2018 May 11 Friday

ഗസ്സ മാര്‍ച്ച് ഏഴാം വെള്ളിയാഴ്ചയില്‍: ഇസ്‌റാഈലില്‍ നിന്ന് പിന്തുണയുമായി പ്രകടനം

ഗസ്സ: ഇസ്‌റാഈലിന്റെ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഏഴാം വെള്ളിയാഴ്ചയും തുടര്‍ന്നു. ഇന്നു നടത്തിയ മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടില്ല.

മാര്‍ച്ച് 30 മുതലാണ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പ്രക്ഷോഭ പരിപാടി തുടങ്ങിയത്. ഭൂമി ദിനത്തോടനുബന്ധിച്ച് തുടങ്ങിയ പ്രതിഷേധം ഈമാസം 15ന് നക്ബ ദിനം വരെ തുടരാനാണ് പദ്ധതി. കഴിഞ്ഞ ആറാഴ്ചകളിലും മാര്‍ച്ചിനു നേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഗ്രനേഡ്, കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ 47 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 8,500 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

1948ല്‍ ഇസ്‌റാഈല്‍ രാഷ്ട്രം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 7.5 ലക്ഷം അറബികള്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ ഓര്‍മ്മയായാണ് എല്ലാവര്‍ഷവും മെയ് 15ന് നക്ബ ദിനം (മഹാദുരന്ത ദിനം) ആചരിക്കുന്നത്. ഇസ്‌റാഈലികള്‍ കയ്യേറിയ തങ്ങളുടെ വീടും സ്ഥലവും തിരിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഇപ്പോള്‍ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ നടത്തുന്നത്.

അതിനിടെ, ഇന്ന് 50 ഇസ്‌റാഈലികള്‍ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗസ്സ അതിര്‍ത്തിയിലേക്ക് പ്രകടനം നടത്തി. ഇസ്‌റാഈല്‍ ഉപരോധം നീക്കുക, നിരായുധരായ ഫലസ്തീനികള്‍ക്കെതിരെ ആയുധം ഉപയോഗിക്കുന്നത് നിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.