2020 February 23 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ലക്ഷ്യം മികച്ച ടീംവര്‍ക്ക്; ജയവും പരാജയവും ബോണസ്: സിതാന്‍ഷു കോട്ടക്

 

ആദില്‍ ആറാട്ടുപുഴ

മുന്‍ സൗരാഷ്ട്ര താരവും ഇന്ത്യ എ ടീം കോച്ചുമായ സിതാന്‍ഷു കോട്ടക് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്പരയിലെ പ്രകടനത്തിന്റെ വിലയിരുത്തലും ഭാവി ഇന്ത്യയുടെ പ്രതീക്ഷകളും സുപ്രഭാതവുമായി പങ്കുവയ്ക്കുന്നു.

? ടീമിന്റെ പ്രകടനം എങ്ങനെ നോക്കിക്കാണുന്നു

ഇന്ത്യ എ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം വര്‍ക്കില്‍ കാഴ്ചവയ്ക്കുന്നത്. വിജയ – പരാജയങ്ങള്‍ക്കപ്പുറം ടീംവര്‍ക്ക് തന്നെയാണ് ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മത്സരങ്ങളിലെ ലക്ഷ്യവും.
പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ കളിക്കാര്‍ക്ക് മനസുണ്ടാവുന്നതിനാല്‍ പിന്നീടുള്ള മത്സരങ്ങള്‍ക്ക് നല്ല റിസള്‍ട്ടുണ്ടാകുന്നുണ്ട്. പോസിറ്റീവ് ക്രിക്കറ്റ് കളിക്കാനാണ് ടീം ശ്രമിക്കുന്നത്. ഏകദിന പരമ്പരയില്‍ വളരെ നന്നായി കളിച്ച ടീം ടെസ്റ്റിന്റെ ആദ്യ ദിവസവും തങ്ങളുടേതാക്കി.
രണ്ടാം ദിനം ബാറ്റിങ് സൈഡ് കുറച്ച് അടിപതറിയെങ്കിലും ടീമിന്റെ പ്രകടനത്തില്‍ കോച്ച് എന്ന നിലയില്‍ പൂര്‍ണമായും സന്തുഷ്ടനാണ്.

? ഓരോ മത്സരങ്ങളിലും വ്യത്യസ്ത ടീമിനെ ഇറക്കാനുള്ള തീരുമാനം മത്സരത്തിന്റെ റിസള്‍ട്ടിനെ ബാധിക്കില്ലേ? ടീം കോംബിനേഷന്‍ എങ്ങനെയാണ് നടപ്പാക്കുന്നത്

ഇന്ത്യന്‍ ജൂനിയര്‍ ടീമിലെ കളിക്കാരുടെ ഇടയില്‍ നല്ല ടീം സ്പിരിറ്റുണ്ട്. അതാണ് ടീമിന്റേയും അവരുടേയും പ്രകടനത്തില്‍ പ്രതിഫലിക്കുന്നത്. എല്ലാ മത്സരങ്ങളിലും ടീം സെലക്ഷന്‍ നിര്‍ണായകമാണ്. ജയിക്കാനുള്ള ടീമിനെ ഇറക്കുകയല്ല പകരം എല്ലാവര്‍ക്കും അവസരം നല്‍കാനും പ്ലേയിങ് ഇലവന്‍ മത്സരം പിടിച്ചെടുക്കാനുമാണ് ശ്രമിക്കുന്നത്. അത് നന്നായി വര്‍ക്കൗട്ട് ആകുന്നുമുണ്ട്. ഏകദിന പരമ്പരയില്‍ അത്തരത്തിലുള്ള സെലക്ഷനാണ് രണ്ട് ടീമിനെ ആദ്യം തന്നെ പ്രഖ്യാപിച്ചത്. രണ്ട് ക്യാപ്റ്റന്‍മാര്‍ക്ക് കീഴിലും ടീം നന്നായി കളിച്ചു. ടെസ്റ്റിലും രണ്ട് ടീമുണ്ട്. ആദ്യ ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്ലും രണ്ടാം മത്സരത്തില്‍ വൃദ്ധിമാന്‍ സാഹയുമാണ് ക്യാപ്റ്റന്‍മാര്‍. ഇതിലൂടെ തന്നെ ഞങ്ങളുടെ നയം വ്യക്തമാണ്. കൂടുതല്‍ കളിക്കാരെ മുന്‍നിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം വിജയിക്കുന്നുണ്ടെന്ന് ഇവരുടെയൊക്കെ പ്രകടനം അടിവരയിട്ട് തെളിയിക്കുന്നു. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിലൂടെ കൂടുതല്‍ മത്സരങ്ങളിലേക്ക് കളിക്കാര്‍ക്ക് അവസരം ലഭിക്കുകയും അവര്‍ നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള പ്രവേശനത്തിന് എല്ലാ കളിക്കാരും നന്നായി അധ്വാനിക്കുന്നുണ്ട്.

