2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്വ. ലേഖകര്‍ കച്ചവടക്കാരായപ്പോള്‍

#മുഷ്താഖ് കൊടിഞ്ഞി
ഫോട്ടോ: ഷാജു വി. കാരാട്ട്

 

 

ഒരേ വഴിയിലൂടെ ഒരുമിച്ചായിരുന്നു അവരുടെ യാത്ര. പത്രപ്രവര്‍ത്തനമായിരുന്നു അവരുടെ കര്‍മമണ്ഡലം. വാര്‍ത്തകള്‍തേടി വയനാടന്‍ കാടുകളിലൂടെയും ഗ്രാമങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെയുമെല്ലാം അവിശ്രമം സഞ്ചരിച്ച കുറേനാളുകള്‍. ആ യാത്രകളില്‍ സമൂഹത്തിനില്‍നിന്നു തൊട്ടറിഞ്ഞ സ്പന്ദനങ്ങള്‍ അവരെ മറ്റൊരു വഴിയിലേക്കാണു നയിച്ചത്. അങ്ങനെയൊരു ഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തോടു വിടചൊല്ലി വ്യാപാരത്തിന്റെ മറ്റൊരു ലോകത്തേക്കു വേറിട്ടൊരു യാത്രയായി. ചുഴികളും പ്രതികൂലാവസ്ഥകളും നിറഞ്ഞ മഹാസമുദ്രമാണ് ബിസിനസ് ലോകം. എന്നാല്‍ കഠിനാധ്വാനം അവരുടെ മുന്നില്‍ വിജയത്തിന്റെ വാതിലുകള്‍ തുറക്കുകതന്നെ ചെയ്തു. കുഞ്ഞുടുപ്പുകളുടെ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച ഷാജു തോമസാണ് ഇതിലൊരാള്‍. ആയിരത്തിലേറെ ജീവനക്കാരുള്ള ‘പോപ്പീസ് ‘ ബേബി കെയറിന്റെ അമരക്കാരന്‍. സ്‌പോര്‍ട്‌സ് വസ്ത്രനിര്‍മാണ രംഗത്ത് ചുവടുറപ്പിച്ച തോപ്പില്‍ ഷാജഹാനാണ് മറ്റൊരാള്‍. കിക്കോഫ് സ്‌പോര്‍ട്‌സ് വെയര്‍, ജഴ്‌സി ഫാക്ടറി എന്നീ സ്ഥാപനങ്ങളുടെ ഉടമ.

