2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബാള്‍ട്ടിക് കടലിടുക്കിലെ സാര്‍ കൊട്ടാരം

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പകലുകളിലൊന്നില്‍ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം കാണാനിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ റഷ്യ ഭരിച്ച റൊമനോവ് രാജവംശം. സമ്പന്നതയുടെയും അധികാരത്തിന്റെയും ഉത്തുംഗതകളില്‍ വിരാജിച്ച നീലരക്ത ജീവികള്‍.

ഒക്‌ടോബര്‍ വിപ്ലവത്തോടെ വംശ വിച്ഛേദം സംഭവിച്ച് ചരിത്രത്തില്‍ അടക്കം ചെയ്യപ്പെട്ടവര്‍. അവരുടെ ഭരണ സിരാകേന്ദ്രമായിരുന്നു സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്. അവിടെ നിന്ന് അകലെ ബാള്‍ടിക് കടലിടുക്കിലാണ് സാര്‍ ചക്രവര്‍ത്തിയായ പീറ്റര്‍ ദ ഗ്രേറ്റ് തന്റെ കൊട്ടാരം പണിതത്. ‘പീറ്റര്‍ ഗോഫ് ‘ എന്നാണതറിയപ്പെടുന്നത്. താമസസ്ഥലത്ത് നിന്ന് അവിടേക്കുള്ള യാത്ര ഒരു റഷ്യന്‍ കുട്ടി ബസിലായിരുന്നു. കണ്ടക്ടറില്ലാത്ത ബസില്‍ ഡ്രൈവറുടെ കൈയില്‍ ടിക്കറ്റിന്റെ കാശ് കൊടുത്ത് ജനലിനരികില്‍ ഞങ്ങള്‍ മത്സരിച്ചിടം പിടിച്ചു. 

റോഡരികിലൂടെയുള്ള ട്രാം പാതകളില്‍ ഒറ്റയ്ക്കും ഇരട്ടയ്ക്കും ട്രാമുകള്‍ വിരസമായി നീങ്ങുന്നുണ്ട. പീറ്റര്‍ കൊട്ടാരത്തിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ കളിയിടവേളകളില്‍ റഷ്യ കാണാനെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ നിര കാണാനായി. ചരിത്ര പുസ്തകങ്ങളില്‍ പരിചയപ്പെട്ട സാര്‍ ചക്രവര്‍ത്തി നടന്ന വഴികളില്‍ നടക്കാനെത്തിയവര്‍. ഗേറ്റ് കടക്കുമ്പോള്‍ കാണുന്നത് അതിവിശാലമായ ഒരു ഭൂപ്രദേശമാണ്. നിരനിരയായി ചിട്ടയായി നില്‍ക്കുന്ന മരങ്ങള്‍. ദൂരെ സ്വര്‍ണമകുടങ്ങളില്‍ മിന്നുന്ന വെള്ളക്കൊട്ടാരം.

ഉദ്യാനത്തിലൂടെ ഒരല്‍പം നടക്കണം അവിടെയെത്താന്‍. മൂന്ന് അതി മനോഹരമായി പണിത കെട്ടിടങ്ങളുടെ ഒരു സമുച്ചയം ഇന്ന് റഷ്യന്‍ പാരമ്പര്യ മ്യൂസിയമായി കമനീയമായി സംരക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ താഴെ ഒരു പൂന്തോട്ടമാണെന്ന് സംരക്ഷകര്‍ പറഞ്ഞു. അവിടെ പോവാന്‍ വേറെ ടിക്കറ്റെടുക്കണം. പൂന്തോട്ടം കാണണോ എന്ന് ഞങ്ങള്‍ സംശയിച്ചു. കാണേണ്ടതാണത് എന്ന റഷ്യന്‍ ആതിഥേയന്‍ ഡോ. ഉണ്ണികൃഷ്ണന്റെ നിര്‍ബന്ധത്തില്‍ ഞങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് നീളന്‍ പടികളിറങ്ങി താഴേക്കെത്തി. നമ്മള്‍ കണ്ടണ്ടതോ പരിചയിച്ചതോ ആയ ഉദ്യാനമല്ല താഴെ. പീറ്റര്‍ ചക്രവര്‍ത്തി പ്രിയതമയുമായി ഉല്ലസിക്കാനുണ്ടണ്ടാക്കിയ കടല്‍ത്തീര ഉദ്യാനം. ഗോഥിക് മാതൃകയിലുണ്ടണ്ടാക്കിയ നിരവധി സ്വര്‍ണവര്‍ണ ശില്‍പങ്ങള്‍ നിരന്നു നില്‍ക്കുന്നു.

