2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് പുരട്ടി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലിസ് മൂന്നാം മുറ എണ്ണിയെണ്ണി പറഞ്ഞ് ശാലിനി

 

പീരുമേട്: നെടുങ്കണ്ടം സ്റ്റേഷനില്‍ തനിക്കു നേരെ പൊലിസ് മൂന്നാം മുറ പ്രയോഗിച്ചത് വിശദീകരിച്ച് ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി ശാലിനി ഹരിഹരന്‍. വനിതാ പൊലിസ് ഉദ്യോഗസ്ഥ തന്റെ സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് പുരട്ടി ചോദ്യം ചെയ്തുവെന്നും തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും ശാലിനി പറഞ്ഞു. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച കോലാഹലമേട് സ്വദേശി കുമാര്‍ (രാജ് കുമാര്‍) ഒന്നാം പ്രതിയായ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശാലിനിയും മഞ്ജുവും. കുമാറിനെ പൊലീസുകാര്‍ മര്‍ദിക്കുന്നത് താന്‍ കണ്ടതാണെന്നും ശാലിനി പറഞ്ഞു.

കുമാറിനെ മര്‍ദിച്ചതിനു ശേഷമാണ് എസ്.ഐ കെ.എ. സാബുവിന്റെ നിര്‍ദേശമനുസരിച്ച് വനിത പൊലീസുകാര്‍ തന്നെയും മഞ്ജുവിനെയും മര്‍ദിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു ക്രൂരമായ മര്‍ദനങ്ങളൊക്കെയും. കോടികളുടെ തട്ടിപ്പുനടന്നെന്ന പ്രചാരണം തെറ്റാണ്. 15 ലക്ഷം രൂപയുടെ ഇടപാടുമാത്രമാണ് നടന്നത്. ഹരിത ഫിനാന്‍സില്‍ ജോലിക്കാരി മാത്രമായിരുന്നു. തന്നെ എം.ഡി.യാക്കിയത് ലൈസന്‍സ് എടുക്കാന്‍ മാത്രമാണ്. പണമിടപാടുകള്‍ നടത്തിയിരുന്നത് രാജ്കുമാര്‍ ഒറ്റയ്ക്കായിരുന്നു. പീരുമേട് സ്വദേശിയായ ഷുക്കൂര്‍ എന്ന പോലീസുകാരനുമായി രാജ്കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. തനിക്ക് മൂലമറ്റത്തും കാഞ്ഞാറിലും ഇടപാടുകളുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞിരുന്നു. തൂക്കുപാലത്ത് ഓഫീസ് തുറന്നശേഷം പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബു അമ്പതിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുക ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കണമെന്നാണ് സാബു പറഞ്ഞിരുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നല്‍കിയിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കും എന്ന് അന്വേഷിച്ചപ്പോള്‍ കുട്ടിക്കാനത്തെ വസ്തു വിറ്റ് കിട്ടിയ 4.60 കോടി രൂപ കൈയിലുണ്ടെന്നും അത് നാസര്‍ എന്ന അഭിഭാഷകനെ ഏല്‍പിച്ചിരിക്കുകയാണെന്നുമാണ് കുമാര്‍ പറഞ്ഞത്. കുമാറിന് ബാങ്കുകളില്‍ നിക്ഷേപമില്ലെന്നും ശാലിനി പറഞ്ഞു. നെടുങ്കണ്ടം സ്റ്റേഷനില്‍ പോലീസുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ടിട്ടുണ്ട്. എസ്.പി.ക്കും ഡിവൈ.എസ്.പി.ക്കും വിവരം അറിയാമായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നതു കേട്ടിരുന്നുവെന്നും ശാലിനി വെളിപ്പെടുത്തി.

ശാലിനിയോട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അന്നു ജാമ്യത്തിലിറങ്ങിയ ശാലിനി വീട്ടിലെത്താതെ അപ്രത്യക്ഷയായത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ താന്‍ തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നെന്ന് ശാലിനി മാധ്യമങ്ങളോട് വിശദീകരിച്ചു.

shalini abotu peerumedu police torture, Nedumkandam custodial death 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.