2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നീയാണെന്റെ സമ്പാദ്യം; ദുരിതാശ്വാസ ക്യാംപില്‍ റാബിയയെ നല്ലപാതിയാക്കി ഷാഫി

നിസാം കെ അബ്ദുല്ല

 

മേപ്പാടി: കനത്ത പേമാരിയില്‍ ചൂരല്‍മലയിലെ പുഴയോട് ചേര്‍ന്ന തയ്യില്‍ വീട്ടില്‍ നിന്ന് എല്ലാം ഇട്ടെറിഞ്ഞ് ജീവനുമായി, കഴിഞ്ഞ എട്ടിന് രക്ഷപ്പെടുമ്പോള്‍ ജുമൈലെത്തെന്ന മാതാവിന്റെ നെഞ്ച് നീറുകയായിരുന്നു.
ഇന്നലെ നടക്കേണ്ട മകളുടെ വിവാഹത്തിനായി ഒരു സുമനസ് നല്‍കിയ 10 പവന്‍ സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും മറ്റുമടങ്ങുന്ന സമ്പാദ്യം മലവെള്ളപ്പാച്ചില്‍ കവര്‍ന്നപ്പോള്‍ ആ മാതൃഹൃദയം പിടച്ചിട്ടുണ്ടാകാം.

ഇനിയെന്തെന്ന ചിന്തയില്‍ കണ്ണീരുമായി ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ജുമൈലത്തിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ നന്മ മനസുകള്‍ വീണ്ടും ഇവരെ തേടിയെത്തി. ഇവരുടെ നോവിന് ആശ്വാസമായി, കുടുംബത്തിന് കൈത്താങ്ങായി നിരവധി പേര്‍ എത്തിയതോടെ ഇന്നലെ ദുരിതാശ്വാസ ക്യാംപിന് മൈലാഞ്ചി മൊഞ്ചിന്റെ ചാരുത യായി. റാബിയയുടെ വിവാഹം മുന്‍ നിശ്ചയിച്ചപ്രകാരം ദുരിതാശ്വാസ ക്യാംപില്‍ ഇന്നലെ നടന്നതോടെ ഒരു നാട് പ്രളയം അതിജീവിക്കുന്നതിന്റെ നേര്‍സാക്ഷ്യമായി.

റാബിയയെ ജീവതത്തില്‍ ഒപ്പം കൂട്ടാന്‍ പേരാമ്പ്രയില്‍ നിന്ന് വരന്‍ മുഹമ്മദ് ഷാഫിയും കുടുംബവും എത്തുമ്പോള്‍ അനുഗ്രഹിക്കാനും ആശംസ അറിയിക്കാനുമായി നാടൊന്നാകെ മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലെത്തിയിരുന്നു.

സ്വത്തും സന്തോഷവും എല്ലാം കവര്‍ന്ന പ്രളയത്തിനും റാബിയയുടെ വിവാഹം തെല്ലും വൈകിപ്പിക്കാനായില്ല. നിശ്ചയിച്ച ദിവസം, നിശ്ചയിച്ച സമയത്ത് തന്നെ കല്യാണം നടന്നു. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഷാഫി റാബിയയുടെ നല്ലപാതിയായി.

ഇക്കഴിഞ്ഞ നാലിനായിരുന്നു മുഹമ്മദ് ഷാഫിയുടെയും റാബിയയുടെയും നിക്കാഹ്. 18 ന് ചൂരല്‍മലയിലെ മദ്‌റസയില്‍ കല്യാണം നടത്താനായിരുന്നു തീരുമാനം. കല്യാണ ദിവസം എണ്ണിക്കഴിയുന്നതിനിടെയാണ് പേമാരിയും പ്രളയവും ഉണ്ടായത്. ഏഴിന് മുïക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്നാണ് റാബിയയുടെ വീടും വെള്ളത്തില്‍ മുങ്ങിയത്.

കല്യാണം മാറ്റിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു ക്യാംപിലെത്തിയതെന്ന് റാബിയയുടെ ഉമ്മ ജുമൈലത്തും അമ്മാവന്‍ ഉബൈദും പറയുന്നു. എന്നാല്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാംപില്‍ കഴിയുന്നവരും എല്ലാം ഒന്നിച്ചപ്പോള്‍ കല്യാണം നിശ്ചയിച്ച സമയത്ത് തന്നെ നടന്നു.

കല്യാണം നടന്നതില്‍ സന്തോഷം പങ്കുവയ്ക്കുമ്പോഴും പുത്തുമല ദുരുന്തത്തില്‍ അമ്മായി ഹാജിറ നഷ്ടപ്പെട്ട വേദനയിലാണ് റാബിയ. 11 വര്‍ഷം മുന്‍പ് പിതാവ് മൊയ്തീന്‍കുട്ടിയും മരിച്ചിരുന്നു. അബൂത്വാഹിറാണ് സഹോദരന്‍. വരന്‍ മുഹമ്മദ് ഷാഫി പേരാമ്പ്ര പള്ളിമുക്ക് നടത്തലക്കല്‍ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്.

സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവര്‍ ക്യാംപിലെ വിവാഹത്തിനെത്തി. കെ.എം.സി.സി നല്‍കിയ അഞ്ചുപവന്‍ സ്വര്‍ണം കഴിഞ്ഞ ദിവസം മേപ്പാടിയിലെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റാബിയയ്ക്ക് കൈമാറിയിരുന്നു. മറ്റു സുമനസ്സുകളുടെ സഹായവും ഒഴുകിയെത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News