2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രാര്‍ഥനയുമായി ദക്ഷിണാഫ്രിക്ക

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരം ഈ മാസം 30ന് അരങ്ങേറുകയാണ്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് കാര്‍ണിവെലിന് തുടക്കമാകും. ഇന്ന് മുതല്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ ടീമുകളെ കുറിച്ചും ലോകകപ്പിന്റെ വിശേഷങ്ങളെ കുറിച്ചും വായിക്കാം.

എല്ലാ കാലത്തും ഏറ്റവും മികച്ച ടീമുണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്കക്ക് ക്രിക്കറ്റ് ലോകകപ്പ് ചുണ്ടിലേക്കടുപ്പിക്കാനായിട്ടില്ല. പലപ്പോഴും സെമിയില്‍ പ്രവേശിച്ചെങ്കിലും പല കാരണങ്ങളാല്‍ പുറത്താവുകയായിരുന്നു. ഇത്തവണ ഏറ്റവും മികച്ച ടീമിനൊപ്പം പ്രാര്‍ഥനയോടെയാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിലെത്തിയിട്ടുള്ളത്. 1992 ലും 2015ലും സെമിയില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത് മഴയായിരുന്നു. ഇത്തവണയും മഴ ചതിക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ദക്ഷിണാഫ്രിക്ക. റാങ്കിങ്ങില്‍ ഒന്നുവരെ എത്തിയിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ വട്ടപ്പൂജ്യമാണ്. നിലവില്‍ ഏകദിനം, ടെസ്റ്റ്, ടി20 എന്നിവയിലെല്ലാം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുടെ സ്ഥാനം.

1991 നവംബര്‍ 10ന് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ദക്ഷിണാഫ്രിക്കക്ക് എല്ലാ കാലത്തും മികച്ച നിരയുണ്ടായിട്ടുണ്ട്. ജാക്വസ് കാലിസ്, അലന്‍ ഡൊണാള്‍ഡ്, ജോണ്ടി റോഡ്‌സ്, പീറ്റര്‍ കിര്‍സ്റ്റന്‍, മാക്മില്ലന്‍ എന്നീ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ലോക ക്രിക്കറ്റിലെ അതികായന്‍മാരായിരുന്നു. ജോണ്ടി റോഡ്‌സും ജാക്വസ് കാലിസും ലോക ക്രിക്കറ്റ് ഭരിച്ചിരുന്ന കാലത്തും ലോകകപ്പിലെത്തിയാല്‍ ദക്ഷിണാഫ്രിക്ക പിറകോട്ടായിരുന്നു കളിച്ചിരുന്നത്. ഏറ്റവും ഭാഗ്യംകെട്ട ടീമായിട്ടായിരുന്നു ദക്ഷിണാഫ്രിക്കയെ കണക്കാക്കിയിരുന്നത്. ഇത്തവണ ഇംഗ്ലണ്ടില്‍നിന്ന് കപ്പുമായി തിരിച്ച് വരുന്നതിന് വേണ്ടി ഏറ്റവും മികച്ച ടീമിനെയാണ് അവര്‍ അയക്കുന്നത്. ടീമില്‍ പകുതി പേരും ലോകകപ്പില്‍ അരങ്ങേറുന്നവരാണ്. ഫാഫ് ഡുപ്ലസിസാണ് ടീമിനെ നയിക്കുന്നത്.

