2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഉറക്കം വഴിമാറുന്നുവോ?

ഡോ. സഹീര്‍ അഹമ്മദ് എറണാകുളം

ഏതുതരം രോഗികളായാലും അവരെ ഡോക്ടര്‍മാര്‍ എന്നും ഓര്‍മിപ്പിക്കുന്ന ഒന്നാണ് ഉറക്കം. ഉറക്കമില്ലായ്മയും ഉറക്കക്കുറവും പലവിധ അസുഖങ്ങള്‍ക്കു കാരണവും നിരവധി അസുഖങ്ങളിലേക്ക് നയിക്കുന്നതുമാണ്.

ഉറക്കം എത്രമാത്രം, ഗുണം എന്ത്

ഏഴ്, എട്ട് മണിക്കൂറാണ് ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത്. നല്ല ഉറക്കമുള്ളവരുടെ ചര്‍മത്തിന് നല്ല തിളക്കമുണ്ടാവും. അതുപോലെ മനസിനെ ബലപ്പെടുത്തുകയും സൂക്ഷ്മതയുണ്ടാക്കുകയും ചെയ്യും. ഓര്‍മശക്തി കൂട്ടാന്‍ കണ്‍കണ്ട ഔഷധമാണ് ഉറക്കം. ജോലിസ്ഥലത്ത് കൂടുതല്‍ ഊര്‍ജസ്വലതയോടെ പെരുമാറാന്‍ കഴിയും. ശരീരത്തിലെ അവയവങ്ങളും പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടാന്‍ നല്ല ഉറക്കമുണ്ടെങ്കിലേ കഴിയൂ.

നല്ല ഉറക്കത്തിന് ഇങ്ങനെ ഗുണഗണങ്ങള്‍ ഏറെയാണ്. എങ്കിലും ഉറക്കമില്ലെങ്കിലെന്തു ചെയ്യും. അഥവാ ഉറങ്ങാന്‍ കഴിയാഞ്ഞാലും, ആവശ്യത്തിനുറങ്ങാനാവാത്തതിലും എന്തുചെയ്യും എന്നത് പലരേയും അലട്ടുന്ന ചോദ്യമാണ്.

രാത്രിയും ഇരുട്ടും

പകല്‍ ചൂടാകുന്ന ശരീരം രാത്രി തണുക്കുന്നു. രാത്രി വിശ്രമത്തിനും ഉറക്കത്തിനുമുള്ളതാണെന്ന് ശരീരം തിരിച്ചറിയുന്നത് ജീവനിയമമാണ്. രാത്രികളെ ഇരുട്ട് ആയിട്ടാണ് ശരീരം കാണുന്നത്. അതുകൊണ്ടുതന്നെ ഇരുട്ടുള്ളിടത്ത് സുനിദ്ര ലഭിക്കും. വെളിച്ചമുള്ളിടത്ത് ഉറങ്ങുന്നത് ക്ഷീണം കൊണ്ടാണ്.

അത് നല്ല ഉറക്കമല്ല. എന്നാല്‍ ലൈറ്റ് കിടന്നാലേ ഉറക്കം വരൂ എന്നുള്ളവര്‍ കണ്ണെങ്കിലും എന്തെങ്കിലും മാസ്‌ക് ഉപയോഗിച്ച് മറയ്ക്കണം. കണ്ണടച്ചാലും ഇരുട്ടാക്കാനാവില്ല. ഇരുട്ടിന് ഇരുട്ടുതന്നെവേണം. അത് ശരീരത്തിനറിയാമെന്നോര്‍ക്കണം. പുറത്തുനിന്നും അകത്തേക്ക് വെളിച്ചമുണ്ടെങ്കിലും ഈ ടെക്‌നിക് പ്രയോഗിച്ചാല്‍ മതി.

കിടപ്പുമുറിയില്‍ ശബ്ദമരുത്

കിടപ്പുമുറി ശബ്ദശല്യമില്ലാത്തതാവണം. പുറത്തുനിന്നുള്ള വാഹനങ്ങളുടെ ശബ്ദമോ ഫോണിന്റെ ചെറിയ വൈബ്രേഷനോ ക്ലോക്കിന്റെ ടിക് ടിക് ശബ്ദമോ ഒന്നും കിടപ്പുമുറിയില്‍ വേണ്ട.

