2020 January 22 Wednesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സിറിയയില്‍ ഐ.എസിന്റെ അവസാന തുരുത്തും തിരിച്ചുപിടിച്ചതായി യു.എസ് സഖ്യകക്ഷി

ദമസ്‌കസ്: സിറിയയിലെ ഐ.എസ്സിന്റെ നിയന്ത്രണത്തിലായിരുന്ന അവസാന പ്രദേശവും പിടിച്ചെടുത്തതായി അമേരിക്കന്‍ സഖ്യകക്ഷിയായ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്.ഡി.എഫ്) പറഞ്ഞു. ഐ.എസ്സിന്റെ ഖിലാഫത്ത് പൂര്‍ണമായും തകര്‍ത്തതായി എസ്.ഡി.എഫ് മാധ്യമവിഭാഗം മേധാവി മുസ്തഫാ ബാലിയാണ് അറിയിച്ചത്. ഐ.എസ്സിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ നൂറുകണക്കിനു പോരാളികളെ ഈസമയത്തില്‍ അനുസ്മരിക്കുന്നുവെന്നും അവരുടെ ത്യാഗങ്ങളാണ് വിജയം എളുപ്പമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അവസാന ഐ.എസ് കേന്ദ്രവും പിടിച്ചെടുത്ത സഖ്യസേന, ഐ.എസ് ആസ്ഥാനത്ത് എസ്.ഡി.എഫ് പതാക ഉയര്‍ത്തിയതിന്റെ ഫോട്ടോ വിദേശമാധ്യമപ്രവര്‍ത്തകന്‍ മാറ്റ് ബ്രാഡ്‌ലി ട്വിറ്ററില്‍ പങ്കുവച്ചു.

ഇതുവരെ ഐ.എസ് ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന ബഗൂസും സഖ്യസേന കീഴടക്കിയതായി രാജ്യാന്തരമാധ്യമങ്ങളും റിപ്പോര്‍ട്ട്‌ചെയ്തു. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ ബഗൂസ് ഐ.എസില്‍ നിന്നു തിരിച്ചുപിടിക്കാനായി ആഴ്ചകളായി ഇവിടെ കനത്ത ഏറ്റുമുട്ടലാണ് നടന്നുകൊണ്ടിരുന്നത്. ദിവസങ്ങളായി ഇവിടെനിന്നു വലിയ സ്‌ഫോടകശബ്ദങ്ങളും വെടിയൊച്ചയും കേട്ടിരുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

 

ഐ.എസ് അതിന്റെ ഏറ്റവും സ്വാധീനകാലത്ത്. കറുപ്പ് നിറത്തിലുള്ള പ്രദേശങ്ങളാണ് ഐ.എസ്സിനു കീഴിലുണ്ടായിരുന്നത്.
(ചിത്രത്തിനു കടപ്പാട്: അല്‍ജസീറ)

 

വ്യവസ്ഥാപിതമായി ഐ.എസ് നിയന്ത്രിച്ചുപോന്ന മേഖലകള്‍ പൂര്‍ണമായി അവരില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് സഖ്യസേനയുടെ അവകാശവാദം. എന്നാല്‍, ഇറാഖ് അതിര്‍ത്തി പ്രദേശത്തെ ചില ഗ്രാമങ്ങളില്‍ ഇപ്പോഴും ഐ.എസ് സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യസിറിയയില്‍ മരുഭൂമികള്‍ കേന്ദ്രീകരിച്ച് ചില ഗ്രാമങ്ങളില്‍ ഇപ്പോഴും ഐ.എസ് സാന്നിധ്യമുണ്ട്. സൈന്യത്തിനു കരമാര്‍ഗം പൂര്‍ണമായി ഇവിടേക്ക് എത്താനായിട്ടില്ല. മിന്നല്‍ വെടിവയ്പ്പു നടത്തിയും സാധാരണക്കാരെയും സഖ്യസേനയെയും തട്ടിക്കൊണ്ടുപോയും ഇവിടെ ഇടയ്ക്കിടെ ഐ.എസ് സാന്നിധ്യം അറിയിച്ചിരുന്നു.

അതേസമയം, ഐ.എസ്സിനെ പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ലെന്ന് സിറിയയിലെ യു.എന്‍ അംബാസഡര്‍ ബശ്ശാര്‍ ജഅ്ഫരി വെള്ളിയാഴ്ച പറഞ്ഞിരുന്നു. റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ സിറിയന്‍ സൈന്യമാണ് യഥാര്‍ത്ഥത്തില്‍ ഐ.എസ്സിനോട് പോരാടുന്നതെന്നും മറിച്ച് അമേരിക്കന്‍ സഖ്യസേനയല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഐ.എസ്സിനെതിരായ പോരാട്ടം 100 ശതമാനം വിജയം വരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.