ചുരമിറങ്ങി
പോപ്പീസിലേക്ക്

കോഴിക്കോട് പ്രസ് ക്ലബില്‍നിന്നു പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ നിലമ്പൂര്‍ സ്വദേശിയായ ഷാജു തോമസിന് ഉടന്‍തന്നെ മംഗളം പത്രത്തിന്റെ വയനാട് ലേഖകനായി നിയമനം ലഭിച്ചു. അങ്ങനെ കരിയറിന്റെ തുടക്കത്തിലേ ആവേശഭരിതമായ ദിനങ്ങള്‍. വയനാടന്‍ കുന്നുകളും മലകളും കയറിയിറങ്ങി, പുഴകളും കാടുകളും താണ്ടി വാര്‍ത്ത ശേഖരിച്ചു. കൂട്ടിന് തോപ്പില്‍ ഷാജഹാനുമുണ്ട്. മാധ്യമം വയനാട് ലേഖകനാണ് കല്‍പറ്റ സ്വദേശി ഷാജഹാന്‍. നാട്ടിലും കാട്ടിലും അവര്‍ വാര്‍ത്തകള്‍ തേടിയലഞ്ഞു. അങ്ങനെ ആദിവാസി ഗോത്ര ഗ്രാമങ്ങളിലും നക്‌സല്‍ വര്‍ഗീസ് വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച തിരുനെല്ലി കാടുകളിലുമെല്ലാം അവരെത്തി.
ഷാജു തോമസിന് ഫോട്ടോഗ്രഫിയിലും കമ്പം കൂടുതലാണ്. ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമയുമുണ്ട്. അങ്ങനെ അനേകം വന്യമൃഗങ്ങള്‍ ഷാജുവിന്റെ കാമറയില്‍ പതിഞ്ഞു. ഫോട്ടോഗ്രഫിയിലുള്ള ഹരവും തുടക്കക്കാരന്റെ ആവേശവും ചേര്‍ന്നപ്പോള്‍ ആനയുടെ രൂപത്തില്‍ മരണത്തെ മുഖാമുഖം കണ്ടു. വരള്‍ച്ച രൂക്ഷമാകുമ്പോള്‍ കര്‍ണാടക വനാതിര്‍ത്തിയില്‍ കാട്ടാനകള്‍ കേരളത്തിലേക്കു കൂട്ടത്തോടെ ചേക്കേറും. ദാഹജലം തേടിയാണ് ഈ വരവ്. ഇതിന്റെ ചിത്രം പകര്‍ത്താനാണ് ഷാജു മുത്തങ്ങ വനത്തിലെത്തിയത്. ഒരുകൂട്ടം കാട്ടാനകളുടെ ഫോട്ടോ എടുക്കുമ്പോള്‍ പെട്ടെന്നാണ് അതു സംഭവിച്ചത്. ഒരു കൊമ്പന്‍ പാഞ്ഞടുക്കുന്നു. ജീവന്‍ കൈയില്‍പിടിച്ച് ഓടി. കാമറ മരത്തിന്റെ കൊമ്പില്‍ കുരുങ്ങി. കാമറയും ബൈക്കും ഉപേക്ഷിച്ച് ഓടി. മുത്തങ്ങ ദേശീയപാതവഴി വന്ന ബസില്‍ കയറി രക്ഷപ്പെട്ടു. പിറ്റേന്ന് ഫോറസ്റ്റ് ജീവനക്കാര്‍ക്കൊപ്പമെത്തിയാണ് ബൈക്കും കാമറയും വീണ്ടെടുത്തത്. അപൂര്‍വമായ കരിമ്പുലിയും ഷാജുവിന്റെ കാമറയില്‍ കുടുങ്ങിയിട്ടുണ്ട്.
