2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ശില്‍പിയും ആത്മാവും

രാജു സമഞ്ജസ

ശില്‍പി പോയി…

കേട്ടയാളുകളില്‍ ശില പോലെ ദുഃഖം ഘനീഭവിച്ചു. ശില്‍പിയുടെ ശരീരം തണുത്തുറഞ്ഞു കിടന്നപ്പോഴും ശില്‍പി തീര്‍ത്ത ഗാന്ധിജിക്കും യേശുവിനും എസ്.കെ പൊറ്റക്കാടിനും ജീവനുള്ളതുപോലെ തോന്നി.
‘അനുജാ… നമ്മുടെയൊക്കെ വരവിന് ഒരു ലക്ഷ്യമുണ്ട്. ഈ ലോകത്തുനിന്നും മാഞ്ഞുപോയാലും നാം ഓര്‍ക്കപ്പെടണം. ചെയ്തുതീര്‍ത്ത സൃഷ്ടികളുടെ പേരിലായിരിക്കും ചിലപ്പോ ഞാനറിയപ്പെടുക.’
ഒഴിവുവേളയിലൊരിക്കല്‍ സൂര്യന്‍ ചേട്ടന്റെ പണിപ്പുരയിലേക്കു കയറി ചെന്നപ്പോ പറഞ്ഞതു കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
‘ഇന്ത്യയില്‍ ഇരുമ്പില്‍ ത്രീഡി തീര്‍ത്തിരുന്ന ഒരേയൊരാളാ… പോയില്ലേ…?’
വെട്ടിയൊതുക്കാത്ത, വൃത്തിയില്ലാത്തയാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് താടിയുഴിഞ്ഞു പറഞ്ഞയാളെ ഞാനൊന്നു നോക്കി. അയാളും ശില്‍പിയാവാം. കാരണം, താടി അതിന്റെയൊരു ലക്ഷണമായി ഞാന്‍ എന്റെ നിരീക്ഷണാന്വേഷണ പരീക്ഷണങ്ങളില്‍ മനസിലാക്കിവച്ചിരുന്നു.
അയാള്‍ താടിയുഴിച്ചില്‍ തുടര്‍ന്നുകൊണ്ടിരുന്നു. കലാകാരന്റെ താടിരോമങ്ങള്‍ അവരുടെ ചിന്തകളുടെ ചാവേറുകള്‍ക്കിടയിലേക്കായ് ഒരു സമാധാനദൂതനെപ്പോലെ കടന്നുചെല്ലാനുള്ള കലുങ്കുവഴികളാവാം. തലോടല്‍ ഒരു സുഖം തന്നെയാണല്ലോ..!
‘ഇരുമ്പിനെയല്ല ഇരുമ്പ് ഇവനെയാണ് ഭയന്നത് ‘
ചിത്രാംഗദന്‍ മൊഴിയുന്നതിനിടയിലും ബുള്‍ഗാന്‍ പിടിവലി തുടരുന്നുണ്ടായിരുന്നു. ചര്‍ച്ചകള്‍ ചമഞ്ഞുനിന്നു.
‘ശരിയാ… സിമന്റിലും ചെമ്പിലും മരത്തിലും കല്ലിലും ശില്‍പത്തെ കണ്ടെത്താന്‍ എളുപ്പമാ. അവിടെയാണിവന്‍ വേറിട്ടു ജയിച്ചുനിന്നത്.’
‘ങും… വഴക്കമില്ലാത്ത, മെരുക്കമില്ലാത്ത ലോഹത്തെ മെരുക്കാനാവുക.. ചില്ലറക്കാര്യമല്ല.’
അല്ലെങ്കിലും മെരുങ്ങാത്തതിനെ മെരുക്കലാണല്ലോ മനുഷ്യന്റെ രീതി. ആനയെ വെറുമൊരു നാലടി തോട്ടിക്കോലിലേക്ക് മെരുക്കിയെടുക്കുന്നില്ലേ…?
ശില്‍പ നിര്‍മാണം രഹസ്യമാക്കിവയ്ക്കുന്നവരാണു ശില്‍പികള്‍. തന്റെ സര്‍ഗസൃഷ്ടിക്കിടയില്‍ രണ്ടാമതൊരു തെണ്ടിയുടെ അഭിപ്രായം അവര്‍ക്ക് അസഹനീയമായിരിക്കാം. പക്ഷേ, സൂര്യന്‍ ചേട്ടന്‍ ഒരിക്കലും ഒരു പാഴ്ത്തുണി കൊണ്ടുപോലും ശില്‍പത്തെ മൂടുന്നതു കണ്ടിട്ടില്ല. അത്രയ്ക്കും തുറന്ന മനസായിരുന്നു, രീതിയായിരുന്നു.
എങ്കിലും…..
നിലാപിശുക്കില്ലാത്ത ചില രാത്രികളില്‍ അയാള്‍ ഒറ്റയ്ക്കിരുന്നു തന്റെ ശില്‍പത്തോടു സല്ലപിക്കുന്നതും പിറുപിറുക്കുന്നതും കേള്‍ക്കാമായിരുന്നു. ചിലപ്പോ അതു നീണ്ട തേങ്ങലുകളിലേക്കു നയിക്കാറുണ്ടായിരുന്നു.
