2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഭക്ഷണം: ഉറക്കുന്നതും ഉറക്കാത്തതും

ഡോ.ബഷീര്‍ ചെങ്ങനത്ത് ന്യൂട്രീഷനിസ്റ്റ്

നമ്മള്‍ കഴിക്കുന്ന ആഹാര സാധനങ്ങള്‍ക്ക് നമ്മളെ ഉറങ്ങാതെ പിടിച്ചിരുത്താന്‍ ശേഷിയുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ അതിവേഗം ഉറക്കത്തിലേക്ക് സഞ്ചരിക്കുകയും ചെയ്യും. ആഹാര സാധനങ്ങള്‍ക്കുള്ള ഈ അത്ഭുതശക്തി അറിഞ്ഞ് അത് കഴിക്കുന്നത് ഉചിതമായിരിക്കും.

അല്ലെങ്കില്‍ത്തന്നെ ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്ന അവസ്ഥയുണ്ട്. ചില ഭക്ഷണ പദാര്‍ഥങ്ങള്‍ ഉറക്കമുണ്ടാക്കുമെന്നതിനാല്‍ വന്‍ കമ്പനികളുടെ സല്‍ക്കാരങ്ങളില്‍ പോലും അവ ഒഴിവാക്കിയിട്ടുണ്ട്. ഉറക്കമുണ്ടാക്കുന്ന ഭക്ഷണം, കഴിക്കുന്ന അളവ് എന്നതൊക്കെപ്പോലെ തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിക്കുന്നതാണ്. ഉറക്കമില്ലാത്ത ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉറക്കത്തിനു സഹായിക്കുന്ന ഭക്ഷണമുണ്ടെന്നു മനസിലാക്കി അതു കഴിക്കുന്നത് തികച്ചും ആരോഗ്യപ്രദമാണ്. ഉറക്ക ഗുളിക ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അറിയാമെങ്കില്‍ അത് ഉപേക്ഷിക്കുകതന്നെ വേണം.

 

കിടക്കയിലേക്ക് പോകും മുന്‍പ് അല്‍പം ട്രൈപ്‌റ്റോഫാന്‍ കഴിക്കാം

മേല്‍പറഞ്ഞത് വായിച്ച് ഞെട്ടേണ്ട. ട്രൈപ്‌റ്റോഫാന്‍ എന്നത് ഉറക്കമുണ്ടാക്കുന്ന ഒരു ഘടകമാണ്. ഉറക്കമുണ്ടാക്കുന്ന ആഹാരത്തിലടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണിത്. ടര്‍ക്കി ട്രൈപ്‌റ്റോഫാന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മാംസാഹാരമാണ്. എന്നാല്‍ നമുക്ക് വേഗം ലഭിക്കുന്നതും ഉറക്കത്തിനു സഹായിക്കുന്നതുമായ ആഹാരസാധനങ്ങള്‍ ഇവയാണ്.
ചിക്കന്‍, ബീഫ്, പാല്‍, നിലക്കടല, കടലവര്‍ഗങ്ങള്‍, തേന്‍, പഴങ്ങള്‍ എന്നിവയില്‍ ട്രൈപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്.
ഇവ കഴിക്കാന്‍ പേടിക്കേണ്ട. കാരണം അമിനോ ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ഥങ്ങളാണിവയൊക്കെത്തന്നെ. നമ്മുടെ ശരീരത്തിന് സ്വന്തമായി നിര്‍മിക്കാന്‍ സാധിക്കുന്ന ഘടകമല്ല ട്രൈപ്‌റ്റോഫാന്‍. അതുകൊണ്ട് ഇത് ആഹാരം വഴി ശരീരത്തിലെത്തിക്കണം.
ട്രൈപ്‌റ്റോഫാന്‍ സെറോടോണിന്‍ എന്ന ഘടകമായി ശരീരത്തിനുള്ളില്‍ വച്ച് വേര്‍തിരിക്കപ്പെടുന്നു. ഇത് പിന്നീട് മെലാടോണിന്‍ ഹോര്‍മോണായി പരിണമിക്കുന്നു. ഈ ഹോര്‍മോണാണ് യഥാര്‍ഥത്തില്‍ ഉറക്കത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ ഹോര്‍മോണ്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് പുലര്‍ച്ചെ മൂന്നു മണിക്കും നാലു മണിക്കും ഇടയിലായിരിക്കും. അപ്പോള്‍ അതിനുമുന്‍പ് നമുക്ക് ഈ ഹോര്‍മോണിനെ ശരീരത്തില്‍ വിഘടിപ്പിച്ചെടുക്കേണ്ടതുണ്ട്. അതാണ് കിടക്കയിലേക്കുപോയാലുടന്‍ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ വേണ്ടതും.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം തടി കൂട്ടുന്നതാണ്. എന്നാല്‍ വളരെ ലഘുവായ കാര്‍ബ് അടങ്ങിയ ഭക്ഷണം ട്രൈപ്‌റ്റോഫാനടങ്ങിയ ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് ഒരു വഴി. ഇത് ഉറക്കമുണ്ടാക്കുന്ന സെറോടോണിന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ട്രൈപ്‌റ്റോഫാന്‍ അടങ്ങിയ പ്രോട്ടീന്‍ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ പ്രോട്ടീനില്‍ നിന്നുള്ള അമിനോ ആസിഡ് ട്രൈപ്‌റ്റോഫാന്‍ രക്തധമനികളിലൂടെ തലച്ചോറിലെത്തുന്നത് തടയുന്നു. ഇതുകാരണം ട്രൈപ്‌റ്റോഫാന്‍ അടങ്ങിയ പ്രോട്ടീന്‍ ഭക്ഷണം കഴിച്ചാലും അത് സെറോടോണിന്‍ ആയി മാറുന്നില്ല. അതേസമയം കാര്‍ബ് അടങ്ങിയ ഭക്ഷണം ഇന്‍സുലില്‍ ഉല്‍പാദിപ്പിക്കുന്നു. ഇന്‍സുലിന്‍ രക്തത്തിലടങ്ങിയിരിക്കുന്ന അമിനോ ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഇതുമൂലം ട്രൈപ്‌റ്റോഫാന് രക്തത്തിലൂടെ തലച്ചോറിലേക്ക് വഴി എളുപ്പമാക്കുന്നു. അതുപോലെ കാര്‍ബുള്ള പ്രോട്ടീന്‍ ഭക്ഷണം ഉറക്കത്തിലേക്ക് നയിക്കാന്‍ പ്രാപ്തിയുള്ളതാണ്. എങ്കിലും ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാകുന്ന കാര്‍ബ് അടങ്ങിയ ആഹാരം കഴിക്കുകയുമരുത്.
തവിടുകളയാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ബിസ്‌കറ്റ്, പഴങ്ങള്‍ എന്നിവ നല്ല കാര്‍ബുകള്‍ക്ക് ഉദാഹരണങ്ങളാണ്. ഉറക്കം ആരോഗ്യകരമായ ആഹാരത്തിലൂടെ ലഭ്യമാക്കാന്‍ പാലും മേല്‍പറഞ്ഞ ബിസ്‌കറ്റും കഴിച്ചാല്‍ മതി. ചെറിയ ചിക്കന്‍ കഷണങ്ങള്‍ക്കൊപ്പം ഓറഞ്ചോ, പഴമോ കഴിക്കുന്നതും ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.