2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

കത്‌വ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

  • വിചാരണ മാറ്റണമെന്ന പിതാവിന്റെ ആവശ്യത്തില്‍ കശ്മീര്‍ സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു
  • ഹരജി ഈമാസം 27ന് വീണ്ടും പരിഗണിക്കും

 

ന്യൂഡല്‍ഹി: കത്‌വയില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് സുപ്രിം കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ കേസ് നോക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്തിനും സുരക്ഷ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

അതേസമയം, കേസിന്റെ വിചാരണ ജമ്മു കശ്മീരില്‍ നിന്ന് മാറ്റി ചണ്ഡീഗഢില്‍ നടത്തണമെന്ന പിതാവിന്റെ ഹരജിയില്‍ കോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞു. കേസ് ചണ്ഡീഗഢിലേക്കു മാറ്റണമെന്ന ഹരജി സര്‍ക്കാരില്‍ നിന്നു മറുപടി ലഭിച്ചശേഷം ഈമാസം 27ന് വീണ്ടും പരിഗണിക്കും.

സംസ്ഥാന പൊലിസിന്റെ അന്വേഷണം തൃപ്തികരണമാണെന്ന് പിതാവിനു വേണ്ടി ഹാജരായ ഇന്ദിര ജയ്‌സിങ് സുപ്രിംകോടതിയില്‍ പറഞ്ഞു. തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, ശാസ്ത്രീയമായ തെളിവിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും ഇന്ദിര ജയ്‌സിങ് സുപ്രിംകോടതിയില്‍ പറഞ്ഞു. സത്യസന്ധമായ വിചാരണ നടത്താന്‍ ജമ്മുകശ്മീരിലെ അന്തരീക്ഷം യോജിച്ചതല്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.

വിചാരണ ജമ്മു കശ്മീരില്‍ നിന്നു പുറത്തു നടത്തണമെന്ന ആവശ്യവുമായി പിതാവ് സുപ്രിം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്, ഇന്നു തുടങ്ങേണ്ടിയിരുന്ന വിചാരണ ജില്ലാ മജിസ്‌ട്രേറ്റ് കോടതി മാറ്റിവച്ചിരുന്നു. ഈമാസം 28ലേക്കാണ് മാറ്റിവച്ചത്.

കേസ് നടത്തുന്നതിനെതിരെ തനിക്ക് ഭീഷണിയുണ്ടെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത് പറഞ്ഞിരുന്നു. തന്നെ ഹിന്ദുവിരുദ്ധയായി മുദ്രകുത്തുന്നുവെന്നും താനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാമെന്നും കൊല്ലപ്പെട്ടേക്കാമെന്നും ദീപിക പറഞ്ഞിരുന്നു. ഇവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുകയാണ് സുപ്രിംകോടതി.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.