സ്വീഡനുമായും തുര്‍ക്കിയുമായും റഷ്യ നേടിയ വിജയത്തിന്റെ സ്തംഭങ്ങള്‍ അവിടെയുണ്ടണ്ട്. ജലധാരകളുടെ ഒരു മായിക പ്രപഞ്ചമാണ് താഴെയുള്ള ഉദ്യാനം. കൊട്ടാരത്തോളം ഉയരുന്ന ജലവീചികളില്‍ തട്ടി അര്‍ദ്ധവൃത്താകൃതിയില്‍ മഴവില്ല് വിരിയുന്നു. ഈ ജലധാരകളൊന്നും മോട്ടോര്‍പമ്പ്‌വച്ച് സൃഷ്ടിച്ചതല്ല. പ്രകൃതിദത്ത ജലപ്രവാഹവും റഷ്യന്‍ വാസ്തുശില്‍പവും ചേര്‍ന്ന് സൃഷ്ടിച്ചതാണത്. അത് നിര്‍മിച്ച റഷ്യന്‍ ശില്‍പിയുടെ മുന്നില്‍ തലകുനിക്കാതെ മുന്നോട്ട് നീങ്ങാനാവില്ല. കൊട്ടാരത്തിന്റെ അടിത്തട്ടില്‍നിന്ന് ഒരു ഒരു കൃത്രിമ കനാല്‍ പുറപ്പെടുന്നുണ്ട്. ലീപാമരങ്ങളും വാല്‍നട്ടും സൂചിതാഗ്ര വൃക്ഷങ്ങളും അണിനിരക്കുന്ന ഉദ്യാനത്തിന്റെ മധ്യത്തിലാണത്. ഒരു കിലോമീറ്ററോളം ജലധാരയുടെ കരയിലൂടെയുള്ള പാതയില്‍ സഞ്ചരിച്ചാല്‍ ബാള്‍ടിക് കടലിന്റെ ഫിന്‍ലന്‍ഡ് ഉള്‍ക്കടല്‍ തീരത്തെത്തും .


ജര്‍മനിയെ തടഞ്ഞ ബങ്കറുകളിലൊന്ന്-
ചിത്രം: അമീര്‍ കൊക്കോടി

അതിമനോഹരമായ കാഴ്ച്ചയാണത്. ചാരക്കഴുത്തുള്ള നീര്‍ക്കോഴികള്‍ സന്ദര്‍ശകര്‍ എറിഞ്ഞു കൊടുക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി പറന്ന് കരപറ്റുന്നു. ദൂരെ കിഴക്കന്‍ കരയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന്റെ ഉയര്‍ന്ന ഗോപുരങ്ങള്‍ കാണാം. ബാള്‍ ടിക് കടലിന്റെ മറുകരയില്‍ ഫിന്‍ലന്‍ഡാണ്. മറുവശത്ത് ലാത്വിയയും ലിത്വാനിയയും എസ്‌തോണിയയും. റഷ്യയിലേക്ക് കടല്‍മാര്‍ഗം മറ്റു രാജ്യങ്ങള്‍ക്ക് കടക്കണമെങ്കില്‍ ഇത് കുറുകെ കടക്കണം. ഈ തന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തിയാണ് പീറ്റര്‍ ചക്രവര്‍ത്തി കൊട്ടാരം പണിതതത്രേ.കടല്‍ തീരത്ത് നിന്ന് കൊട്ടാരം വരെയുള്ള സ്ഥലത്താകെ വൃക്ഷങ്ങള്‍ നിറഞ്ഞ ഉദ്യാനമാണ്. രണ്ടണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനി പീറ്ററിന്റെ കൊട്ടാരം പിടിച്ചടക്കി. കൊട്ടാരവും ജലധാരയന്ത്രങ്ങളും നശിപ്പിച്ച് ഉയര്‍ന്ന തലത്തില്‍ നിലയുറപ്പിച്ചു. റഷ്യന്‍ നാവികപ്പടയുടെ പ്ലാറ്റൂണ്‍ ബാള്‍ടിക് കടലിലൂടെ പീറ്റര്‍ കൊട്ടാരത്തെ വളഞ്ഞു. പക്ഷേ ഉയര്‍ന്ന പ്രതലത്തില്‍ നിന്നുള്ള ജര്‍മന്‍ പീരങ്കിണ്ടയേറ്റ് കപ്പലുകള്‍ പിളര്‍ന്നു.

