2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

കേന്ദ്രത്തിന് തിരിച്ചടി; എസ് ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കി. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ഗോവ ഫിലിം ഫെസ്റ്റിവലിലേക്ക് സമര്‍പ്പിച്ച ചിത്രം ജൂറി അംഗീകരിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജൂറി തീരുമാനത്തെ മറികടന്ന് നിയമപരമായ പിന്തുണയില്ലാതെ തന്റെ ചിത്രത്തെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

സെക്‌സി ദുര്‍ഗയെന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇതിനെ എതിര്‍ത്തതോടെ എസ് ദുര്‍ഗ എന്നാക്കി മാറ്റി. അശ്ലീല രംഗങ്ങളൊന്നും തന്നെ ചിത്രത്തിലില്ല. എന്തുകൊണ്ടാണ് ചിത്രം ഒഴിവാക്കിയതെന്ന് വിശദീകരിച്ചിട്ടില്ലെന്നും ഹരജിയില്‍ അദ്ദേഹം പറയുന്നു.

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം ഇടപെട്ടാണ് ഗോവ മേളയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് എസ് ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും ഒഴിവാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ രാജിവച്ചിരുന്നു.

മെക്‌സിക്കോ, ജനീവ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന് ഒന്‍പത് ഇന്റര്‍നാഷനല്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.