2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സ്‌കൂള്‍ കലോത്സവത്തിനായി എസ്.എഫ്.ഐയും കെ.എസ്.യുവും

കോഴിക്കോട്: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്തണമെന്ന് എസ്.എഫ്.ഐ. പ്രളയദുരന്തം മുന്‍നിര്‍ത്തി ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി കലോത്സവങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തവനൂരിലും വളാഞ്ചേരിയിലും എം.എസ്.എഫ് വര്‍ഗീയ സംഘടനകളുമായി കൂട്ടുചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ബജറ്റുമായി ബന്ധപ്പെട്ട് സംഘടനക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ഇത് നിയമപരമായി നേരിടും. സംസ്ഥാന ജോ. സെക്രട്ടറി വി.പി ശരത് പ്രസാദ്, കെ.എ സക്കീര്‍, ടി.അതുല്‍, പി.സുജ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കലോത്സവം നടത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കെ.എസ്.യു

കോഴിക്കോട്: സാമ്പത്തിക ധൂര്‍ത്ത് കുറച്ച് ജനകീയ പങ്കാളിത്തത്തോടെ സ്‌കൂള്‍ കലോത്സവം നടത്തണമെന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവവും ആഘോഷവും രണ്ടാണെന്ന ബോധ്യമില്ലാത്തവരാണ് കലോത്സവം വേണ്ടെന്നതരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കലോത്സവം നടത്തിയില്ലെങ്കില്‍ കെ.എസ്.യു പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അഭിജിത്ത് പറഞ്ഞു.

കാരക്കോണം മെഡിക്കല്‍ കോളജിലെ സമുദായത്തിനു സംവരണം ചെയ്ത മാനേജ്‌മെന്റ് ക്വാട്ട സീറ്റിനായി സി.എം.എസ് ആംഗ്ലിക്കന്‍ സഭ ബിഷപ്പ് ഡേവിഡ് വി. ലൂക്കോസ് പത്തുലക്ഷം രൂപ വാങ്ങി ആംഗ്ലിക്കന്‍ സഭാംഗം എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയരക്ടര്‍, ഡി.ജി.പി എന്നിവര്‍ക്കു കെ.എസ്.യു പരാതി നല്‍കിയിട്ടുണ്ട്.

കാരക്കോണം മെഡിക്കല്‍ കോളജ് നടത്തിയ മുഴുവന്‍ അഡ്മിഷനുകളും പുനഃപരിശോധിക്കണമെന്നും അനര്‍ഹരെ പുറത്താക്കണമെന്നും എന്‍ട്രന്‍സ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്നു കെ.എസ്.യു ആവിഷ്‌കരിച്ച ‘സഹപാഠിക്ക് സ്‌നേഹപൂര്‍വം’ പദ്ധതിയില്‍ പുസ്തകങ്ങളുടെയും പഠനോപകരങ്ങളുടെയും വിതരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.ടി നിഹാലും പങ്കെടുത്തു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.