2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

എസ്.സി/എസ്.ടി ബില്ല്: കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തെ (എസ്.സിഎസ്.ടി ആക്ട്) ദുര്‍ബലമാക്കിയ സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതിയെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്.

വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവിരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടത്.

ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മാര്‍ച്ച് 20നാണ് എസ്.സിഎസ്.ടി നിയമം ദുര്‍ബലപ്പെടുത്തുന്ന വിധി പുറപ്പെടുവിച്ചത്.

പട്ടികജാതിവര്‍ഗ നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെയായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ പട്ടികവിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമ കേസുകള്‍ ദുര്‍ബലമാവാന്‍ സാധ്യതയുള്ള വിധിയോട് തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ അയഞ്ഞ സമീപനമാണ് സ്വീകരിച്ചത്.

തുടര്‍ന്ന് ബി.ജെ.പിയിലെയും എന്‍.ഡി.എ സഖ്യകക്ഷികളിലെയും കേന്ദ്രമന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെയുള്ള ദലിത് നേതാക്കളുടെ പരസ്യ പ്രതികരണം ഉണ്ടായതോടെയാണ് കേന്ദ്രമന്ത്രിസഭ ഭേദഗതി കൊണ്ടുവന്നത്.

ഭേദഗതി ബില്ല് കഴിഞ്ഞമാസം ആറിന് രാജ്യസഭയും ഒമ്പതിന് ലോക്‌സഭയും പാസ്സാക്കുകയും ചെയ്തു.

സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹരജിയാണ് ഈ വിഷയത്തില്‍ ഇന്നു രണ്ടംഗബെഞ്ച് പരിഗണിച്ചത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.