2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റിനെ തിരുത്തി ജില്ലാ കമ്മിറ്റി; യൂനിറ്റ് കമ്മിറ്റി പിരിച്ച് വിടില്ല, ആറ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ സര്‍വത്ര പ്രതിരോധത്തിലായ എസ്.എഫ്.ഐ നേതാക്കള്‍ തുടര്‍ നടപടികളിലും ആശയക്കുഴപ്പത്തില്‍. സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു യൂനിവേഴ്‌സിറ്റി കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് പറഞ്ഞതിന് പിന്നാലെ അതിന് വിരുദ്ധ നിലപാടുമായി ജില്ലാ നേതൃത്വം രംഗത്തെത്തി. യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ നേതാക്കള്‍ പറയുന്നത്.

അതേ സമയം സംഭവത്തില്‍ ഉള്‍പ്പെട്ട യൂനിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ശിവരഞ്ജിത്ത്, ഇബ്രാഹിം, അദ്വൈത്, ആരോമല്‍ തുടങ്ങിയവരെയാണ് പ്രാഥമിക നടപടി എന്ന നിലയില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തില്‍ നേതാക്കള്‍ക്ക് തന്നെ കൃത്യമായ നിലപാട് കൈക്കൊള്ളാനാകുന്നില്ല എന്നതിന്റെ തെളിവാകുകയാണ് വിവിധ ഘടകങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം.

എസ്.എഫ്.ഐയുടെ എക്കാലത്തെയും ശക്തികേന്ദ്രമായ യുനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ തന്നെ സംഘടനക്കെതിരായ വലിയ വികാരം ഉയര്‍ന്നുവരുന്നത് വരും നാളുകളില്‍ എസ്.എഫ്.ഐക്ക് വലിയ പ്രതിസന്ധിയാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.