2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലിസ് സുരക്ഷ നല്‍കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശിച്ച ബിന്ദുവലിനും കനകദുര്‍ഗയ്ക്കും മുഴുവന്‍ സമയ പൊലിസ് സംരക്ഷണം നല്‍കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. മറ്റ് ആവശ്യങ്ങള്‍ പുന:പരിശോധന ഹരജി പരിശോധിക്കുന്ന വേളയില്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.

ജനുവരി രണ്ടിനാണ് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.

ശബരിമല വിഷയത്തില്‍ അക്രമാസക്ത പ്രക്ഷോഭപരിപാടികള്‍ നടത്തിവരുന്ന സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലിസ് സംരക്ഷണത്തിലാണ് ഇരുവരും ഇപ്പോഴുമുള്ളത്. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രിംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിനിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മുഴുവന്‍ സമയവും സുരക്ഷ വേണം. ശബരിമലയില്‍ പോവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

ദലിത് വിഭാഗത്തില്‍പ്പെട്ട തന്റെ സന്ദര്‍ശനത്തിനു ശേഷം അവിടെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണൈന്നും അതിനാല്‍ തന്ത്രിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ബിന്ദു ഹരജിയില്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ഇവര്‍ക്കു വേണ്ടി ഹരജി നല്‍കിയത്.

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ഇന്ദിരാജയ്‌സിങ്ങിന്റെ ആവശ്യം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അംഗീകരിച്ചതോടെയാണ് ഹരജി ഇന്നു തന്നെ പരിഗണിക്കാനുള്ള സാഹചര്യം ഉണ്ടായത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.