അറിയില്ല…
എത്ര ദിവസം ഉറക്കമൊഴിച്ചുവെന്നോ
എത്ര ദിവസം ചിന്തകളും അയാളും തമ്മില്‍ കഠിനാധ്വാനം നടത്തിയെന്നോ… ഒന്നും…
അല്ലെങ്കിലും സര്‍ഗാത്മകതയുടെ കണക്കോ കാശോ എങ്ങനെ നിശ്ചയിക്കാനാവും?
നാളുകള്‍ക്കൊടുവില്‍ അയാളാ ശില്‍പം പൂര്‍ത്തിയാക്കുന്നത് ചെങ്ങണപ്പുല്‍ക്കാടുകളും കുറ്റിപ്പൊന്തകളും നിറഞ്ഞ വഴിക്കുള്ളിലൂടെ നോക്കി ഞാന്‍ കണ്ടിരുന്നു. പക്ഷേ, അത് മദ്യക്കുപ്പിയിലേക്കൂര്‍ന്നിറങ്ങുന്ന ഒരാള്‍രൂപമായിരുന്നെന്നും ആരും ആവശ്യപ്പെടാതെ ഒരാശ്വാസത്തിനയാള്‍ സ്വയം നിര്‍മിച്ചതാണെന്നും പിന്നീടാരോ പറയുന്നതവിടെ കേട്ടു.
‘അവസാന ശില്‍പം പോലെ തന്നെയായി കാര്യങ്ങള്‍… നല്ല ടാങ്കായിരുന്നല്ലോ… രാവിലെ കട്ടന്‍ചായക്കു പകരം തൊടങ്ങല്ലേ..!’
കുടി, കുടുംബത്തിന്റെ കൂട്ടുചേരല്‍ മുറിച്ചുകളഞ്ഞിരുന്നു. ഒരു കലാകാരന്റെ കാട്ടിക്കൂട്ടലുകള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവില്ലല്ലോ.. അയാളുടെ രസങ്ങള്‍ മറ്റുള്ളവര്‍ക്കു നീരസമായി. മടുത്ത ഭാര്യയും മക്കളും മാറിത്താമസമാക്കിയിരുന്നു. ഒറ്റയ്ക്കാവുമ്പോ ഇരുട്ടാണല്ലോ നല്ല കൂട്ട്. മരണത്തിലേക്കുള്ള നടപ്പാതയും ഇരുട്ടു മൂടിയതാണല്ലോ… പലപ്പോഴും ആ വഴി നടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടായിക്കാണുമായിരിക്കുമെന്നുറപ്പ്.
ഈറനണിഞ്ഞ വസ്ത്രങ്ങള്‍ക്കൊപ്പം നനഞ്ഞ കൈയടികള്‍ കൂടിയായപ്പോ എവിടുന്നോ ഒരു ബലിക്കാക്ക കാ.. കാ.. കൂകി വന്നു. ഭാര്യയും മക്കളും മറ്റുള്ളവരും ബലിച്ചോറ് കൊടുത്തു. തിന്നു തൃപ്തിയടഞ്ഞ ബലിക്കാക്ക പോയി ഗാന്ധിജിയുടെ തലയ്ക്കു മുകളിലിരുന്നു കാഷ്ഠിച്ചു. പിന്‍മണ്ടയിലൂടെ അതൊലിച്ചിറങ്ങി… കൈയില്‍ വടിയുണ്ടായിട്ടും ഗാന്ധിജി കാക്കയെ ആട്ടിപ്പായിച്ചില്ല. പകരം കാക്കയുടെ ആത്മനിര്‍വൃതിയെപ്പറ്റി ചിന്തിച്ചു. കാലംതെറ്റി വന്ന ഗാന്ധിജിയായിരുന്നെങ്കില്‍ ബലിക്കാക്കകള്‍ എന്ന വര്‍ഗം കുടുംബത്തോടെ ഓര്‍മകളായേനെ.
നീ തിന്നതും തൂറിയതും തന്റെ മേലേക്കുതന്നെ എന്നു കാക്കയോട് വിളിച്ചുപറയാന്‍ സൂര്യന്‍ ചേട്ടന്റെ ആത്മാവ് കൈയുയര്‍ത്തിയെങ്കിലും ‘കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടേ പറ്റൂ’ എന്നാരോ പിന്നില്‍നിന്നു ശാസന പുറപ്പെടുവിച്ച പോലെ തോന്നി.
ആത്മാവിനെ പോലും വിരട്ടാന്‍ കഴിയുന്ന നരജന്മങ്ങള്‍. ആത്മാവ് ഒന്നും മിണ്ടാതെ, രക്ഷപ്പെട്ടതോര്‍ത്ത് പേടിയോടെ വേഗം മറഞ്ഞുകളഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.