ഷാജഹാന്‍ മറ്റൊരു പത്രത്തിന്റെ ലേഖകനാണെങ്കിലും പടം എടുക്കേണ്ട പണി ഷാജുവിനാണ്. ട്രെയിനിയായതിനാല്‍ കിട്ടുന്ന തുച്ഛം ശമ്പളം ഷാജുവിന്റെ വട്ടച്ചെലവിനുപോലും തികയില്ല. മറ്റു പത്രങ്ങള്‍ക്കെല്ലാം ചിത്രങ്ങള്‍ അയച്ചുനല്‍കിയാണ് ഷാജു ഒരുവിധം പിടിച്ചുനിന്നത്. പിന്നീട് മലയാള മനോരമയുടെ ലേഖകനായി സ്വന്തം ജില്ലയായ മലപ്പുറത്തേക്കു മാറി. അവിടെയും വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും പിന്നാലെയായിരുന്നു യാത്ര.
വസ്ത്രനിര്‍മാണ രംഗത്തെ കുറിച്ചു വാര്‍ത്ത ശേഖരിക്കാനാണ് ഷാജു തിരുപ്പൂരില്‍ എത്തിയത്. തിരുപ്പൂര്‍ ഷാജുവിനെ പുതിയ സാധ്യതകളിലേക്കു നയിച്ചു. ഇതോടെ പത്രപ്രവര്‍ത്തനത്തോട് സലാം പറഞ്ഞു വസ്ത്രവിപണിയിലേക്കു മാറി. മഞ്ചേരിയില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരു വസ്ത്രാലയം ആരംഭിച്ചു. ബിസിനസ് അനുദിനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കേ പെട്ടെന്നു രംഗം മാറി. എട്ടുനിലയില്‍ പൊട്ടി. ആത്മഹത്യയുടെ വക്കിലെത്തി. ആത്മവിശ്വാസം വീണ്ടെടുത്ത് ഷാജു വീണ്ടും തിരുപ്പൂരിലേക്ക്. കുഞ്ഞുടുപ്പുകളുടെ വിപണിയെക്കുറിച്ചു കൂടുതല്‍ പഠിക്കാനായിരുന്നു പോക്ക്.
അങ്ങനെ ബാങ്കില്‍നിന്നു വായ്പയെടുത്ത് അഞ്ചു ജീവനക്കാരുമായി മഞ്ചേരി തിരുവാലിയില്‍ കുഞ്ഞുടുപ്പ് നിര്‍മാണ യൂനിറ്റ് ആരംഭിച്ചു. വ്യാപാരം ക്രമേണ പച്ചപിടിച്ചു തുടങ്ങി. പതുക്കെ ബ്രാന്‍ഡിങ്ങും സ്വന്തമാക്കി. ഇന്ന് കേരളത്തില്‍ കുഞ്ഞുടുപ്പ് വിപണിയില്‍ ഒന്നാം സ്ഥാനത്താണ് പോപ്പീസ്. പ്രതിവര്‍ഷം ഇരുനൂറു കോടിയുടെ വിറ്റുവരവ്. ആയിരത്തിലേറെ ജീവനക്കാര്‍. കയറ്റുമതിക്കു പുറമെ തിരുപ്പൂരില്‍ ഒരു ഗവേഷണ കേന്ദ്രവും. പത്രപ്രവര്‍ത്തനം മറക്കാതിരിക്കാനെന്നോണം ഒരു മാസികയും സ്വന്തമായി നടത്തുന്നുണ്ട്. ‘ഔവര്‍ കിഡ്‌സ് ‘ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്, യു.എ.ഇയിലെ ഇ.ടി ബെസ്റ്റ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