ഇലക്ട്രോണിക് ഉപകരണങ്ങളും കാന്തികവലയമുള്ള ഉപകരണങ്ങളും കിടപ്പുമുറിയില്‍ വയ്ക്കരുത്. പുറത്തുനിന്നും അസഹ്യമായ ശബ്ദം വരുന്നെങ്കില്‍ സൗണ്ട് പ്രൂഫ് ഗ്ലാസുകള്‍ സ്ഥാപിക്കുക.

അതിനുകഴിയുന്നില്ലെങ്കില്‍ ചെവിയടച്ച് ഉറങ്ങാന്‍ ശ്രമിക്കുക. ഇതിന് ഇയര്‍ പ്ലഗ് ലഭിക്കും. കോട്ടനുമാവാം.

കിടക്ക മൃദുവാകണം

കിടക്ക ഉറക്കത്തിലേക്ക് മാടി വിളിക്കുന്നതാകണം. എഴുന്നുനില്‍ക്കുന്ന ഭാഗങ്ങളുള്ളതോ കുത്തുന്നതോ ആയ കിടക്കകള്‍ ഉറക്കമകറ്റും. കിടക്കകള്‍ ചൂട് പുറത്തുവിടുന്നവയാകരുത്. മറ്റെല്ലാ സൗകര്യവുമൊരുക്കിയാലും കിടപ്പുമുറിയിലെ കിടക്കയ്ക്ക് ചൂടുണ്ടെങ്കില്‍ ഉറക്കംവരില്ല. ശരീരം കിടക്കയില്‍ സ്പര്‍ശിക്കുമ്പോള്‍ അസ്വസ്ഥത തോന്നുന്നു എങ്കില്‍ അത് മാറ്റി മൃദുവായതും നനുത്തതുമായ കിടക്കവിരികള്‍ ഉപയോഗിക്കണം.

തലയിണ കൃത്യമായിരിക്കണം

തലയിണ പാകത്തിനുള്ളത് ഉപയോഗിക്കുക എന്നത് ഉറക്കത്തിന് ഏറ്റവും പ്രധാനമാണ്. തലയും കഴുത്തും കൃത്യമായി തലയിണയില്‍ താങ്ങുന്നുണ്ടാവണം. തലയിണ ഇല്ലാതെ ഉറങ്ങുന്നവര്‍ ധാരാളമുണ്ട്. അതുപോലെ ചില അസുഖങ്ങളുമായി ബന്ധപ്പെട്ട് തലയിണ ഉപയോഗിക്കാത്തവരുമുണ്ട്.
 
ശീലങ്ങള്‍ പ്രധാനമാണെന്നതിനാല്‍ ഒരുശീലം പിന്തുടരുന്നവര്‍ ശീലങ്ങള്‍ മാറ്റേണ്ടതില്ല. എന്നാല്‍ ശീലങ്ങള്‍ ദോഷകരമാണെന്നു തോന്നുന്നുവെങ്കില്‍ അത് മാറ്റേണ്ടതുണ്ട്.

കുളിയിലൂടെ ആയാസം കുറയ്ക്കുക

സ്വന്തം ശരീരത്തിനെ എപ്പോഴും ബഹുമാനിക്കേണ്ടതുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ ശരീരം ചൂടാവാന്‍ തുടങ്ങും. പ്രവര്‍ത്തനം കുറച്ച് നിദ്രാവസ്ഥയിലായിരുന്ന അവയവങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും.

എന്നാല്‍ വൈകുന്നേരം സൂര്യന്‍ അസ്തമിക്കുന്നതോടെ രാത്രിയെ ഉള്‍ക്കൊള്ളാനായി ശരീരം പരുവപ്പെടും. ശരീരത്തിന്റെ താപനില താഴും. ഇതോടെ വിശ്രമത്തിനായി ശരീരം ഒരുങ്ങുകയായി. ഇതേത്തുടര്‍ന്നാണ് ഉറക്കം വരുക. അപ്പോള്‍ ദിവസമത്രയും അധ്വാനിച്ച ശരീരത്തിന് വിശ്രമം നല്‍കുമ്പോള്‍ അതിനെ ശുദ്ധമാക്കേണ്ടതുണ്ട്. ഒരു കുളിയിലൂടെ ഇത് നേടാം. ഉറക്കത്തിനുമുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഉറക്കം കിട്ടാന്‍ നല്ലതാണ്. കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ ക്ഷീണവും തളര്‍ച്ചയും അകലും. ഉറക്കത്തിനായി സജ്ജമാവുകയും ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.