2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പരീക്ഷയില്‍ വന്‍ ക്രമക്കേട്, ഉത്തരങ്ങള്‍ എസ്.എം.എസായി ലഭിച്ചു; മൂന്നു പേരെയും പട്ടികയില്‍ നിന്നൊഴിവാക്കി, ആജീവനാന്ത വിലക്കും

 

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജ് അക്രമത്തിലെ പ്രതികളായ മുന്‍ എസ്.എഫ്.ഐ നേതാക്കള്‍ പൊലിസ് പി.എസ്.സി പട്ടികയില്‍ ഉള്‍പ്പെട്ടത് ക്രമക്കേടിലൂടെയെന്ന് വ്യക്തമായി. പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. ഇവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി പി.എസ്.സി അറിയിച്ചു.

ഇവര്‍ക്ക് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും പി.എസ്.സി നിര്‍ദേശിച്ചിട്ടുണ്ട്.

കെ.എ.പി നാലാം ബറ്റാലിയന്റെ റാങ്ക് പട്ടികയിലാണ് കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ മുന്‍ യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാമനായും രണ്ടാം പ്രതിയും എസ്.എഫ്.ഐ മുന്‍ യൂനിറ്റ് സെക്രട്ടറിയുമായ എ.എന്‍ നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടംനേടിയിരുന്നത്. കൂടാതെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന പി.പി പ്രണവും പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പി.എസ്.സി സിവില്‍ പൊലിസ് ഓഫീസര്‍ പരീക്ഷ കടുപ്പമായതുകൊണ്ട് തന്നെ കട്ട് ഓഫ് മാര്‍ക്ക് 29.67 ആയിരുന്നു. ഈ പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിത്ത് നേടിയത്. രണ്ടാം പ്രതി നസീമിന് 65.33 മാര്‍ക്കോടെ 28-ാം റാങ്കാണ് കിട്ടിയത്.

എന്നാല്‍ ഇവര്‍ക്ക് സര്‍വകലാശാല പരീക്ഷകളില്‍ ജയിക്കാനുള്ള മാര്‍ക്ക് പോലും നേടാനായിരുന്നില്ല. ഇതോടെ സംശയ നിഴലിലാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് പി.എസ്.സി ഇടപെട്ട് അന്വേഷണം നടത്തിയത്. മൂന്നു പ്രതികളും പരീക്ഷ എഴുതിയത് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ്. എന്നാല്‍ ഇവര്‍ക്ക് ഉത്തരങ്ങള്‍ എസ്.എം.എസായി ഒരേ സമയം ലഭിച്ചു. ശിവരഞ്ജിത്തിനും പ്രണവിനും ഒരേ നമ്പറില്‍ നിന്നാണ് ഉത്തരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നത്. ഇത് ഇവരുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പറാണെന്നും വ്യക്തമായിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.