2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കാന്‍ സമന്വയത്തിലെത്തുമെന്നു പ്രതീക്ഷ; എക്‌സിക്യൂട്ടീവ് ഓഫിസര്‍

ഗീതു തമ്പി

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു സ്വത്ത് കണക്കെടുപ്പ് നടത്തണമെന്നു സുപ്രിം കോടതി ഉത്തരവിടുകയും എന്നാല്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടുമായി രാജകുടുംബം മുന്നോട്ടു വരികയും ചെയ്തതോടെ പത്മനാഭ സ്വാമി ക്ഷേത്രവും ബി നിലവറയും വീണ്ടും ചര്‍ച്ചയായിരിക്കുന്നു.

ഇനി രാജകുടുംബവുമായി അഭിപ്രായ സമന്വയത്തിലെത്താനുള്ള അമിക്കസ് ക്യൂറിയുടെ വരവാണ് ഈ വിഷയത്തില്‍ പ്രധാനം. അമിക്കസ് ക്യൂറി എന്നു കേരളത്തിലെത്തും, രാജകുടുംബവുമായി സമന്വയത്തിലെത്താനാകുമോ, ബി നിലവറ തുറന്നാല്‍ അതിനുള്ളില്‍ ചരിത്രകാരന്‍മാര്‍ പറയുന്നതുപോലെ അമൂല്യനിധി ഉണ്ടാകുമോ, അതോ തുറക്കാനനുവദിക്കാതെ നിയമനടപടികളുമായി രാജകുടുംബം മുന്നോട്ടു പോകുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉത്തരത്തിനായി അവശേഷിക്കുന്നത്. ക്ഷേത്രത്തില്‍ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.രതീശന്‍ ഐ.എ.എസ് സുപ്രഭാതത്തോടു സംസാരിക്കുന്നു.

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു രാജകുടുംബം പറയുന്നു. അതിനു വിശ്വാസപരമായ കാരണങ്ങളാണ് അവര്‍ നിരത്തുന്നത്. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ വാദങ്ങള്‍ എത്രമാത്രം വിശ്വാസയോഗ്യമാണ് ?

എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് അതിലേക്ക് കടക്കാനാകില്ല.   അമിക്കസ് ക്യൂറി മുഖാന്തിരം ചര്‍ച്ച നടത്തി ഇതില്‍ ഒരു തീരുമാനത്തിലെത്തണമെന്ന് സുപ്രിം കോടതിയുടെ  നിര്‍ദേശമുണ്ട്. അത് അവര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, സുപ്രിം കോടതി ചോദിക്കുന്നത് വിഷയവുമായി ബന്ധമുള്ള ആളുകളോടാണ്. അതില്‍ ഒന്ന് രാജകുടുംബമാണ്. പിന്നെ ഭക്തജനങ്ങള്‍, ഗവണ്‍മെന്റ് എല്ലാം അതില്‍ വരും. നിലവറ തുറക്കുന്നത് രാജകുടുംബവുമായി ഒരു സമന്വയത്തിലെത്തിയ ശേഷമാകണമെന്നും കോടതി നിര്‍ദേശം വെച്ചിട്ടുണ്ട്. തുറക്കാന്‍ അവരുടെ അനുവാദം വേണമെന്ന് പറയുന്നില്ലെങ്കിലും സമന്വയത്തിലെത്തണമെന്നാണ് നിര്‍ദേശമുള്ളത്.

നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാജകുടുംബാംഗങ്ങളുമായി സമന്വയമുണ്ടാക്കുന്നതിനായി സുപ്രിം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് സ്ഥിരീകരണമായോ ?

