2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

അപസ്മാരത്തെ മനസിലാക്കാം

പലപ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ വിറച്ചുവീഴുന്നത് കാണാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താക്കോല്‍ ശരീരത്തില്‍ ചേര്‍ത്തുവയ്ക്കാനും ശ്രമിക്കും. അപസ്മാരമെന്നാണ് ഈ രോഗത്തിന് പേര്. സന്നി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. അപസ്മാരം പിടിപെട്ടാല്‍ പെട്ടെന്നു മാറില്ലെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്.

എന്നാല്‍ ഇത് കഥകള്‍ മാത്രമാണ്. അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുത തരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനുകാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്.

സന്നി തുടര്‍ച്ചയായി ഉണ്ടാവുന്ന അവസ്ഥയാണിത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യുത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരിക്കും ശരീരത്തിനുണ്ടാകുന്ന ചേഷ്ടകള്‍. ഇഡിയോപ്പതിക്ക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. മസ്തിഷ്‌കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക ട്യൂമര്‍, മസ്തിഷ്‌കത്തില്‍ രക്തം കട്ട പിടിക്കല്‍, മസ്തിഷ്‌ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.

മസ്തിഷ്‌കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ പ്രവര്‍ത്തന തകരാറ് എന്നിവയും അപസ്മാരത്തിലേക്ക് നമ്മളെ തള്ളിവിടാറുണ്ട്. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിലേക്ക് നയിക്കും.

ലക്ഷണങ്ങള്‍

പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍.

ചികിത്സ

അപസ്മാരത്തെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാനാവില്ല എന്നാണ് നമ്മളൊക്കെ വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 80-90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതാണ്.

ജനറലൈസ്ഡ് ടോണിക് ക്ലോണിക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആമ്പ്‌സന്‍സ് സീഷര്‍ എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടു വരുന്നത്. ഏത് തരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി.
രോഗിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്‍മനാ വരുന്ന അപസ്മാരമുള്‍പ്പെടെ പരിഹരിക്കാന്‍ സാധിക്കും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.