2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പിയെ അകറ്റാന്‍ ശിവസേനയുമൊത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെന്നറിയിച്ച് എന്‍.സി.പി

 

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാടുമായി എന്‍.സി.പി സംസ്ഥാന ഘടകം. ബി.ജെ.പിയില്ലാത്ത സര്‍ക്കാരിനായി ശ്രമിക്കുകയാണെങ്കില്‍ അനുകൂല കാഴ്ചപ്പാടാണ് പാര്‍ട്ടി എടുക്കുകയെന്ന് എന്‍.സി.സി വക്താവ് നവാബ് മാലിക്ക് പറഞ്ഞു.

ജനതാല്‍പര്യം പരിഗണിക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറാവുകയാണെങ്കില്‍ ബദല്‍ സംവിധാനം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് വെള്ളിയാഴ്ച എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. ഇതില്‍ മാറ്റമുണ്ടാവുമെന്ന സൂചനയാണ് പാര്‍ട്ടി വക്താവ് നല്‍കുന്നത്.

ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ ശിവസേനയുമായി സഖ്യമാവാമെന്ന് നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗവും നിലപാടെടുത്തിരുന്നു. ട്വിറ്ററിലൂടെയാണ് ഇപ്പോള്‍ നവാബ് മാലിക്കിന്റെ പ്രസ്താവന.

നവംബര്‍ ഏഴിനകം സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബി.ജെ.പി നേതാവ് സുധീന്‍ മുന്‍ഗാന്‍ട്ടിവാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം ട്വിറ്ററില്‍ വന്നത്. ജനാധിപത്യ മാര്‍ഗത്തില്‍ സംസ്ഥാനത്തെ നയിക്കാന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്ന് നവാബ് മാലിക്ക് പറഞ്ഞു.

288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. സഖ്യകക്ഷിയായ ശിവസേന 56 സീറ്റിലും പ്രതിപക്ഷ കക്ഷികളായ എന്‍.സി.പി 54 സീറ്റുകളിലും കോണ്‍ഗ്രസ് 44 സീറ്റുകളിലും വിജയിച്ചു. ബി.ജെ.പിക്കും ശിവസേനയ്ക്കും കൂടി ഭരിക്കാനുള്ള സീറ്റുകളുണ്ടെങ്കിലും മുഖ്യമന്ത്രി ശിവസേനയ്ക്ക് വേണമെന്ന ആവശ്യത്തിന്മേലാണ് ഉടഞ്ഞുനില്‍ക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.