കണ്ഡമാലില്‍നിന്ന്
കിക്കോഫിലേക്ക്

ഷാജു തോമസ് ഷാജഹാനെ കുറിച്ചു പറഞ്ഞ ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്. 2004 ക്രിസ്മസ് നാള്‍. ഷാജുവിന്റെ നിലമ്പൂരിലെ വീട്ടില്‍ വിരുന്നെത്തിയതാണ് ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍. സംഘത്തില്‍ ഷാജഹാനുമുണ്ട്. ഭക്ഷണശേഷം സംഘം നാടുകാണി ചുരംവഴി ഊട്ടിയിലേക്കു തിരിച്ചു. അന്നുരാത്രി അവിടെ തമ്പടിച്ചു. പിറ്റേന്നു രാവിലെ ഉല്ലാസയാത്രയ്ക്കിടെയാണ് കേരളതീരത്ത് സുനാമി ആഞ്ഞടിച്ച വാര്‍ത്തയെത്തിയത്. മനുഷ്യജീവിതവും സര്‍വവും പിഴുതെറിഞ്ഞു തീരത്ത് ആര്‍ത്തലയ്ക്കുന്ന കടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പിന്നാലെ വന്നു. ദുരന്തം എല്ലാവരെയും ആശങ്കപ്പെടുത്തിയെങ്കിലും ജോലി സംബന്ധമായ വേവലാതി ആര്‍ക്കുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും അവധിയിലായിരുന്നു. എന്നാല്‍ സംഘത്തിലെ ഷാജഹാനുമാത്രം ഇരിക്കപ്പൊറുതിയുണ്ടായില്ല. ഷാജഹാനാണ് മലയാള മനോരമയില്‍ മലപ്പുറം തീരപ്രദേശത്തിന്റെ ചുമതല. സഹപ്രവര്‍ത്തകരില്‍ പലരും അവധിയിലാണ്. അവശേഷിക്കുന്നവര്‍ക്കു കടപ്പുറത്തെ സുനാമി ദുരന്തവാര്‍ത്തകള്‍ ശേഖരിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരും. ഷാജഹാന്‍ അസ്വസ്ഥനായി. യാത്ര മതിയാക്കി മടങ്ങാന്‍ തീരുമാനിച്ചു. എല്ലാവരും നിരുത്സാഹപ്പെടുത്തി. യാത്ര പകുതിക്കു മതിയാക്കി ഷാജഹാന്‍ ബസില്‍ ചുരമിറങ്ങി. വൈകുന്നേരത്തോടെ കടപ്പുറത്തെത്തി. സുനാമി മലപ്പുറം ജില്ലയിലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കൃത്യതയോടെയും വ്യക്തതയോടെയും റിപ്പോര്‍ട്ട് ചെയ്തു. ഈ മനോഭാവവും സമര്‍പ്പണവുമാണ് ഷാജഹാന്റെ വിജയത്തിനു പിന്നിലെന്ന് ഷാജു പറയുന്നു.
വയനാട്ടില്‍ ലേഖകനായിരുന്ന ഷാജഹാന്‍ ഷാജുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മലപ്പുറത്ത് എത്തുന്നത്. ഷാജു ബിസിനസ് രംഗത്തേക്ക് പ്രവേശിച്ചു രണ്ടുവര്‍ഷം തികയുംമുന്‍പേ ഷാജഹാന്‍ പത്രപ്രവര്‍ത്തനം മതിയാക്കി. പത്രപ്രവര്‍ത്തനം ഒഴിവാക്കിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഷാജഹാന്റെ വാര്‍ത്തകള്‍ അത്രക്കങ്ങു സമൂഹത്തില്‍ പ്രതിഫലനമുണ്ടാക്കിയിരുന്നു. പാക്ക് പൗരന്മാര്‍ എന്നാരോപിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള നിരവധി ഫീച്ചറുകള്‍ എഴുതി അതിനിടക്ക് ഷാജഹാന്‍ ശ്രദ്ധനേടിയിരുന്നു. വാര്‍ത്ത ശ്രദ്ധിച്ചാണ് അന്നു രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുല്‍ കലാം വിഷയത്തില്‍ ഇടപെടുന്നത്. പാകത്സ്താനും ഇന്ത്യയും പരസ്പരം നാടുകടത്തിയിരുന്ന ആ മനുഷ്യരില്‍ പലര്‍ക്കും സ്വസ്ഥമായി സ്വന്തംമണ്ണില്‍ മരിക്കാന്‍ ഷാജഹാന്റെ വാര്‍ത്തകള്‍ സഹായകമായി. മലപ്പുറം, കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകളിലെ യുവതികളെ മൈസൂരുവിലേക്കു വിവാഹം ചെയ്തയച്ചതിന്റെ ദുരന്തഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും വന്‍ പ്രതിഫലനമുണ്ടാക്കി.
