2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

സഊദിയില്‍ അമേരിക്കന്‍ സൈനിക താവളത്തിന് രാജാവിന്റെ അനുമതി; അമേരിക്ക-ഇറാന്‍ പ്രശ്‌നം കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു

റിയാദ്: ഇറാനുമായുള്ള പ്രശ്നം രൂക്ഷമാകുന്നതിടെ അമേരിക്കന്‍ സൈന്യം സഊദിയിലേക്കത്തുന്നു. അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സന്നദ്ധമാണെന്ന് സഊദി അറേബ്യ അറിയിച്ചു. ഇതിനായി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അനുമതി നല്‍കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

മേഖലയിലെ സുരക്ഷതിതത്വത്തിനായി അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതോടെ ഇറാനയുമായുള്ള അമേരിക്കന്‍ പ്രശ്നം മറ്റൊരു തലത്തിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്താനാണ് നടപടിയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണ് നടപടി.
ഇറാനുമായുള്ള പ്രശ്നങ്ങള്‍ തീവ്രമാകുന്നതിനിടെയാണ് സഊദിയുടെ നീക്കമെന്നത് യുദ്ധ ഭീതി വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

നിലവില്‍ യമനിലെ നീക്കത്തില്‍ സഊദി സഖ്യസേനയെ അമേരിക്കന്‍ സൗന്യം സഹായിക്കുന്നുണ്ടെങ്കിലും സഊദിയുടെ മണ്ണില്‍ അമേരിക്കന്‍ സൈന്യത്തിന്റെ പ്രെത്യേ സൈനിക താവളങ്ങളില്ല. 1991 ലെ ഇറാഖ്, കുവൈത്ത് യുദ്ധകാലത്ത് സദ്ദാമിനെതിരെയുള്ള നീക്കത്തിനാണ് അമേരിക്കന്‍ സൈന്യത്തിന് സഊദിയില്‍ ആദ്യ താവളമൊരുക്കിയിരുന്നത്. ഇറാഖ് യുദ്ധത്തില്‍ സദ്ദാമിനെതിരേ പടയൊരുക്കവുമായി 200 യുദ്ധവിമാനങ്ങളാണ് സഊദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ ഒരുക്കിയിരുന്നത്. പിന്നീട് 2003 ല്‍ സൈന്യം ഒഴിവായ ശേഷം അമേരിക്കന്‍ സൈന്യത്തിന് സഊദി താവളം ഒരുക്കിയിട്ടില്ല.

അതേസമയം സഊദി അറേബ്യക്ക് വേണ്ടി കൂടുതല്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കാനായി ലോഖീദ് മാര്‍ട്ടിന്‍ ആയുധ നിര്‍മാണ കമ്പനിക്ക് കരാര്‍ ലഭിച്ചതായി പെന്റഗണ്‍ അറിയിച്ചു. അതി നൂതനമായ താഡ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ നിര്‍മാണത്തിനായി 1.48 ബില്യണ്‍ ഡോളര്‍ ഇടപാടാണ് ലോഖീദ് മാര്‍ട്ടിന്‍ കമ്പനിക്ക് നല്‍കിയത്. ഇതോടെ പെന്റഗണുമായുള്ള സഊദി ആയുധ ഇടപാട് 5.36 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.