2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

അച്ചടക്കം ലംഘിച്ചു; സെറീന വില്യംസിന് 17000 ഡോളര്‍ പിഴ

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) സെറീന വില്യംസിന് പിഴയിട്ടു. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്. റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക പിടിക്കുക. യു.എസ് ഓപണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു.

മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യു.എസ് ഓപണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു. അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് സെറീന ആരോപിച്ചു.

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു.

 തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ 31ന് മുന്നിട്ട് നിന്നിരുന്ന സെറീനയുടെ താളം തെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വന്നു. ഇതോടെ അവര്‍ ക്രുദ്ധയായി റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതില്‍ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറയുകയും ചെയ്തു.  

സെറീനക്കെതിരായ നടപടിയെ കൂകലുകളോടെയാണ് യു.എസ് ഓപണിലെ കാണികള്‍ വരവേറ്റത്. എന്നാല്‍ മത്സരശേഷം സമ്മാനദാനത്തിനിടെ ഒസാക്കയെ കൂകിയ കാണികളെ പിന്തിരിപ്പിക്കാന്‍ സെറീന മടി കാണിച്ചില്ല. നവോമിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടധാരണം കാണികളുടെ ഇടപെടല്‍ മൂലം അവതാളത്തിലാകരുതെന്നായിരുന്നു സെറീനയുടെ നിര്‍ദ്ദേശം.

അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.