2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എസ്.ഡി.പി.ഐ പിന്തുണയില്‍ ഭരണം വേണ്ട; എല്‍.ഡി.എഫ് പ്രതിനിധി രാജിവെച്ചു

ഈരാറ്റുപേട്ട: നഗരസഭാചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിലെ ലൈല പരീത് വിജയിച്ചു. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. വിഎം സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളും ലഭിച്ചു. എല്‍.ഡി.എഫിലെ 10 അംഗങ്ങളും നാല് എസ്.ഡി.പി.ഐ അംഗങ്ങളുമാണ് ലൈലായ്ക്ക് വോട്ട് ചെയ്തത് .ജനപക്ഷത്തിലെ പി.എച്ച്.ഹസീബും ജോസ് മാത്യുവും തിരഞ്ഞെടുപ്പ് കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നില്ല.അവര്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനപക്ഷം എല്‍.ഡി.എഫിന് വോട്ട് ചെയ്താല്‍ എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു അതുകൊണ്ടാണ് ജനപക്ഷത്തിലെ രണ്ട് അംഗങ്ങള്‍ വിട്ട് നില്‍ക്കാന്‍ കാരണം. ലൈല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം, എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്നും സ്ഥാനം രാജിവെയ്ക്കുമെന്നും അവര്‍ വ്യക്തമാക്കുകയും നേതൃത്വത്തിന്റെ തീരുമാനപ്രകാരം ലൈല പിന്നീട് രാജിവെക്കുകയുമായിരുന്നു.

 

സിപിഎം നടത്തുന്ന രാഷ്ട്രീയ കോമാളിത്തം ജനങ്ങള്‍ തിരിച്ചറിയണമെന്ന്

മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച് പദവിയിലെത്തിയ ശേഷം രാജിവച്ച് സിപിഎം നടത്തുന്ന രാഷ്ട്രീയ കോമാളിത്തം ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലെ ജനപക്ഷത്തെ ഭരണപക്ഷത്തുനിന്ന് അകറ്റി നിര്‍ത്തണമെന്ന എസ്ഡിപിഐ ആവശ്യം എല്‍ഡിഎഫ് നേതാക്കള്‍ അംഗീകരിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ലൈലാ പരീതിനെ എസ്ഡിപിഐ പിന്തുണച്ചത്. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് എല്‍ഡിഎഫ് നേതാക്കളുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ ലൈലാ പരീതിന് വോട്ട് ചെയ്യാന്‍ എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മിറ്റി തീരുമാനിച്ചതെന്ന് പ്രസിഡന്റ് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.