍ ഭേദിക്കും. നഗരം അപ്പോഴും ഉല്ലാസ ഭരിതമായി തിളയ്ക്കും. കാരണം ഇപ്പൊഴിവിടെ വെളുത്ത രാത്രികളാണ്. ഇരുട്ടില്ല. 12 മണിക്ക് ശേഷം ഏതാനും മിനുട്ടുകള്‍ സന്ധ്യ പോലെ നഗരം തലചായ്ക്കും. ഒരു മണിയോടെ ഉദയമാവും. ആര്‍ക്കാണ് രാത്രി വേണ്ടത്? സെന്റ് പീറ്റേഴ്‌സിലെ പാലങ്ങളുടെ ചിത്രകലണ്ടറുകളുമായി അപ്പോഴും റഷ്യന്‍ പെണ്‍കുട്ടികള്‍ നദിയോരത്തുണ്ട്. വെളുത്ത രാത്രികളുമായി സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഫുട്‌ബോള്‍ സഞ്ചാരികള്‍ക്കായി ഒരുങ്ങിയിരിക്കുന്നു. ഇനി നഗരത്തിലേക്ക്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.