2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഇനിയും സഹിക്കാന്‍ വയ്യ; മോദി വീണ്ടും വന്നാല്‍ കൂട്ടരാജിക്കൊരുങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് (പി.എം.ഒ) ഉള്‍പ്പെടെയുള്ള സുപ്രധാന മന്ത്രാലയങ്ങളിലെ മുതിര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂട്ടരാജിക്കു പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിനു കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാല്‍ ഒന്നുകില്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ ഹോം സ്‌റ്റേറ്റുകളിലേക്കു സ്ഥലംമാറ്റം ആവശ്യപ്പെടുകയോ ആവും ചെയ്യുക. പി.എം.ഒ, വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച പ്രമുഖ ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. സ്വകാര്യതയുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടില്ല. ഇതു ശരിയണെങ്കില്‍ മോദി വീണ്ടും അധികാരത്തിലേറിയാല്‍ ഭരണസ്തംഭനം ഉണ്ടാവുന്ന വിധത്തിലാവും കാര്യങ്ങള്‍.

പി.എം.ഒയിലെ എട്ട് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില ഉദ്യോഗസ്ഥര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പേ വിരമിക്കാനും ആലോചിക്കുന്നുണ്ട്. സ്വന്തം സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റത്തിനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. സ്വകാര്യമേഖലയുള്‍പ്പെടെ ജോലികള്‍ക്കും ചിലര്‍ ശ്രമിക്കുന്നുണ്ട്. മറ്റുമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ഇത്തരത്തില്‍ നീക്കം നടത്തുന്നുണ്ട്. എന്നാല്‍ എത്ര ഉദ്യോഗസ്ഥരാണ് സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതെന്ന കൃത്യമായ കണക്ക് അവര്‍ വെളിപ്പെടുത്തിയില്ല. നിലവില്‍ 25 മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് പി.എം.ഒയില്‍ ജോലിചെയ്യുന്നത്.

2014 മെയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം പി.എം.ഒ നേരിട്ടാണ് പല സുപ്രധാന നീക്കങ്ങളും നടത്തുന്നത്. ധനകാര്യം, പ്രതിരോധമന്ത്രാലയം, വിദേശകാര്യം ഉള്‍പ്പെടെയുള്ള സുപ്രധാനവകുപ്പുകളിലെ നിര്‍ണായകതീരുമാനം പോലും പി.എം.ഒയാണ് എടുക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനെടുത്ത തീരുമാനം അവസാന നിമിഷമാണ് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി പോലും അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രതിരോധമന്ത്രാലയത്തെ മാറ്റിനിര്‍ത്തി റാഫേല്‍ കരാറില്‍ പി.എം.ഒ നേരിട്ട് നടത്തിയ ഇടപെടലുകളും വിവാദമായിരുന്നു. ഇത്തരം നടപടികള്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരത്തിനൊപ്പം മറ്റു മന്ത്രാലയങ്ങളുടെ അധികാരപരിധിയില്‍ ഇടപെടലും അവരെ അവഹേളിക്കലുമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

മറ്റൊന്ന് തങ്ങള്‍ക്കു മേലുള്ള അമിതമായ രാഷ്ട്രീയ അതിപ്രസരമാണ്. സ്വതന്ത്രമായി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. പുറത്തുനിന്നുള്ള ഇടപെടലുകള്‍ അമിതമാണ്. പ്രധാനമന്ത്രി നയിക്കുന്ന ഒരു ചെറിയ ഉപജാപസംഘമാണ് ഉദ്യോഗസ്ഥരെ മുഴുവനായി നിയന്ത്രിക്കുന്നത്. വ്യാപകമാണ് ഇവരുടെ ഇടപെടലുകള്‍. ഏതുവിധത്തിലായിരിക്കണം നടപടികളും തീരുമാനങ്ങളുമെല്ലാം എന്ന് ഇവര്‍ പ്രഖ്യാപിക്കും. സുപ്രധാന വിഷയങ്ങളില്‍ പോലും മന്ത്രാലയത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രിമാര്‍ പലപ്പോഴും ആശയവിനിമയം നടത്താറില്ല. നരേന്ദ്രമോദിയും ചില കേന്ദ്രമന്ത്രിമാരും യാതൊരുവിധത്തിലുമുള്ള ബന്ധവുമില്ല. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും പരിഗണിക്കപ്പെടാറുമില്ല.

ആര്‍.എസ്.എസ്സിന്റെ അമിതമായ ഇടപെലടിലും ഉദ്യോഗസ്ഥര്‍ക്കു നീരസമുണ്ട്. റിസര്‍വ് ബാങ്കിന്റെ ഘടനാമാറ്റത്തിലുള്‍പ്പെടെയുള്ള നടപടികളില്‍ ആര്‍.എസ്.എസ്സിന്റെ ശക്തമായ സ്വാധീനമുണ്ട്. അമിതജോലിയാണ് മറ്റൊരു നീരസത്തിനു കാരണം. 12- 13 മണിക്കൂര്‍ വരെ ദിവസവും ജോലിചെയ്യേണ്ടിവരുന്നുവെന്നും വാരാന്ത്യങ്ങളിലും വിശ്രമമില്ലെന്നും ഇക്കാരണത്താല്‍ സ്ഥലംമാറ്റത്തിന് അപേക്ഷനല്‍കിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യഗസ്ഥന്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു.

എന്നാല്‍, ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തലത്തിലുള്ള വിഷയങ്ങളില്‍ പാര്‍ട്ടി പ്രതികരിക്കില്ലെന്നും മന്ത്രിമാരോട് പ്രതികരണം ആരായൂവെന്നുമാണ് ബി.ജെ.പി വാക്താവ് സഞ്ജയ് മയുഖ് പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.