2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ട്, വോട്ടെടുപ്പ് വരെ ഇന്ത്യാ- പാക് ബന്ധം സംഘര്‍ഷമായിരിക്കും: ഇമ്രാന്‍

 

ഇസ്‌ലാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇന്ത്യയുമായുള്ള തങ്ങളുടെ ബന്ധം സംഘര്‍ഷഭരിതമായിരിക്കുമെന്നും തെരഞ്ഞെടുപ്പിനു മുന്‍പായി എന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നരേന്ദ്രമോദി തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വോട്ടിനു വേണ്ടി പാകിസ്താന്‍ വിരുദ്ധത പ്രത്യക്ഷമായി ഉപയോഗിക്കുകയാണെന്നും ഇമ്രാന്‍ കുറ്റപ്പെടുത്തി. ഇന്ത്യക്ക് യുദ്ധ ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. അതിനാല്‍ തെരഞ്ഞടുപ്പിന് മുമ്പായി എന്തെങ്കിലുമൊക്കെ സംഭവിക്കാനിടയുണ്ടെന്ന് തനിക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏതു പ്രകോപനങ്ങളും നേരിടാന്‍ തയ്യാറായി തന്നെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖാന്‍.

പുല്‍വാമയിലേത് പോലുള്ള ഭീകരാക്രമണങ്ങള്‍ സംഭവിക്കുന്നത് ജമ്മു കശ്മീരില്‍ മോദിയുടെ മുസ്ലിം വിരുദ്ധ സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ മൂലമാണ്. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍തന്നെ ഇതു യുദ്ധവെറി പടര്‍ത്താന്‍ മോദി ഉപയോഗിക്കുമെന്നു ഞാന്‍ കരുതിയിരുന്നു. അതു തന്നെ സംഭവിച്ചു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ലോക്‌സഭാ രഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിപ്പ് മാത്രമാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ മനസിലാക്കണം. ഉപഭൂഖണ്ഡത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി ഇതിന് ബന്ധമില്ല.

പുല്‍വാമയില്‍ ആക്രമണം നടത്തിയത് 19 കാരനായ ഇന്ത്യക്കാരനാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ പീഡനത്തെ തുടര്‍ന്നാണ് അവന്‍ തീവ്രവാദത്തിന്റെ മാര്‍ഗത്തിലേക്കു പോയതെന്ന് മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചത് ഇന്ത്യക്കാരന്‍, ഉപയോഗിച്ച കാര്‍ ഇന്ത്യയിലേത്, സ്‌ഫോടക വസ്തുവും ഇന്ത്യയിലേത്. എന്നിരിക്കെ ആക്രമണത്തിന് പാകിസ്താനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്നും ഖാന്‍ ചോദിച്ചു.

പാകിസ്താനിലെ മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. പുല്‍വാമയെ പോലെയുള്ള ഭീകരാക്രമണങ്ങളുടെ പേരില്‍ പഴി കേള്‍ക്കാന്‍ ഇനി പാകിസ്താന് കഴിയില്ല. ഇതു പഴയപാകിസ്താന്‍ അല്ല, പുതിയ പാകിസ്താന്‍ ആണ്. പുതിയ പാകിസ്താനില്‍ ഭീകരര്‍ക്കും ഭീകരപ്രവര്‍ത്തനത്തിനും സ്ഥാനമില്ല. ഭീകരപ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും ശക്തമായ നടപടികളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്- ഖാന്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News