2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

തേഞ്ഞുമാഞ്ഞ് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: 38 പ്രതികളില്‍ വിചാരണ നേരിട്ടത് 22 പേര്‍; കൂറുമാറിയത് 91 സാക്ഷികള്‍

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിയുമെന്ന് ഉറപ്പായി.

കേസില്‍ ഇതുവരെ 91 സാക്ഷികളാണ് കൂറുമാറിയത്. 2010ല്‍ സി.ബി.ഐ ഏറ്റെടുത്ത ഈ കേസില്‍ 38 പ്രതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ വിചാരണ നേരിട്ടത് 22 പേര്‍ മാത്രം.

അമിത്ഷായും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയയും മുതല്‍ ഏറ്റവും അവസാനം ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര ഉള്‍പ്പെടെ 16 പേരെ പലപ്പോഴായി കേസില്‍ നിന്നൊഴിവാക്കി.

അമിത്ഷാ

ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിപുന്‍ അഗര്‍വാളിനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും വന്‍സാര ഉള്‍പ്പെടെ നാലു പൊലിസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയതുമാണ് കേസിലെ അവസാന നീക്കങ്ങള്‍.

കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുന്ന 22 പേരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും എസ്.ഐമാരും കോണ്‍സ്റ്റബിള്‍മാരുമാണ്. ഗൂഢാലോചനാകുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്.

2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലശ്കറേ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.

ഡി.ജി വന്‍സാര

ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശേഷം സുഹ്‌റബുദ്ദീനെ വെടിവച്ചുകൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൗസര്‍ബിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. രണ്ടു കൊലപാതകങ്ങള്‍ക്കും സാക്ഷിയായ രാജസ്ഥാന്‍ ഗുജറാത്ത് പൊലിസിന്റെ ഇന്‍ഫോര്‍മറും സുഹ്‌റബുദ്ദീന്റെ സുഹൃത്തുമായിരുന്ന പ്രജാപതി പിറ്റേവര്‍ഷം ഡിസംബര്‍ 28നും കൊല്ലപ്പെട്ടു. ഈ കേസുകളെല്ലാം ഒന്നിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

 

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേസ് ഇഴഞ്ഞുനീങ്ങുന്നതിനിടെ സുപ്രിംകോടതി ഇടപെട്ടാണ് വിചാരണ മുംബൈയിലേക്കു മാറ്റിയത്. ഇതുവരെ നാലുജഡ്ജിമാരാണ് കേസ് പരിഗണിച്ചത്. 2012 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ജസ്റ്റിസ് ടി.യു ഗുപ്ത കേസ് കേട്ടു. പിന്നീട് 2014 ജൂണില്‍ മരിക്കും വരെ ജസ്റ്റിസ് ബി.എച്ച് ലോയയും കേസ് കേട്ടു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ശേഷം മദന്‍ ഗോസാവിയായി ജഡ്ജി. അദ്ദേഹമാണ് അമിത് ഷായെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. നിലവില്‍ സ്‌പെഷ്യല്‍ ജഡ്ജി എസ്.ജെ ശര്‍മയ്ക്കു കീഴിലാണ് വിചാരണ നടക്കുന്നത്.

വിചാരണാ നടപടികളുടെ മെല്ലെപ്പോക്കില്‍ സുപ്രിംകോടതിയുടെ വിമര്‍ശനത്തിനിടയായ ഈ കേസില്‍ കഴിഞ്ഞ നവംബറിലാണ് വിസ്താരം തുടങ്ങിയത്. 176 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇതില്‍ 91 പേരും മൊഴിമാറ്റി. നിരവധി പ്രധാനസാക്ഷികള്‍ കൂറുമാറിയതിനാല്‍ കേസ് ദുര്‍ബലമാവുമെന്ന് പ്രോസികൂഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കേസ് നടത്തിവന്ന സുഹ്‌റബുദ്ദീന്റെ സഹോദരങ്ങളായ നയാബുദ്ദീനും റുബാബുദ്ദീനും ഇതിനിടെ ‘അപ്രത്യക്ഷ’രായി. ഇരുവരുടെയും മൊഴിയെടുക്കേണ്ടിയിരുന്ന കഴിഞ്ഞമാസം നാലിന് രണ്ടുപേരെയും കാണാനില്ലെന്ന് പ്രോസികൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പ്രജാപതിയുടെ കേസ് നടത്തിവന്ന സഹോദരന്‍ പവന്‍ കുമാര്‍ മരിച്ചതായി ഈ വര്‍ഷം ഫെബ്രുവരിയില്‍ സി.ബി.ഐയും കോടതിയെ അറിയിച്ചു. സുഹ്‌റബുദ്ദീന്‍ കൊല്ലപ്പെട്ടതിനു പിറ്റേദിവസം മുതല്‍ മരണത്തിനു തൊട്ടുമുമ്പുള്ള ദിവസം വരെ രാജസ്ഥാനിലെ ജലയിലിലായിരുന്നു പ്രജാപതി. ജയിലില്‍ തനിക്കു വധഭീഷണിയുള്ള കാര്യവും ഏതു സമയവും തന്നെ പൊലിസ് കൊലപ്പെടുത്തിയേക്കുമെന്നുമുള്ള പ്രജാപതിയുടെ മൊഴികള്‍ പുറത്തുകൊണ്ടുവന്നതും പവന്‍കുമാര്‍ ആയിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.