? ടോസ് ആനുകൂല്യം മുതലാക്കാന്‍ ശ്രമിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിക്കും ടോസ് നിര്‍ണായകമാണോ

ഇന്ത്യന്‍ പിച്ചുകളില്‍ ഇപ്പോഴുള്ള മത്സരങ്ങളില്‍ പലപ്പോഴും ടോസ് നിര്‍ണായകമായി വരാറുണ്ട്. ഈര്‍പ്പം നില്‍ക്കുന്ന പിച്ചുകളില്‍ ആദ്യ ഓവറുകളില്‍ വിക്കറ്റുകള്‍ ലഭിക്കുന്നതിനാലാണ് ടീമുകള്‍ ടോസ് നേടിയാലും എതിര്‍ ടീമിനെ ബാറ്റിങ്ങിനയക്കുന്നത്. പിച്ച് ഡ്രൈ ആകുന്നത് വരെ പിടിച്ചുനില്‍ക്കാനായാല്‍ പിന്നീട് ആക്രമിച്ച് കളിക്കാനുമാവും. ആദ്യ ടെസ്റ്റില്‍ ഇന്ത്യ നടപ്പാക്കിയ പ്ലാന്‍ അതായിരുന്നു. ടോസ് നേടി ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചതോടെ ആദ്യ ദിവസം അത് നന്നായി വര്‍ക്കൗട്ട് ആകുകയും ചെയ്തു. ടീം പ്ലാന്‍ ബൗളര്‍മാരും ബാറ്റ്‌സ്മാന്‍മാരും കൃത്യമായി നടപ്പാക്കിയതോടെ ആദ്യ ദിനം നമ്മുടേതായി മാറി. രണ്ടാം ദിനം ബാറ്റ്‌സ്മാന്‍മാര്‍ കുറച്ച് അടിപതറിയെങ്കിലും നല്ല സ്‌കോറുണ്ടാക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ആദ്യ ഏകദിനത്തില്‍ നമുക്ക് ടോസ് നഷ്ടമായി, രണ്ട്, മൂന്ന്, നാല് മത്സരങ്ങളില്‍ ടോസ് നേടിയെങ്കിലും നമ്മള്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു, നാലാമത്തെ മത്സരം മഴ മുടക്കിയതിനാല്‍ അടുത്ത ദിവസം ബാറ്റിങ് തുടരേണ്ടിവന്നതും പിച്ചിലെ നനവും തിരിച്ചടിയായി. അഞ്ചാമത്തെ മത്സരം ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിലാവട്ടെ ടോസ് നേടി ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. ആദ്യ ഏകദിന മത്സരമൊഴിച്ചാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും ടോസിന്റെ ആനുകൂല്യം ടോസ് നേടിയ ടീമിന് മുതലാക്കാനായിട്ടുണ്ട്. ടീം സ്പിരിറ്റുണ്ടാകുന്നതോടെ ടോസിന്റെ ആനുകൂല്യം എതിര്‍ ടീം നേടിയാലും മറികടക്കാനാകുമെന്നാണ് വിശ്വാസം. ടീം പ്ലാന്‍ കൃത്യമായി നടപ്പാക്കുന്ന ടീം തന്നെയാണ് കോച്ചിന്റെ കരുത്ത്.

? രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ടീമിന് എങ്ങനെയാണ് ഗുണം ചെയ്യുന്നത്

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡിന്റെ ഉപദേശമാണ് ഇന്ത്യയുടെ ഭാവി ക്രിക്കറ്റിന്റെ കരുത്ത്. അദ്ദേഹമാണ് പോസിറ്റീവ് ക്രിക്കറ്റ് എന്ന ഊര്‍ജം കളിക്കാരിലേക്ക് നിറച്ചത്. കൂടുതല്‍ കളിക്കാനും കൂടുതല്‍ റിസള്‍ട്ട് ഉണ്ടാക്കാനുമുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്നുണ്ട്. അതുവഴി അര്‍ഹമായ കളിക്കാര്‍ക്ക് കൃത്യസമയത്ത് അതിലൂടെ അംഗീകാരങ്ങള്‍ ലഭിക്കുന്നുമുണ്ട്. കളിക്കാരെ വളര്‍ത്തിക്കൊണ്ടു വരിക എന്നതാണ് ഇന്ത്യ എ ടീമിന്റെ പരമ്പരകളിലൂടെയുള്ള പ്രാഥമിക ലക്ഷ്യം. ജയപരാജയങ്ങള്‍ക്കപ്പുറം കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമാണ് ദ്രാവിഡ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടുതല്‍ താരങ്ങളെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും ദ്രാവിഡ് ടീമിനെ വിലയിരുത്തുന്നുണ്ട്.

? ജലജ് സക്‌സേനയ്ക്ക് സീനിയര്‍ ടീമിലേക്ക് അവസരം നല്‍കാത്തതിനാലാണോ ഇന്ത്യ എ ടീമിന്റെ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്

ജലജ് സക്‌സേന നല്ല ഓള്‍റൗണ്ടറാണ്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ജലജിന്റെ പ്രകടനം തൃപ്തികരമായതിനാലാണ് ഇന്ത്യ എ ടീമിലേക്ക് അദ്ദേഹത്തെ എടുത്തത്. യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് പ്രാഥമിക പരിഗണനയെങ്കിലും ജലജിന്റെ ദുലീപ് ട്രോഫിയിലെ പ്രകടനവും കഴിഞ്ഞ കുറേ കാലമായി അദ്ദേഹം പുലര്‍ത്തുന്ന സ്ഥിരതയാര്‍ന്ന കളി മികവും അടിസ്ഥാനമാക്കിയാണ് ടീമില്‍ അദ്ദേഹത്തിനെ ഉള്‍പ്പെടുത്തിയത്. വിജയ് ശങ്കറിന്റെ പരുക്ക് കാരണമാണ് കൃഷ്ണപ്പ ഗൗതമിനെ ടീമിലേക്ക് വിളിച്ചത്. ഗൗതമിന്റെ ആരോഗ്യനിലയില്‍ ചെറിയ ആശങ്കയുണ്ടായതിനാല്‍ ബാക്ക് അപ് എന്ന നിലയിലാണ് ജലജിനെ പരിഗണിച്ചത്. പക്ഷേ മത്സരം തുടങ്ങും മുന്‍പ് അന്‍മോല്‍ പ്രീത് സിങ്ങിന് പരുക്കേറ്റതിനാല്‍ ജലജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കാത്തതിന്റെ കാരണം സെലക്ടര്‍മാരുടെ പക്ഷാപാതിത്തമല്ല. സീനിയര്‍ ടീമില്‍ അദ്ദേഹം കളിക്കുന്ന പൊസിഷന്‍ റീ പ്ലെയ്‌സ് ചെയ്യാനാവാത്തതിനാലാണ്. ഇന്ത്യന്‍ ടീമില്‍ നന്നായി കളിക്കുന്ന ഒരാളെ മാറ്റി ജലജിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? രവീന്ദ്ര ജഡേജയെപ്പോലെയുള്ള ഒരു ഓള്‍റൗണ്ടറുടെ സ്ഥിരതയായ പ്രകടനവും ജലജിന് അവസരം ലഭിക്കാത്തതിന് കാരണമായിട്ടുണ്ട്. ഒരാളെ മാറ്റാന്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു കാരണം വേണ്ടേ, ജലജിന് കളിക്കാനുള്ള പൊസിഷനില്‍ അവസരം വന്നാല്‍ ഉറപ്പായും അദ്ദേഹത്തിന് പരിഗണന ലഭിക്കുക തന്നെ ചെയ്യും. ധാരാളം കളിക്കാര്‍ അവസരം കാത്ത് നില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും അവസരങ്ങള്‍ ലഭിക്കട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.