2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണം; മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്ക് ആറുമാസം വരെ തടവ്

  • ബില്ലിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി
  • ജീവനാംശത്തിന് മാതാപിതാക്കള്‍ക്ക് കോടതിയെ സമീപിക്കാം 
യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിലവിലെ നിയമം കൂടുതല്‍ കര്‍ശനമാക്കി. വയോധികരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന മക്കള്‍ക്ക് ആറുമാസത്തെ തടവുശിക്ഷയാണ് കരട് നിര്‍ദേശിക്കുന്നത്. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരെന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍ ഡ്രാഫ്റ്റ് ബില്‍ 2018 കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയിരിക്കുന്നത്. 2017ലെ നിയമം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് പുതിയ ബില്‍ കൊണ്ടുവന്നത്. വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്നുമാസത്തെ തടവാണ് നിലവിലെ ബില്‍ വ്യവസ്ഥചെയ്യുന്നത്. ശിക്ഷ ഇരട്ടിയാക്കിയതിനൊപ്പം പുതിയ ബില്ലില്‍ ചട്ടങ്ങളിലും വ്യവസ്ഥകളിലും അടിമുടി മാറ്റമുണ്ട്.
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി 2007ല്‍ യു.പി.എ സര്‍ക്കാരാണ് സമഗ്ര നിയമം കൊണ്ടുവന്നത്. ഇതില്‍ നിയമലംഘകര്‍ക്കു ശിക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം ഈ നിയമം ഭേദഗതിചെയ്ത് ശിക്ഷ മൂന്നുമാസമാക്കി. പുതിയ കരടില്‍ ഇത് ഇരട്ടിയാക്കിയിരിക്കുകയാണ്. പുതിയ ബില്ലില്‍ മക്കള്‍ എന്നതിന്റെ നിര്‍വചനത്തിലും മാറ്റമുണ്ട്. നേരത്തെ മക്കള്‍ എന്നതുകൊണ്ട് സ്വന്തം മക്കളും (ബയോളജിക്കല്‍ ചില്‍ഡ്രന്‍) പേരമക്കളും മാത്രമെ ഉള്‍പ്പെട്ടിരുന്നുള്ളൂ.
എന്നാല്‍ പുതിയ ബില്ലില്‍ മരുമക്കളും ദത്തെടുക്കപ്പെട്ട മക്കളും അവരുടെ കൊച്ചുമക്കളും എല്ലാം ഉള്‍പ്പെടും. മാതാപിതാക്കള്‍ക്ക് ജീവനാംശം കൊടുക്കുക എന്നതുകൊണ്ട് ഭക്ഷണം, വസ്ത്രം, താമസം, സംരക്ഷണം എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുക എന്നും പുതിയ ബില്‍ വ്യവസ്ഥപ്പെടുത്തി.
ജീവനാംശം നല്‍കാന്‍ മക്കള്‍ വിസമ്മതിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്ക് കോടതിയെ (മെയിന്റനന്‍സ് ട്രിബൂണല്‍) സമീപിക്കാവുന്നതുമാണ്. കോടതി മുന്‍പാകെയെത്തുന്ന പരാതികളില്‍ മാതാപിതാക്കള്‍ക്ക് മതിയായ ജീവനാംശം നല്‍കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് അധികാരവുമുണ്ട്. മക്കളില്ലാത്ത ദമ്പതികള്‍ ആണെങ്കില്‍ അവരുടെ ബന്ധുക്കളാകും ജീവനാംശം നല്‍കേണ്ടതെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബന്ധുക്കളുടെയും മക്കളുടെയും സാമ്പത്തിക സ്ഥിതിയും മാതാപിതാക്കളുടെ ജീവിതസാഹചര്യവും അനുസരിച്ചായിരിക്കും പ്രതിമാസ ജീവനാംശത്തുക കോടതി തീരുമാനിക്കുക. നിലവില്‍ ജീവനാംശമായി ലഭിക്കുന്ന പരമാവധി തുക 10,000 രൂപയാണ്. എന്നാല്‍, പുതിയ ബില്ലില്‍ ഇത് വര്‍ധിപ്പിച്ചിട്ടുണ്ട്. നിശ്ചിത തുക നല്‍കിയില്ലെങ്കില്‍ മക്കളെയോ ബന്ധുക്കളെയോ ശിക്ഷിക്കാനും കോടതിക്ക് അധികാരമുണ്ട്. 60 വയസും അതിനു മുകളിലുള്ളവര്‍ക്കുമാണ് ഈ നിയമപ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.
ഇന്ത്യയിലെ 10 കോടി മുതിര്‍ന്ന പൗരന്‍മാരില്‍ 50 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ്. ഇവര്‍ മോശമായ പെരുമാറ്റത്തിന് ഇരകളാകുന്നുണ്ടെന്ന് അടുത്തിടെ ഹെല്‍പ് ഏജ് ഇന്ത്യ എന്ന സര്‍ക്കാരിതര സംഘടന നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.