2017 October 19 Thursday
മനസ്സ് കീഴടക്കുന്നവന്‍ ലോകത്തെ കീഴടക്കുന്നു
ഗുരുനാനാക്ക്

ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക വെള്ളിയാഴ്ച മനാമയില്‍

നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും

ഉബൈദുല്ലാ റഹ് മാനി

മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക വെള്ളിയാഴ്ച മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍വച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ഇന്ത്യക്കകത്തും പുറത്തുമായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനിലും മനുഷ്യജാലിക സംഘടിപ്പിക്കുന്നത്.

മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കുന്ന മനുഷ്യജാലികയില്‍ പ്രമുഖ വാഗ്മിയും എസ്.വൈ.എസ് കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും.

ഇതിനായി വെള്ളിയാഴ്ച നാസര്‍ ഫൈസി ബഹ്‌റൈനിലെത്തും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി  40 കേന്ദ്രങ്ങളിലാണ് എസ്.കെ.എസ്.എസ്.എഫ്  മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും നടത്തി വരുന്ന മനുഷ്യജാലികയുടെ പത്താമത്തെ സംഗമമാണ് ഈ വര്‍ഷം നടക്കുന്നത്.

ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരേയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത്.

ഇതിന്റെ ഭാഗമായി ദേശീയോദ്ഗ്രഥന ഗാനാലാപനം, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം തുടങ്ങിയ പ്രോഗ്രാമുകളോടെയാണ് മനുഷ്യജാലികകള്‍ നടക്കുന്നത്.
കേരളത്തില്‍ റിപ്പബ്ലിക്ക് ദിനമായ വ്യാഴാഴ്ച വൈകുന്നേരമാണ് മനുഷ്യ ജാലിക നടക്കുന്നത്.

മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും വൈകിട്ട് കൃത്യം 4 മണിക്ക് മനുഷ്യജാലികകള്‍ നടക്കും. അതേസമയം ഗള്‍ഫ് രാഷ്ട്രങ്ങളിലെ വാരാന്ത്യ അവധി കണക്കിലെടുത്ത് വെള്ളിയാഴ്ചയാണ് പരിപാടിക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതനുസരിച്ചാണ് ബഹ്‌റൈനില്‍ വെള്ളിയാഴ്ച രാത്രി 8.30 ന് മണിക്ക് പരിപാടി നടത്തുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
മനാമയില്‍ നടക്കുന്ന മനുഷ്യജാലികയില്‍ സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ക്കു പുറമെ  
ബഹ്‌റൈനിലെ വിവിധ മതസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  +97333413570ല്‍ ബന്ധപ്പെടുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.