അനുഭവം കരുത്ത്
ഹാഷിം അംല, ഡി കോക്ക്, ജെ.പി ഡുമിനി, ഡേവിഡ് മില്ലര്‍, ഡെയ്ന്‍ സ്റ്റെയിന്‍, ഇംമ്രാന്‍ താഹിര്‍, ഫാഫ് ഡുപ്ലസിസ് എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ അനുഭവ സമ്പന്നരാണ്. ഏറ്റവും സമ്മര്‍ദമുള്ള മത്സരത്തെ എങ്ങനെ നേരിടണമെന്നും സമ്മര്‍ദത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ബാറ്റ് വീശണമെന്നും കൃത്യമായ ഐഡിയയുള്ളവരാണ് ഇവരെല്ലാം. എല്ലാ ലോകകപ്പിലും ദൗര്‍ഭാഗ്യം കൂട്ടായിരുന്ന ദക്ഷിണാഫ്രിക്കക്ക് ഇത്തവണയെങ്കിലും എന്തെങ്കിലും ചെയ്യണമെങ്കില്‍ അനുഭവ സമ്പത്ത് കരുത്തായുള്ള നിര കനിഞ്ഞ് കളിക്കേണ്ടി വരും.
ബാക്കിയുള്ളവരില്‍ ഏഴു പേരും അരങ്ങേറ്റക്കാരാണ്. ബാറ്റിങ്ങില്‍ ഏറ്റവും മികച്ച കരുത്താണ് ദക്ഷിണാഫ്രിക്കക്കുള്ളത്. ഡി കോക്ക്, ഐ.പി.എല്ലില്‍ മിന്നും പ്രകടനം നടത്തിയ ഫാഫ് ഡുപ്ലസിസ് എന്നിവര്‍ ക്രീസില്‍ ഉറച്ച് നിന്നാല്‍ എതിര്‍ നിര തളരുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഏറെ നാളായി ഫോമില്ലാതെ വിഷമിക്കുന്ന ഹാഷിം അംല, ഐഡര്‍ മക്രം എന്നിവര്‍ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ദക്ഷിണാഫ്രിക്കക്ക് കനത്ത വില നല്‍കേണ്ടി വരും.
കഗിസോ റബാഡ, ലുങ്കി എംഗിഡി, ഡ്വെയ്ന്‍ പെട്രീഷ്യസ്, ഇംമ്രാന്‍ താഹിര്‍ എന്നിവര്‍ ബൗളിങ്ങിനും മൂര്‍ച്ഛകൂട്ടിയാല്‍ കണക്കു കൂട്ടലുകള്‍ തെറ്റാതെ ദക്ഷിണാഫ്രിക്കക്ക് മികച്ച നേട്ടമുണ്ടാകും. നിലവിലെ ടീം ആര്‍ക്കും ഭീഷണി ഉയര്‍ത്തുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും വമ്പന്‍മാരാണ് ആദ്യ 15 ല്‍ ഉള്‍പ്പെട്ട് ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

ദൗര്‍ഭാഗ്യം കൈമുതല്‍
എല്ലാ കാലത്തും ഏറ്റവും മികച്ച ടീമുണ്ടായിരുന്നിട്ടും ലോകകപ്പില്‍ ദൗര്‍ഭാഗ്യമായിരുന്നു എപ്പോഴും ദക്ഷിണാഫ്രിക്കയുടെ കൈമുതല്‍. 1992 മുതല്‍ ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയ ദക്ഷിണാഫ്രിക്ക നാലു തവണ സെമിയില്‍ കളിച്ചു. 1992, 1999, 2007, 2015 വര്‍ഷങ്ങളില്‍. ഇതില്‍ രണ്ട് പ്രാവശ്യവും ജയത്തിലേക്ക് അടുക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വഴി മുടക്കിയത് മഴയായിരുന്നു.
അതിനാല്‍ ഇത്തവണയെങ്കില്‍ ഭാഗ്യം കൂടെനിന്ന് ഒരുപാട് നാളായി കൊതിച്ച കപ്പ് ഷെല്‍ഫിലെത്തിക്കണമെന്ന മോഹവുമായിട്ടാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയിട്ടുള്ളത്. ബാര്‍ബഡോസ് ക്രിക്കറ്റ് താരമായിരുന്ന ഓട്ടിസ് ഗിബ്‌സണ്‍ ആണ് ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിക്കുന്നത്. ഏറെ നാളത്തെ ക്രിക്കറ്റ് പരിചയമുള്ള ഗിബ്‌സണ്‍ ഏറ്റവും മികച്ച യുവനിരയെയാണ് അരങ്ങേറ്റത്തിനായി ടീമിലെത്തിച്ചിട്ടുള്ളത്.

ടീം

ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍)
ക്രിസ് മോറിസ്
തബരോസ് ഷംസി
ഐഡര്‍ മാര്‍ക്രം
ക്വിന്റന്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍)
ഹാഷിം അംല
റസി വാന്‍ഡര്‍ ഡുസന്‍
ഡേവിഡ് മില്ലര്‍
ആന്‍ഡിലെ ഫെലുക്വായോ
ജെ.പി ഡുമിനി
ഡെയിന്‍ പ്രിട്ടോറിയസ്
ഡെയ്ന്‍ സ്റ്റെയിന്‍
കഗിസോ റബാഡ
ലുങ്കി എംഗിഡി
ഇമ്രാന്‍ താഹിര്‍

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.