2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഡല്‍ഹിയില്‍ ദലിത് മഹാപ്രക്ഷോഭം, നീലക്കടലായി രാംലീലാ മൈതാന്‍; ചന്ദ്രശേഖര്‍ ആസാദ് അടക്കം നൂറോളം നേതാക്കള്‍ അറസ്റ്റില്‍

 

ന്യൂഡല്‍ഹി: തങ്ങളുടെ ആരാധനാലയമായ ഗുരു രവിദാസ് മന്ദിര്‍ ക്ഷേത്രം പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് ലക്ഷത്തിലധികം വരുന്ന ദലിതരുടെ മഹാ പ്രക്ഷോഭം. തുഗ്ലക്കാബാദിലെ രവിദാസിയ സമുദായത്തിന്റെ ആചാര്യനായ ഗുരു രവിദാസിന്റെ പേരിലുള്ള ക്ഷേത്രം ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച് നീക്കിയതിനെതിരെയാണ് രവിദാസിയ സമാജും ഭീം ആര്‍മിയും ഉള്‍പ്പടെയുള്ള ദലിത് സംഘടനകള്‍ പ്രതിഷേധക്കടല്‍ ഡല്‍ഹിയില്‍ തീര്‍ത്തത്. പ്രതിഷേധറാലിയെ കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചാണ് ഡല്‍ഹി പോലീസ് നേരിട്ടത്.

പ്രതിഷേധക്കാരെ പൊലിസ് അടിച്ചമര്‍ത്താന്‍ നോക്കിയതോടെ പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതിനിടെ പൊലിസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പടര്‍ന്നത് പ്രതിഷേധം ആളിക്കത്താനിടയാക്കി. ഇതോടെ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീയിടുകയും ചെയ്‌തെന്നും ആക്രമണത്തില്‍ 15 പൊലീസുകാര്‍ക്ക് പരുക്കേറ്റതായാണ് പൊലീസ് പറയുന്നത്.

അതേസമയം, പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പടെയുള്ള നൂറോളം ദലിത് നേതാക്കളെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവര്‍ക്കെതിരെ ലഹളയുണ്ടാക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ടെന്നാണ് പൊലിസ് പറഞ്ഞു.

ജനക്കൂട്ടം നീല വസ്ത്രവും നീല പതാകയും വഹിച്ച് ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിലേക്ക് ഒഴുകിയപ്പോള്‍ ഡല്‍ഹിയില്‍ ജാന്ദേവാലനും രാംലീല മൈതാനിക്കുമിടയിലെ റോഡുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി മാറി. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ദലിതുകളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്.

ഡല്‍ഹി സാമൂഹിക വികസന മന്ത്രി രാജേന്ദ്രപാല്‍ ഗൗതമും റാലിയില്‍ പങ്കെടുത്തിരുന്നു. ദലിത് സമുദായം നേരിടുന്ന അനീതിക്ക് എതിരായാണ് തങ്ങള്‍ പോരാടുന്നത്. സുപ്രീം കോടതി വിധിക്കെതിരല്ല. എന്തുകൊണ്ടാണ് രാജ്യത്തുടനീളം ദലിത് ക്ഷേത്രങ്ങളും അംബേദ്കര്‍ പ്രതിമകളും മാത്രം തകര്‍ക്കപ്പെടുന്നുവെന്ന് ഭരണകൂടങ്ങള്‍ വ്യക്തമാക്കണം.’ മന്ത്രി പറഞ്ഞു.

സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 10നാണ് രവിദാസ് ക്ഷേത്രം പൊളിച്ചുനീക്കിയത്. ഓഗസ്റ്റ് 13ന് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെതിരെ രവിദാസിയ സമുദായക്കാര്‍ ബന്ദ് നടത്തിയിരുന്നു. ക്ഷേത്രം പൊളിച്ചുനീക്കിയതിന് പിന്നില്‍ ദലിതര്‍ക്കെതിരായ ഗൂഢാലോചനയാണുള്ളത് എന്ന് ശ്രീ ഗുരുദാസ് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ റോബിന്‍ സാംപ്ല പറയുന്നു. തുഗ്ലക്കാബാദ് വനപ്രദേശത്ത് ക്ഷേത്രം നിലനിന്നിരുന്ന അതേ സ്ഥലത്തോ മറ്റൊരു സ്ഥലത്തോ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. റാലിയിലുടനീളം ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.

കോണ്‍ഗ്രസും ബി.ജെ.പിയും അകാലി ദളും രവിദാസികള്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് ക്ഷേത്ര പുനര്‍നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടിലാണ് ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍.

Sea of Blue at Delhi’s Ramlila Maidan as Thousands Protest Demolition of ‘Ravidas Mandir


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.