2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

Editorial

ശബരിമല: സംസ്ഥാന സര്‍ക്കാരിന്റേത് അത്യാവേശം


 

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടേതെന്നു പറഞ്ഞ് സുപ്രിം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വലിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ച വാര്‍ത്ത പുറത്തുവന്നതിനു തൊട്ടു പിറകെ തന്നെ ലിസ്റ്റില്‍ നിരവധി തെറ്റുകളുണ്ടെന്ന വാര്‍ത്തയും വന്നു. ലിസ്റ്റിലുള്ള പലരും 50 വയസു കഴിഞ്ഞവരാണെന്നും ലിസ്റ്റില്‍ യുവതികളുടേതെന്ന പേരില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പരുകളില്‍ പലതും പുരുഷന്‍മാരുടേതാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്വാഭാവികമായി തന്നെ പ്രതിപക്ഷ കക്ഷികളും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുന്നവരുമൊക്കെ വിമര്‍ശനവുമായി രംഗത്തു വന്നതോടെ വിവാദം കൊഴുക്കുകയാണ്. അതിനു വ്യക്തമായ മറുപടി നല്‍കാനാവാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ലിസ്റ്റ് സുപ്രിം കോടതിയില്‍ നല്‍കിയതെന്ന ചോദ്യവും ഇതിനിടയില്‍ ഉയരുന്നുണ്ട്. ഒരാവശ്യവുമില്ലാതെയാണ് സര്‍ക്കാര്‍ കോടതിയില്‍ ഈ പട്ടിക നിരത്തിയത്. ശബരിമലയില്‍ ആരൊക്കെ കയറി എന്നതുമായി ബന്ധപ്പെട്ട കേസിലൊന്നുമല്ല സര്‍ക്കാരിന്റെ ഈ നടപടി. നേരത്തെ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവും കനകദുര്‍ഗയും ജീവനു സുരക്ഷ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ പരിഗണനാവേളയിലാണ് വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത് ദര്‍ശനം നടത്തിയവരെന്നു പറഞ്ഞ് പേരും വിലാസവും തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പരുമടക്കം 51 സ്ത്രീകളുടെ ലിസ്റ്റ് സര്‍ക്കാര്‍ കോടതിക്കു നല്‍കിയത്. കോടതി ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല അത്. മാത്രമല്ല, എത്ര പേര്‍ മലയകയറിയെന്നത് ഈ ഹരജിയെ ബാധിക്കുന്ന വിഷയമല്ലെന്ന് കോടതി വ്യക്തമാക്കുകയുമുണ്ടായി. ലിസ്റ്റ് പരിശോധിക്കാന്‍ കോടതി തയാറായതുമില്ല.

