2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സര്‍വിസുകള്‍ റദ്ദാക്കല്‍ തുടരുന്നു

ജാഫര്‍ കല്ലട

 

നിലമ്പൂര്‍: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് മണിക്കൂര്‍ കണക്കാക്കി ജോലി സമയം നിശ്ചയിച്ചതിനാല്‍ ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നുള്ള ഹ്രസ്വദൂര സര്‍വിസുകളില്‍ ഭൂരിഭാഗവും റദ്ദാക്കി തുടങ്ങി. എട്ടു മണിക്കൂര്‍ സമയമാണ് ഓരോ ജീവനക്കാരനും ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇതു പ്രകാരം രാവിലെ സര്‍വിസ് തുടരുന്ന ബസ് ജീവനക്കാര്‍ എട്ടു മണിക്കൂര്‍ ആകുന്നതോടെ മറ്റുള്ള സര്‍വിസുകള്‍ നിര്‍ത്തുകയാണ്. നേരത്തെ ഒരു ദിവസം ബസ് സര്‍വിസ് തുടങ്ങി അവസാനിക്കുന്നത് വരെ കണക്കാക്കി രണ്ടു ഡ്യൂട്ടിയാണ് നല്‍കിയിരുന്നത്.
ഒരു ദിവസം ഡ്യൂട്ടിയും തൊട്ടടുത്ത ദിവസം ഓഫ് എന്ന രീതിയിലാണ് തുടര്‍ന്നിരുന്നത്. ഇതാണ് കഴിഞ്ഞ മാസം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന അതേ രീതിയില്‍ കെ.എസ്.ആര്‍.ടി.സിയിലും നടപ്പാക്കി തുടങ്ങിയത്.
എന്നാല്‍ ദീര്‍ഘദൂര സര്‍വിസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയിട്ടില്ല. നിലവിലുള്ള രീതി തന്നെയാണ് തുടരുക. ഉള്‍ഗ്രാമങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കുകയാണ്. ഓരോ ഡിപ്പോയുടെ കീഴിലും ചാര്‍ട്ട് തയാറാക്കിവരികയാണ്. പ്രളയത്തിനു ശേഷം നേരത്തെ ഇന്ധന ക്ഷാമം കാണിച്ച് പകുതിയോളം ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ലാഭകരമായ പല സര്‍വിസുകളും കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കുന്നത്. രാത്രി സര്‍വിസുകളാണ് ഇത്തരത്തില്‍ അധികവും നിര്‍ത്തലാവുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.