മലപ്പുറത്തുനിന്നു മുങ്ങിയ ഷാജഹാന്‍ പൊങ്ങിയത് ബംഗളൂരുവില്‍. സാമൂഹിക പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി ശശിയുടെ സംഘത്തില്‍ ആക്ടിവിസവും ഡോക്യുമെന്ററി നിര്‍മാണവും പ്രദര്‍ശനവുമായി ഇന്ത്യയിലുടനീളം സഞ്ചാരം. ഒഡിഷ കണ്ഡമാലില്‍ അഴിഞ്ഞാടിയ വര്‍ഗീയവാദികളുടെ ക്രൂരകൃത്യങ്ങള്‍ തുറന്നുകാണിക്കുകയായിരുന്നു സംഘം. അതിന്റെ ഭാഗമായി ടീഷര്‍ട്ട് കാംപയിന്‍ നടത്താന്‍ തീരുമാനിക്കുന്നു. ഇതിന്റെ ചുമതല ഷാജഹാന്. ടീഷര്‍ട്ട് തയാറാക്കാന്‍ ഷാജഹാന്‍ തിരുപ്പൂരിലെത്തുന്നു. അപ്പോഴേക്കും ഷാജു തോമസിന്റെ ബിസിനസ് പച്ചപിടിച്ചുതുടങ്ങിയിരുന്നു. ഷാജുവിന്റെ സഹായത്തോടെ ടീഷര്‍ട്ട് തയാറാക്കി. പലതവണകളായി പതിനായിരത്തോളം ടീഷര്‍ട്ടുകള്‍ തയാറാക്കിയതോടെ ഷാജഹാന്‍ കച്ചവടക്കാരനുമായി.
അതിനിടയ്ക്കാണ് 2010ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം എത്തുന്നത്. സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങിനോട് മുന്‍പേ താല്‍പര്യമുണ്ടായിരുന്ന ഷാജഹാന്‍ ഫുട്‌ബോള്‍ ജഴ്‌സികള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉമ്മ കുമ്മാളി നഫീസയുടെ കാതിലെ ചിറ്റ്(സ്വര്‍ണാഭരണം) മൂലധനമായി. കൂടെ ഷാജുവിന്റെ എല്ലാ സഹായങ്ങളും. ഫുട്‌ബോള്‍ ലഹരിയില്‍ ഇളകിമറിയുന്ന മലപ്പുറത്തേക്ക് ജഴ്‌സിയുമായുള്ള വരവിനു വലിയ സ്വീകാര്യത ലഭിച്ചു. ഉറക്കമില്ലാത്ത ഒരു മാസം. തിരുപ്പൂരിലെ യൂനിറ്റുകളില്‍നിന്നു തയാറാക്കുന്ന ജഴ്‌സികള്‍ രാത്രിയില്‍ ട്രെയിനിലെത്തിച്ച് പകല്‍ കടകളില്‍ വില്‍പന നടത്തും. വിറ്റുകിട്ടിയ തുകയുമായി വീണ്ടും തിരുപ്പൂരിലേക്ക്. ലോകകപ്പ് കഴിഞ്ഞപ്പോള്‍ വലിയൊരു തുക കൈയില്‍. അത് ഉപയോഗിച്ച് തിരുപ്പൂര്‍ ഖാദര്‍പേട്ടയില്‍ ടീഷര്‍ട്ട് മൊത്തവില്‍പനശാല തുടങ്ങി. മലയാളികളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ടീഷര്‍ട്ടുകളാണു തയാറാക്കിയത്.
ഇതിനിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം ആളിക്കത്തുന്നത്. തമിഴരില്‍ പലരും മലയാളി വിരോധികളായി. തിരുപ്പൂരിലും മലയാളികളുടെ സ്ഥാപനങ്ങള്‍ക്കുനേരെ അക്രമമുണ്ടായി. അവിടെയെത്തുന്ന മലയാളി കച്ചവടക്കാരുടെ എണ്ണം കുറഞ്ഞു. ഷാജഹാന്റെ വ്യാപാരസ്ഥാപനം പൂട്ടേണ്ടിവന്നു. കിട്ടിയ വിലയ്ക്കു സ്ഥാപനം വിറ്റ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ സ്‌പോര്‍ട്‌സ് നിര്‍മാണ യൂനിറ്റ് ആരംഭിച്ചു. പുതിയ ബിസിനസ് തന്ത്രങ്ങള്‍ രംഗം കൈയടക്കാന്‍ അധികം താമസമുണ്ടായില്ല. ഇപ്പോള്‍ കോഴിക്കോടും തിരുപ്പൂരും നിര്‍മാണ യൂനിറ്റുണ്ട്.
മലപ്പുറത്തെ മതസൗഹാര്‍ദത്തെ കുറിച്ചുള്ള ‘മലപ്പുറം കഥകള്‍ക്കപ്പുറം’ എന്ന ഡോക്യുമെന്ററി ഷാജഹാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി പി.ജെ ആന്റണി ദേശീയ അവാര്‍ഡ് നേടി. ഷാജഹാന്റെ ‘രാഷ്ട്രനിയമത്തിന്റെ ഇരകള്‍’ എന്ന പുസ്തകവും ശ്രദ്ധിക്കപ്പെട്ടു.

*******
ഷാജഹാനും ഷാജുവും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ഗാഢമായി തുടരുന്നു. കാലവര്‍ഷമായാല്‍ ഷാജഹാന്റെ സ്‌പോര്‍ട്‌സ് വസ്ത്ര യൂനിറ്റില്‍ നിര്‍മാണം കുറയും. അപ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാരെ ഷാജുവിന്റെ സ്ഥാപനത്തിലേക്കു കൈമാറും. ഷാജഹാന് ആവശ്യംവരുമ്പോള്‍ തിരിച്ചും. ഇവര്‍ തമ്മില്‍ ഒരു അലിഖിത കരാറുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലേക്ക് ഷാജഹാന്‍ പ്രവേശിക്കില്ല. ഷാജു ആകട്ടെ സ്‌പോര്‍ട്‌സ് വസ്ത്രമേഖലയിലും കൈവയ്ക്കില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News