ഒട്ടും ആവശ്യമില്ലാതെ ഈ ലിസ്റ്റ് പുറത്തുവിടാന്‍ സര്‍ക്കാര്‍ എന്തിനു ധൃതി കാട്ടിയെന്നത് സ്വാഭാവികമായി തന്നെ ഉയരുന്ന ചോദ്യമാണ്. അതു പരിശോധിക്കുമ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഈ ധൃതി ആദ്യത്തേതല്ലെന്നു ബോധ്യപ്പെടും. യുവതികള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിം കോടതി വിധി വന്ന ഉടന്‍ തന്നെ ധൃതിയോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ സമീപിച്ചത്. വിധി വന്നയുടന്‍ തന്നെ അതു നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനമാണ് അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ വിവാദങ്ങള്‍ക്കും അക്രമാസക്ത സമരങ്ങള്‍ക്കുമൊക്കെ തുടക്കമിട്ടത്. അതിനു പകരം അയ്യപ്പഭക്തരുടെ സംഘടനകളുമായും പന്തളം കൊട്ടാര പ്രതിനിധികളുമായും ദേവസ്വം ബോര്‍ഡുമായുമൊക്കെ പേരിനെങ്കിലും ഒരു ചര്‍ച്ച നടത്താനുള്ള നയതന്ത്രത കാണിച്ചിരുന്നെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു പല പ്രശ്‌നങ്ങളും.
യുവതികളെ ഉടന്‍ തന്നെ പ്രവേശിപ്പിക്കണമെന്നൊന്നും കോടതി വിധിയില്‍ പറഞ്ഞിട്ടില്ലെങ്കിലും അതിന് അത്യാവേശം കാട്ടുന്ന തരത്തിലായിരുന്നു തുടര്‍ന്നുള്ള സര്‍ക്കാര്‍ നടപടികള്‍. ഇത് എരിതീയില്‍ എണ്ണ പകര്‍ന്നു. സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ ചേരികള്‍ തന്ത്രപൂര്‍വം അത് ഉപയോഗപ്പെടുത്തുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് അക്രമങ്ങള്‍ ആളിപ്പടരുകയായിരുന്നു.
കോടതി വിധിയെ എതിര്‍ത്തു രംഗത്തുവന്ന സംഘ്പരിവാറിനും യു.ഡി.എഫിനുമൊക്കെ അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് വ്യക്തമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ നടത്തിയ പ്രസംഗം വഴി സംഘ്പരിവാര്‍ ലക്ഷ്യം പുറത്തുവരികയുമുണ്ടായി. ഈ ഗൂഢലക്ഷ്യത്തെക്കുറിച്ച് ഏറ്റവുമധികം പ്രചാരണം നടത്തിയത് ഭരണപക്ഷമായ എല്‍.ഡി.എഫാണ്. അതോടെ സംഘ്പരിവാറിന് അയ്യപ്പഭക്തരില്‍ നിന്ന് അതുവരെ ലഭിച്ച പിന്തുണയില്‍ കാര്യമായ ഇടിവു സംഭവിക്കുകയുമുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നൊരു ഘട്ടത്തില്‍ സംഘ്പരിവാറിനും യു.ഡി.എഫിനും ഉള്ളതുപോലെ തന്നെയുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഭരണപക്ഷത്തിനുമുണ്ടെന്നാണ് അനവസരത്തിലുള്ളതും ധൃതിപിടിച്ചതുമായ സര്‍ക്കാരിന്റെ നീക്കങ്ങള്‍ നല്‍കുന്ന സൂചന. ശബരിമല വിവാദം ഹൈന്ദവ സമൂഹത്തില്‍ വ്യക്തമായൊരു ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഇതില്‍ ആചാരങ്ങളെല്ലാം അതേപടി പാലിക്കപ്പെടേണ്ടതാണെന്നു വിശ്വസിക്കുന്ന ഭക്തസമൂഹത്തിന്റെ പിന്തുണ ലക്ഷ്യമിട്ടാണ് സംഘ്പരിവാറിന്റെയും യു.ഡി.എഫിന്റെയും നീക്കങ്ങള്‍. എല്‍.ഡി.എഫിനൊപ്പം സ്ഥിരമായി നില്‍ക്കുന്നവരും രാഷ്ട്രീയ ഭിന്നതകളാല്‍ മുന്നണിയെ സ്ഥിരമായി പിന്തുണയ്ക്കാന്‍ മടിക്കുന്നവരുമായ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഉള്‍പെട്ടതാണ് മറുപക്ഷം. ഇടതുമുന്നണി പുരോഗമന ചിന്തയുടെ ഔന്നത്യത്തില്‍ നില്‍ക്കുകയാണെന്നു വരുത്തിത്തീര്‍ത്ത് ഈ വിഭാഗത്തിന്റെ മൊത്തം പിന്തുണ ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ കാണിക്കുന്ന ഈ ധൃതിയുടെ ലക്ഷ്യമെന്നു കരുതിയാല്‍ അതു തീര്‍ത്തും തെറ്റാവാനിടയില്ല. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന വാദത്തിന്റെ ആനുകൂല്യമുണ്ടെന്ന സൗകര്യവും ഭരണപക്ഷത്തിനുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം, ലിംഗനീതി, ആചാരസംരക്ഷണം, നവോത്ഥാനം തുടങ്ങിയ വാദങ്ങള്‍ക്കപ്പുറം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് അവരുടെ വ്യത്യസ്ത നിലപാടുകള്‍ക്കെല്ലാം പിന്നിലെന്നു വ്യക്തമാണ്. വോട്ടുബാങ്കുകളില്‍ തന്നെയാണ് അവരുടെ കണ്ണ്. പ്രതിപക്ഷത്തുള്ളവര്‍ അതിനു സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഭരണപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വ്യത്യാസം. ഈ മാര്‍ഗങ്ങളെല്ലാം തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിന് കാര്യമായ തോതില്‍ ഭംഗം സൃഷ്ടിക്കുന്നുണ്ട്.

ഈ രാഷ്ട്രീയ നീക്കങ്ങളെല്ലാം ഒരുപോലെയാണെന്നു വേണമെങ്കില്‍ വാദിക്കാമെങ്കിലും ഇതില്‍ ഭരണപക്ഷം നടത്തുന്ന നീക്കങ്ങളെ വേറിട്ടു തന്നെ കാണേണ്ടതുണ്ട്. സംസ്ഥാനത്തു സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ബാധ്യതയുള്ളത് ഭരണപക്ഷത്തിനാണ്. ആ ബാധ്യത അവഗണിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.