റഷ്യന്‍ നാവികസേനാനികള്‍ കടല്‍ നീന്തി ജര്‍മന്‍ ഭടന്‍മാരുമായി ഏറ്റുമുട്ടി. ഉദ്യാനത്തിലെ മരക്കൂട്ടത്തില്‍ രാത്രി ഒളിച്ചു കിടന്നു. പക്ഷേ രാത്രിയില്‍ ജര്‍മനി നൂറുകണക്കിന് ജര്‍മന്‍ ഷെഫേര്‍ഡ് നായകളെ ഉദ്യാനത്തിലേക്ക് കെട്ടഴിച്ചുവിട്ടു. ചോരമണത്ത് പാഞ്ഞെത്തിയ നായകള്‍ റഷ്യന്‍ നാവികരെ ഒറ്റ രാത്രി കൊണ്ട് കടിച്ചു കൊന്നു. റഷ്യന്‍ ഭടന്‍മാരുടെ ചോര വീണു കുതിര്‍ന്ന പൂന്തോട്ടത്തിന്റെ മണ്ണില്‍ ചവിട്ടി ഞങ്ങള്‍ തിരിച്ചു നടന്നു. ഇവിടെയാണ് പിന്നീട് ജര്‍മനി പരാജയപ്പെട്ടത്. ഇവിടെ നിന്നാണ് ചരിത്രം മറ്റൊരു വഴിക്ക് പുരോഗമിച്ചത്. നഗരം വിജനമായിരുന്നു. യാത്രയില്‍ ഞങ്ങളുടെ ഇരട്ട ബസ് പണിമുടക്കി.

ഞങ്ങള്‍ക്കിറങ്ങേണ്ടണ്ട സ്റ്റേഷനപ്പുറം ഞങ്ങള്‍ ഇറങ്ങി നടന്നു. വഴിയില്‍ പുരാതനമായ ഒരു ട്രാം സംരക്ഷിക്കപ്പെട്ടത് കണ്ടണ്ടു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലൂടെ മോസ്‌കോയിലേക്ക് പ്രവഹിച്ച ജര്‍മന്‍ സൈന്യത്തെ പ്രദേശത്തെ ട്രാമുകള്‍ നിരത്തിയിട്ടാണ് റഷ്യന്‍ ജനത പ്രതിരോധിച്ചത്.അതിന്റെ സ്മാരകമാണത്. അല്‍പം കൂടി നടന്നാല്‍ കരിങ്കല്ലില്‍ തീര്‍ത്ത പ്രതിരോധ കൂടാരം കാണാം 1941-1945 എന്ന് അതിന്റെ മുകളില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നു. ഫാസിസ്റ്റ് ജര്‍മനിയെ ചെറുക്കാന്‍ റഷ്യന്‍ ജനത തോക്കുകളുമായി പാര്‍ത്ത ബങ്കറുകളാണത്. ആ പ്രതിരോധമാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധം. ബങ്കറുകളിലൊന്നിന്റെ മുന്നില്‍ പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടിരുന്നു. ചെറിയ പെണ്‍കുട്ടിയോടൊപ്പം അവിടെയെത്തിയ റഷ്യന്‍ യുവതിയോട് ഇതെന്തെന്ന് ഞങ്ങള്‍ ചോദിച്ചു. അവര്‍ക്കൊന്നും അറിയില്ല.

ചരിത്രം അറിയാത്ത തലമുറയില്‍ എന്തും എളുപ്പത്തില്‍ നടപ്പിലാവും എന്നതിന്റെ ഉദാഹരണമാണല്ലോ ഇന്നത്തെ റഷ്യ. അവിടെ നിന്ന് നടക്കുമ്പോള്‍ ഒരു ചെറുതോടില്‍ ബ്രെഡ് ഉരുട്ടി ചൂണ്ടലില്‍ കോര്‍ത്ത് മീന്‍പിടിക്കുന്ന അലക്‌സിയെ കണ്ടണ്ടു. അന്നാട്ടുകാരനായ അദ്ദേഹത്തിനും ചരിത്രമൊന്നും അറിയില്ല. വൈലോപ്പിള്ളിക്കവിതയിലെ ‘എത്ര നിര്‍വികാരമീ പുതുതാം തലമുറ ‘ എന്ന വരികളുടെ അര്‍ഥം ഇപ്പോള്‍ നന്നായി മനസിലാകുന്നു. ചരിത്രത്തിന്റെ ചുറ്റിത്തിരിയലുകളില്‍ ഈ നാലാംലോക വഴികളില്‍ ഇനിയും ഏറെ നടക്കാനുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.