വരുന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടുണ്ട്. പക്ഷേ എന്നാണെന്നതില്‍ അവ്യക്തതയുണ്ട്. എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്ന നിലയില്‍ എനിക്ക് ഡേറ്റ് ലഭിച്ചിട്ടില്ല. അദ്ദേഹം എന്നു വരുമെന്നറിയാന്‍ ഞാന്‍ അദ്ദേഹത്തെ ബന്ധപ്പടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം തിരിച്ചു വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ മാത്രമേ ഡേറ്റ് അറിയാന്‍ സാധിക്കുകയുള്ളൂ.
ഈ വിഷയത്തില്‍ കേസ് ശരിക്കും നമ്മുടെ പരിധിക്കു പുറത്തായിക്കഴിഞ്ഞു. സുപ്രിംകോടതിയിലുള്ള ഒരു കേസ് ആയതിനാല്‍ കോടതി  ആവശ്യപ്പെട്ടാല്‍ മാത്രമാണ്  ഇവരുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ എടുത്തു കൊടുക്കേണ്ടി വരിക. കോടതിയുടെ ആവശ്യപ്രകാരം മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുള്ളൂ. അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയതിനാല്‍ നമ്മള്‍ തീര്‍ത്തും അതിനു പുറത്തായിക്കഴിഞ്ഞു.  ഇക്കാര്യത്തില്‍ അമിക്കസ് ക്യൂറി എന്നത് സുപ്രിം കോടതി തന്നെയാണ്. അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയതോടെ ഇക്കാര്യത്തില്‍ നമ്മളൊക്കെ വളരെ താഴ്ന്ന നിലയിലുള്ള ഉദ്യോഗസ്ഥരായി മാറിക്കഴിഞ്ഞു എന്നതാണ് വാസ്തവം.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവര കണക്കുകള്‍ രേഖപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ട സി.എ.ജി വിനോദ് റായ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് ബി നിലവറ ഏഴു തവണ തുറന്നുവെന്നാണ്. എന്നാല്‍ രാജകുടുംബാംഗമായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറയുന്നത് തുറന്നത് നിലവറയുടെ പൂമുഖം മാത്രമാണെന്നാണ്. ഇതില്‍ ഏതാണ് വാസ്തവം ?

രാജകുടുംബത്തിന്റെ അഭിപ്രായവും വിനോദ് റായ് യുടെ അഭിപ്രായവും അറിഞ്ഞു.രണ്ടു കൂട്ടരും കള്ളം പറയില്ലെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടു തന്നെ എന്താണ് വാസ്തവമെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വളരെ സങ്കീര്‍ണതകള്‍ ഉണ്ടെന്നാണു വിവരം. അങ്ങനെ സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ മുന്‍പ് തുറക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ലെന്നും കേട്ടിട്ടുണ്ട്.
ഞാന്‍ പുതുതായി ചാര്‍ജെടുത്ത ഒരാളാണ്. ഇതിനെക്കുറിച്ച് കൂടുതലായി പഠിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ വലിയ അവഗാഹമില്ല.

അമിക്കസ് ക്യൂറി വന്നു ചര്‍ച്ച നടത്തിയിട്ടും അഭിപ്രായ സമന്വയത്തിലെത്താനായില്ലെങ്കില്‍ ഈ വിഷയത്തിലെ ഭാവി നടപടികള്‍ എന്താകും ? നിയമപരമായ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുമോ ?

അതിനു സാധ്യതയില്ല. നിയമപരമായ ഏറ്റുമുട്ടലിലേക്കൊന്നും കടക്കാതെ ഇക്കാര്യത്തില്‍ ഒരു സമന്വയത്തിലെത്തുമെന്നു തന്നെയാണ് കരുതുന്നത്. എന്തു തന്നെയായാലും സുപ്രിംകോടതി  ഒരു നല്ല പര്യവസാനത്തിനു മാത്രമേ ശ്രമിക്കൂ. അതുകൊണ്ടു തന്നെ എല്ലാവരും ഒരുമിച്ച് ഒരു സമന്വയത്തിലെത്തിയ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. എന്തായാലും അമിക്കസ് ക്യൂറി എത്തിയ ശേഷം അത് ഏതു രൂപത്തിലായാലും ഒരു അഭിപ്രായ സമന്വയത്തിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷ.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.